‘സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മിന്നൽ മുരളി ഇടിവെട്ട് ആയേനെ’; സംവിധായകൻ ഭദ്രൻ

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് ‘മിന്നൽ മുരളി’. മിന്നൽ മുരളിയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. സിനിമയിലെ ടൊവിനോയെ കണ്ടപ്പോൾ സൂപ്പർമാനെ അവതരിപ്പിച്ച ഹെൻറി കാവിലിനെ ഓർമം വന്നു എന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസിച്ചത്. കുറിപ്പിന്റെ പൂർണരൂപം :

മിന്നൽ മുരളിയിലെ ജെയ്സന് സൂപ്പർമാനിലെ ഹെൻറി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്കളങ്ക സൗന്ദര്യം സൂപ്പർ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതിൽ തെറ്റില്ല. മിന്നൽ മുരളി വരുമ്പോൾ എന്റെ മടിയിൽ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാൻ പൊത്തും.

കൈ തട്ടി മാറ്റി കൊണ്ട് ” അപ്പച്ചായീ ഡോണ്ട് ഡിസ്റ്റർബ്……ഐ വാണ്ട് ടു സീ ദി സൂപ്പർമാൻ….” പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു… ” യു ലൈക്ക് ദിസ് സൂപ്പർഹീറോ ?? ” അവൾ പറഞ്ഞു ” ഹി ഈസ് സൂപ്പർ”. അവിടെ ആണ് ഒരു താരം വിജയിച്ചത്.ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്…. ടോക്സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെർഫോമൻസ് പിഴവ് കൂടാതെ മറുകര എത്തിച്ചു… മലയാളത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റിൽ, ബേസിലിന് എന്റെ അഭിനന്ദനങ്ങൾ. സ്ക്രിപ്റ്റിൽ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, മിന്നൽ മുരളി ഇ ടിവെ ട്ട് ആയേനെ.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ.അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു.ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുവാൻ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗിനെ കൊണ്ടുവന്നതും ഇരുവരുടെയും ശ്രമഫലമായിട്ടാണ്. വളരെയേറെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് ചിത്രത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നൽ മുരളിയുടെ സ്‌പീഡ്‌ ടെസ്റ്റ് ചെയ്യാൻ സാക്ഷാൽ യുവരാജ് സിംഗ് തന്നെ എത്തിയ പ്രോമോയും ഹിറ്റായി തീർന്നിരിക്കുകയാണ്.

Scroll to Top