മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു ; ‘അമ്മ’യിൽ അംഗമായി ആന്റണി പെരുമ്പാവൂർ.

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇന്നുള്ള നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്‍റെ സാരഥിയായ ആന്‍റണി ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം ‘കിലുക്ക’മാണ്. തുടര്‍ന്ന് ‘മരക്കാര്‍’ വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി സംഘടനയില്‍ അംഗത്വമെടുത്തത്.

മറ്റു സിനിമകളിലേക്ക് ചുവടുമാറ്റുന്നതിനാണോ പുതിയ നീക്കം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങള്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ പേരിൽ നിർമിച്ചിട്ടുണ്ട്. നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും ആന്റണി പ്രവർത്തിച്ചു . ഷാജി കൈലാസ് മോഹന്‍ലാല്‍ നായകനാക്കി ഒരുക്കുന്ന എലോണ്‍ ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ്. മോഹന്‍ലാല്‍ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആശിര്‍വാദിന്‍റേതായി പുറത്തെത്തി.

പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തിയ 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ ആണ് ഈ നിര്‍മ്മാണ കമ്പനിയുടേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട്, 12ത്ത് മാന്‍, ബ്രോ ഡാഡി, മോണ്‍സ്റ്റര്‍, എമ്പുരാന്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണം ആശിര്‍വാദ് തന്നെയാണ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് നിര്‍മ്മിക്കുന്നതും ഈ ബാനര്‍ തന്നെ.നിര്‍മ്മാണക്കമ്പനിയായ ആശിര്‍വാദിന് കേരളത്തിലെ പല ഭാഗങ്ങളിലായി മള്‍ട്ടിപ്ലെക്സ് ശൃംഖലയുമുണ്ട്.

Scroll to Top