ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലേക്ക് വന്നു, തോറ്റുപോയെന്ന നിമിഷത്തിലാണ് ഞാൻ ഉണ്ണിയെ കാണുന്നത് : സിബി മലയിൽ.

കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ ബിരുദദാന ചടങ്ങില്‍ അതിഥികളായി ഉണ്ണി മുകുന്ദനും സിബി മലയിലും ആണ് എത്തിയത്.അവിടെ വെച്ച് സിബി മലയിൽ ഉണ്ണി മുകുന്ദനെകുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ജനശ്രദ്ധ നേടുന്നത്.സിബി മലയിലിന്റെ വാക്കുകളിലേക്ക്,വേറെ ആരെ േവണമെങ്കിലും ഇവിടെ അതിഥിയായി വിളിക്കാം. പക്ഷേ ഉണ്ണിയെ ഇവിടെ പ്രധാന അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയില്‍ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്. ഒരാളുടെ പിൻബലവും ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്.എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. 

മേപ്പടിയാൻ സിനിമ ഒടിടിയിലാണ് കാണുന്നത്.മേപ്പടിയാൻ സിനിമ നിർമിക്കാനും അതില്‍ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്. അത് ആ കഥയോടുള്ള വിശ്വാസമാണ്. അത് കണ്ട ഓരോരുത്തരുടെയും ഉള്ളത്തെ ഉലയ്ക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാന്‍ ഉണ്ണിക്ക് കഴിഞ്ഞു. കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഉണ്ണിക്കു മെസേജ് അയച്ചു, രണ്ട് ദിവസം മറുപടി ഉണ്ടായില്ല. തിരക്കിനിടയില്‍ എന്റെ മെസേജ് കണ്ടിട്ടുണ്ടാകില്ല എന്നു വിചാരിച്ചു. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് വേറൊരു നമ്പറിൽ നിന്നും ഉണ്ണി എന്നെ വിളിച്ചു. അത് എന്റെ പഴയ നമ്പറാറെന്നും അത് ഉപയോഗിക്കുന്നത് അസിസ്റ്റന്റ്സ് ആണെന്നും പറഞ്ഞു.

ഇത്രയും ദിവസം കഴിഞ്ഞ് വിളിച്ചതിൽ ക്ഷമ പറയുന്നുവെന്നും ഉണ്ണി എന്നോടു പറഞ്ഞു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു.നിങ്ങൾക്കറിയാം ഞാനും ലോഹിതദാസും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ. അദ്ദേഹം നമ്മെ വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുന്‍പ്, വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ പോകുന്ന ഒരു സിനിമയുടെ ചര്‍ച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടില്‍ ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞൊരു കാര്യമുണ്ട്. താന്‍ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്. 

ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്‍റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാള്‍ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. അന്ന് മരണവീട്ടിലെ സന്ധ്യയില്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നു, ‘‘സര്‍ ഞാനാണ് ഉണ്ണി മുകുന്ദന്‍. ലോഹി സാറിന്‍റെ സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകള്‍ ഇല്ലാതെപോയി’’. അങ്ങനെയാണ് ഞാന്‍ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. പക്ഷേ അവിടെ തോറ്റ് പിന്മാറാന്‍ ഉണ്ണി തയ്യാറായില്ല.എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിന്‍റെയും പിന്‍ബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍.

Scroll to Top