മനസ്സ് നിറച്ച് സൗബിൻ,അമ്പിളിക്ക് ഗംഭീര റിപ്പോർട്ട്.

സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച സോഷ്യല്‍ മീഡിയ പ്രതികരണമാണ് ലഭിക്കുന്നത്.ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണിത്. ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്.ഗപ്പി എന്ന ചിത്രത്തിന് ശേഷം ഇ4 എന്റർട്ടേയ്ൻമെന്റ് നിർമിച്ചു ജോൺ പോൾ ജോർജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമ്പിളി. പ്രധാന കഥാപാത്രം അമ്പിളിയെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നതോടൊപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ടീസറും പാട്ടുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

കശ്മീരിന്റെ തണുത്ത വിസ്മയ കാഴ്ചകളിൽ നിന്ന് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും കശ്‍മീരിന്റെ അതെ തണുപ്പിൽ. സിനിമയുടെ ടൈറ്റലിന് ശേഷം കാണിക്കുന്നത് കട്ടപ്പനയിലെ ഹൈ റേഞ്ചിൽ തിരക്കിട്ട് കളിക്കുന്ന , കാര്യങ്ങൾ ചെയ്യാൻ ഓടുന്ന കുഞ്ഞു മനസുള്ള അമ്പിളിയിലേക്കാണ്. ഇത്തരത്തിലുള്ള ഒരു നായകനെയെല്ലാം മലയാളി പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങി എന്നത് മലയാള സിനിമയുടെ മറ്റൊരു മാറ്റമാണ്. കട്ടപ്പനയിലെ മനോഹര ദൃശ്യങ്ങളിൽ അവന്റെ ചുറ്റുമുള്ള ലോകം നമ്മളെ കാണിക്കുന്നുണ്ട്. അമ്പിളിയെ ഇഷ്ടപ്പെടുന്ന എന്നാൽ ചെറിയ രീതിയിൽ അവനെ പറ്റിക്കുന്ന ചില നാട്ടിൻ പുറത്തുക്കാരെ സംവിധായകൻ നമ്മളെ പരിചയപ്പെടുത്തുണ്ട്. അവന്റെ പ്രണയവും , പ്രണയിനി ടീനയും (തൻവി ) നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബി കുട്ടനും (നവീൻ നസീം ) അവരുടെ കുടുംബവുമാണ് അമ്പിളിയെ അവിടം സ്വർഗമാക്കുന്നത്.

ചിത്രത്തിലെ എല്ലാവരും ഓരോ അടയാളപ്പെടുത്തലാണ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്ന തലങ്ങളുടെ റിയാലിസ്റ്റിക്കായ മുഖമാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന ടീന എന്ന അമ്പിളിയുടെ കാമുകി.
നടി നസ്റിയ നസീമിന്റെ സഹോദരൻ നവിൻ നസീമിന്റെ അരങ്ങേറ്റ ചിത്രമാണിത്. അൽപം അഹങ്കാരമുള്ള ബോബി എന്ന കഥാപാത്രം തന്റെ ആദ്യ ചിത്രമാണെന്ന് തോന്നിപ്പിക്കാത്ത വിധം പക്വമായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. തന്വി റാം, വെട്ടുകിളി പ്രകാശ്, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റ് ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ശരൺ വേലായുധന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ ചിത്രസംയോജനവും ഏറെ മികച്ചതാണ്. മാഷര്‍ ഹംസ ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും ഏറെ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഇ 4 എന്‍റര്‍ടെയ്ൻമെന്‍റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ഇന്ത്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച ട്രാവൽ മൂവീസിൽ പെടുത്താവുന്ന ഒന്ന് തന്നെയാണ് അമ്പിളി. സ്നേഹവും തിരിച്ചറിവും നന്മകളും മാത്രമുള്ള ഒരു കുഞ്ഞു വലിയ ചിത്രം.

Scroll to Top