ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് 150 കുടുംബങ്ങൾക്ക് സ്ഥിര സഹായം..മാതൃകയായി ബിജുവിന്റെ ജീവിതം

രോഗികളെ ആശുപത്രിയിലാക്കാനും മരുന്നു വാങ്ങി നൽകാനും സാധനങ്ങൾ എത്തിക്കാനും സൗജന്യ സേവനവുമായി ഉളിക്കൽ അങ്ങാടിയിൽ കഴിഞ്ഞ 12 വർഷമായി ബിജുവുണ്ട്.ഇതിനകം ബിജുവിന്റെ കരങ്ങളിലൂടെ സഹായം എത്തിയത് എഴുനൂറിലേറെ വീടുകളിൽ. സ്‌ഥിരം സഹായമെത്തുന്നത് 150 കുടുംബങ്ങളിൽ.എവിടെയെങ്കിലും കഷ്‌ടപ്പെടുന്നവരുണ്ടെന്ന് അറിഞ്ഞാൽ ബിജു തേടിപ്പോകും. സഹായം കിട്ടേണ്ടവരാണെന്നു ബോധ്യപ്പെട്ടാൽ സഹായം ചെയ്യാൻ ഒരുക്കമുള്ളവരെ തേടി ബിജുവിന്റെ ഓട്ടോ നീങ്ങും. ഉള്ളവരോടു വാങ്ങി ഇല്ലാത്തവരെ സഹായിക്കും അതാണു ബിജുവിന്റെ രീതി.12 വർഷമായി പാവങ്ങൾക്കുള്ള ശുശ്രൂഷയാണ് ബിജുവിന്റെ ജീവിതം. ഒഴിവു കിട്ടുമ്പോൾ ബിജു ജില്ലയിലെ അഗതി മന്ദിരങ്ങളിലെത്തും. അവിടെയുള്ള അന്തേവാസികളുടെ മുടി മുറിച്ചു കൊടുക്കുകയും ഷേവ് ചെയ്‌തു കൊടുക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ സഹായികളില്ലാതെ കഴിയുന്നവരുണ്ടെന്നറിഞ്ഞാൽ അവർക്കു കൂട്ടിരിക്കും.

ഡയാലിസിസ് ചെയ്യേണ്ട രോഗികളുണ്ടെങ്കിൽ അവരെ ആശുപത്രിയിലെത്തിച്ചു വേണ്ടതു ചെയ്‌തു കൊടുക്കും.വാടകപോലും കൊടുക്കാൻ വഴിയില്ലാതെ ദുരിത പൂർണമായ ജീവിതം നയിക്കുന്നവരെ കാണാനിടയായാൽ അവരുടെ വാടക കൊടുക്കാൻ തയാറുള്ള ആരെയെങ്കിലും ബിജു കണ്ടെത്തും. പഠിക്കാൻ വഴിയില്ലാതെ കഴിയുന്ന കുട്ടികൾക്കു സഹായം ചെയ്യാൻ സ്‌പോൺസർമാരെ കണ്ടെത്തിക്കൊടുക്കും. പഠനോപകരണങ്ങൾ നൽകാൻ തയാറുള്ളവരിൽ നിന്ന് അതു വാങ്ങി ആവശ്യക്കാർക്കു നൽകും.വീട് അറ്റകുറ്റപ്പണി നടത്താൻ നിർവാഹമില്ലാതെ അടർന്നു വീഴുന്ന മേൽക്കൂരയ്‌ക്കു കീഴെ കഴിയുന്ന കുടുംബങ്ങളിലും ബിജുവിലൂടെ സഹായമെത്തിയിട്ടുണ്ട്. സ്‌പോൺസർമാരെ കണ്ടെത്തി പതിനഞ്ചോളം വീടുകളുടെ മേൽക്കൂര പുതുക്കി പണിതു കൊടുത്തു. സ്‌പോൺസർമാരുടെ സഹായത്തിൽ 4 വീടുകളും പണിതു നൽകാൻ സാധിച്ചു.