കുഞ്ഞു വന്നതോടു കൂടി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വയ്ക്കേണ്ടി വരും ; നമ്മുടെ ഇഷ്ടങ്ങൾക്ക് സമയം കൊടുക്കണം : ഭാമ

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്.കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു.കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്.

കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഭാമയുടെ മകളുടെ ഒന്നാം പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു.കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. ഗൗരിയും ഭാമയും അരുണും ഒന്നിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. ഇപ്പോഴിതാ മകൾ ജനിച്ചതിന് ശേഷമുള്ള വിശേഷം പങ്കുവെക്കുകയാണ് ഭാമ. ഒരു അഭിമുഖത്തിലാണ് താരം പങ്കുവെച്ചത്.

‘‘എല്ലാ അമ്മമാരെയും പോലെ, കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോഴാണ് അതെത്ര വലിയ കാര്യമാണെന്ന് തിരിച്ചറിയുന്നത്. ജീവിതം കൂടുതൽ നിറമുള്ളതായി. പോസിറ്റീവായി. വളർച്ചയുടെ ഒാരോ നിമിഷവും ഞാനും അരുണും ആസ്വദിക്കുന്നുണ്ട്. ഒാരോ ഘട്ടവും ഫോട്ടോയെടുത്ത് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. പിറന്നാളാഘോഷവും അതിനു മുൻപ് ബേബി ഷവറുമെല്ലാം പിന്നീടു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നും. അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയതായിരുന്നു. ഞാൻ മാത്രമല്ല, കോവി‍ഡും ഗർഭകാലവും ഒരുപോലെ നേരിട്ട മിക്ക സ്ത്രീകളും ഒരുപാടു മാനസിക സംഘർഷങ്ങൾ അനുഭവിച്ചിട്ടുണ്ടാകും.വീട്ടില്‍ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. കുറച്ചു ദിവസം വീട്ടിലിരുന്നാൽ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാ‍ടും. വിവാഹം കഴിഞ്ഞ് ഞങ്ങൾ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗൺ ആയി.

എന്റെ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി നടന്ന ആളായിരുന്നു ഞാൻ. ജീവിതത്തിലേക്ക് അരുൺ എത്തി. അത് തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ഇതാ മോളുമെത്തി. ഇപ്പോൾ ഞാൻ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം അമ്മു ആണ് തീരുമാനിക്കുന്നത്. അമ്മു വൈകി ഉറങ്ങിയാൽ ഞാനും വൈകും. അരുണിന് പെൺകുഞ്ഞ് വേണമെന്നു തന്നെയായിരുന്നു. ഞങ്ങൾ‌ മൂന്നു പെൺകുട്ടികളായതു കൊണ്ട് സ്വാഭാവികമായും ഒരാൺകുഞ്ഞെന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, പിന്നീടതു മാറി. ആരോഗ്യമുള്ള കുഞ്ഞിനെ തരണേയെന്നാണ് പ്രാർഥിച്ചത്.‘‘കുഞ്ഞു വന്നതോടു കൂടി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വയ്ക്കേണ്ടി വരും എന്നത് ശരിയാണ്. എന്നാൽ മുഴുവനായി മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. നമ്മുടെ ഇഷ്ടങ്ങൾക്ക് സമയം കൊടുക്കണം. അതിനായാണ് ഞാന്‍ യൂട്യൂബ് ചാനൽ തുടങ്ങിയത്- ഭാമ പറയുന്നു.

Scroll to Top