“കുടുംബത്തോടൊപ്പം സമയം ചിലവിടണം”; അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി ആമിര്‍ ഖാന്‍

അഭിനയ ജീവിതത്തില്‍ നിന്നും തൽകാലം ഇടവേള എടുക്കാനൊരുങ്ങി ആമിര്‍ ഖാന്‍. ഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വച്ചാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. കുറച്ചുകാലം തന്റെ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്നും അതിനാല്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം.

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയായിരുന്നു അദ്ദേഹത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ഇതിനുശേഷം സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ആമിർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു.ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്.‘‘ലാൽ സിങ് ഛദ്ദയ്ക്കു ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയാണ് ‘ചാംപ്യൻസ്’. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. പക്ഷേ എനിക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്. കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 35 വർഷമായി ജോലി ചെയ്യുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ എന്റെ വര്‍ക്കിൽ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്.

എന്നാൽ എന്റെ ഉറ്റവരെ സംബന്ധിച്ചടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചു നിൽക്കേണ്ട സമയം വന്നു കഴിഞ്ഞു. ഇനിയുള്ള കുറച്ച് വർഷങ്ങൾ നടനെന്ന നിലയിൽ എന്നെ കാണില്ല. എന്നെ സ്നേഹിക്കുന്നവർക്ക് ഇത് വിഷമകരമാവാം എങ്കിലും ചാംപ്യൻസ് എന്ന ചിത്രം ഞാൻ നിർമിക്കും. കാരണം എനിക്ക് ഈ സിനിമയിൽ വിശ്വാസമുണ്ട്.എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പുറകെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല.

എന്റെ മാതാപിതാക്കൾ,സഹോദരങ്ങൾ, മക്കൾ, എന്റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ.. അവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ ആയില്ല. എന്റെ മകൾക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലേ അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നത് എനിക്കറിയാം. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു.എനിക്ക് അവളുടെ സ്വപ്നങ്ങളെക്കുറിച്ചോ ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാൽ എന്റെ സംവിധായകരുടെ സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു.’’– ആമിർ ഖാൻ പറഞ്ഞു.

Scroll to Top