മലയാള സിനിമയിൽ കലാഭവൻ മണി ബാക്കി വച്ചിട്ട് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ആണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തി യും വേറിട്ട ഭാവങ്ങളിലൂട് ടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാകൾക്കും പ്രിയപ്പെട്ട നടനായി. മിമിക്രിക്കാരന്‍, നാടന്‍ പാട്ടുകാരന്‍, പിന്നണിഗായകന്‍, നടന്‍ എല്ലാറ്റിനുമുപരിയായി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി എന്നിങ്ങനെ പല തലങ്ങളില്‍ വേറിട്ടു നില്‍കുന്ന വ്യക്തി പ്രഭാവമായിരുന്നു മണിയുടേത്.

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.

പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു.

മിമിക്രി പോലെതന്നെ മണിക്ക് പ്രിയപ്പെട്ടതായിരുന്നു. നാടന്‍ പാട്ടുകളും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെ പാട്ടുകള്‍ കണ്ണീരിന്റെ നനവും ഉപ്പു രസവും കലര്‍ത്തി മണി പുനരാവിഷ്‌കരിച്ചപ്പോള്‍ മലയാളികള്‍ നിറകണ്ണുകളോടെ അതേറ്റുപാടി.നാടന്‍ പാട്ടുകളുള്‍ക്കൊള്ളിച്ചു കൊണ്ട് മണിക്കൂറുകളോളം വേദികളില്‍ വിസ്മയം സൃഷ്ടിച്ചു. ആദ്യമായി നാടന്‍പാട്ടുകള്‍ ആല്‍ബമാക്കി അവതരിപ്പിച്ചതും മണിയായിരുന്നു. സ്വന്തം നാടായ ചാലക്കുടിയില്‍ കണ്ടതും താനനുഭവിച്ചതുമായ കാര്യങ്ങളായിരുന്നു മുഖ്യമായും മണി നാടന്‍പാട്ടു കളിലൂടെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അതിലെല്ലാം ചാലക്കുടിയിലെ സാധാരാണക്കാരുടെ ജീവിതം നിഴലിച്ചിരുന്നു. സ്വന്തം പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ സിദ്ധിവൈഭവമായിരുന്നു നാടന്‍ പാട്ട്.

തമിഴില്‍ മാത്രമല്ല കന്നടയിലും തെലുങ്കിലും മണി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. എല്ലാ ഭാഷയിലുമായി ഏതാണ്ടു മുന്നൂറോളം ചിത്രങ്ങള്‍.സിനിമയുടെ മാസ്മര ലോകത്തില്‍ വിരാജിക്കുമ്പോഴും കടന്നു വന്ന ദുര്‍ഘട പാതകളേയും അന്നും കൂട്ടിനുണ്ടായിരുന്ന തോഴരേയും എല്ലാറ്റിനുമുപരിയായി തന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാരെയും മണി മറന്നില്ല. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

കാണികള്‍ക്കിടയിലേക്കിറങ്ങി മണി പാടി പാതിയാക്കിയ വരികള്‍ കേട്ടു നിന്നവര്‍ ഒരു വരി പോലും തെറ്റാതെ പൂരിപ്പിച്ചു. ആടി പാതിയാക്കിയ ജീവിതം പൂരണങ്ങളില്ലാത്ത സമസ്യയായി ശേഷിക്കുന്നു….

Kalabhavan Mani Images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management