ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകനായി ആർ ശ്രീകണ്ഠൻ നായർ.കൊട്ടാരക്കര എംജിഎം സ്കൂളിൽ വെച്ച് നടന്ന ശ്രീകണ്ഠൻ നായർ ഷോയിലൂടെയാണ് ശ്രീകണ്ഠൻ നായർ ഈ അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്… 675 ചോദ്യങ്ങളാണ് ആറു മണിക്കൂറുകളിലായി ശ്രീകണ്ഠൻ നായർ ചോദിച്ചത്.
നീണ്ട ആറു മണിക്കൂറുകൾ വിവിധ വിഷയങ്ങളിൽ ഗഹനമേറിയ സംവാദത്തിനു നേതൃത്വം നൽകിയ ആർ ശ്രീകണ്ഠൻ നായർ ബിബിസി ചാനൽ അവതാരകനായിരുന്ന ഗ്രഹാം നോർട്ടൺ സ്ഥാപിച്ച റെക്കോർഡാണ് തിരുത്തിയെഴുതിയത്. ആറു മണിക്കൂറിൽ 175 ചോദ്യങ്ങൾ ആരാഞ്ഞുകൊണ്ടാണ് ഗ്രഹാം നോർട്ടൺ 2013 ൽ റെക്കോർഡ് സ്ഥാപിച്ചത്.
ചോദ്യ ശരങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ ആർ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് ആഴമേറിയ ഉത്തരങ്ങൾ നൽകികൊണ്ട് ശ്രീകണ്ഠൻ നായർ ഷോയിൽ പങ്കാളികളായ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ ചരിത്രവിജയം. ആറു മണിക്കൂറുകൾ നീണ്ടു നിന്ന ഐതിഹാസിക ടോക് ഷോ തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ട് ഫ്ളവേഴ്സ് ചാനലും ചരിത്രത്തിൽ ഇടം നേടി.