ജാഥവിളിക്കാനും തെരുവിലിറങ്ങാനും ഞങ്ങൾക്ക് നേരമില്ല,അതും നിങ്ങൾക്ക് വേണ്ടിയാണ് ; ഡോക്ടറുടെ വൈറൽ കുറിപ്പ്.

ഞങ്ങൾ ഡോക്ടർമാരാണ്.ഒപ്പം മനുഷ്യന്മാരും.നിങ്ങളെപ്പോലെ തന്നെ ഞങ്ങളെയും കാത്ത് കുടുംബവും ബന്ധുക്കളും കൂട്ടുകാരും ഒക്കെ ഉണ്ട്.ഡ്യൂട്ടിക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരിച്ചു വീട്ടിലെത്താൻ എല്ലാവരും ആഗ്രഹിക്കുന്നു.രാത്രിയെന്നോ പകലെന്നോ വ്യത്യാസം നോക്കാറില്ല.ഉറ്റവരുടെയും ഉടയവരുടെയും കല്യാണത്തിനും വിയോഗത്തിലും, ഓണത്തിനും ക്രിസ്മസിനും, പെരുന്നാളിന് ഒന്നും ചിലപ്പോൾ കാണാറില്ല.അതിൽ ദുഃഖമില്ല, നിരാശയില്ല.വ്യക്തിബന്ധങ്ങൾ ഓരോന്നായി കൊഴിയുമ്പോഴും പോലും അഭിമാനം മാത്രം.ത്യാഗം.വികാരങ്ങളും വിചാരങ്ങളും ചിലപ്പോൾ ബാധിക്കാറില്ല.കാരണം അത്രയേറെ കരഞ്ഞിട്ടുണ്ട്, ഭയന്നിട്ട് ഉണ്ട്.രോഗി മരണത്തോടു മല്ലടിക്കുമ്പോൾ ഡ്യൂട്ടി ടൈം കഴിഞ്ഞോ, ഭക്ഷണം കഴിച്ചോ എന്നൊന്നും നോക്കാറില്ല.ദൈവ വിശ്വാസം ഇച്ചിരി കൂടുതലാണ്.മനുഷ്യന്മാർ എത്രത്തോളം അശക്തരാണ് എന്ന് ഉള്ള തിരിച്ചറിവ് കൊണ്ട് മാത്രം.. മരണത്തെ നേരിട്ടു കാണുമ്പോൾ ആ തിരിച്ചറിവ് കൂടുന്നു.ജനിച്ചാൽ മരണം ഉണ്ട് എന്ന് സ്വന്തം മനസ്സിൽ ഒരായിരം തവണ പറഞ്ഞു പഠിപ്പിക്കും.കാരണം തളരാൻ പാടില്ല.വികാരങ്ങൾ അത് എന്തായാലും അടുത്ത ആൾക്ക് മോശമായി ബാധിക്കാൻ പാടില്ല.അത് പ്രകൃതി നിയമമാണ്.

സുരക്ഷിതമായി ഭയമില്ലാതെ ജീവിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരൻറെയും മൗലികാവകാശമാണ്. അതിലുള്ള കടന്നുകയറ്റം ആർക്കാണ് അനുവദിക്കാൻ സാധിക്കുക.മൗലികാവകാശങ്ങൾ ഉറപ്പുവരുത്തേണ്ട കോടതിയും സർക്കാറും ഒക്കെ ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ മാത്രം അമിത വികാരത്തിൽ വന്നു പോകുന്നതെന്നും, ഡോക്ടർമാരാണ്.ഇത് നിങ്ങളുടെ ജോലിയുടെ ഭാഗമാണ് എന്നും പറഞ്ഞു നിസ്സാരവൽക്കരിക്കുന്നത് കാണുമ്പോൾ പ്രതികരിക്കുക.കൂടെ നിൽക്കുക.ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവൻ പണയപ്പെടുത്തി ആവണം എന്ന് വാശി പിടിക്കരുത്.ജാഥ വിളിക്കാൻ തെരുവിലിറങ്ങാൻ ഞങ്ങൾക്ക് നേരമില്ല.അതും നിങ്ങൾക്ക് വേണ്ടിയാണ്.നിവൃത്തികേട് കൊണ്ട് ഇനി തെരുവിലിറങ്ങേണ്ടി വന്നാൽ അത്രമാത്രം നാണംകെട്ട ഒരു സമൂഹം വേറെ ഉണ്ടാവില്ല.ഞങ്ങളുടെ ഇന്നത്തെ ഈ മൗനം കണ്ടില്ലെന്ന് നടിക്കരുത്.അക്രമികൾ തുലയട്ടെ.അക്രമങ്ങൾ തടുക്കപ്പെടട്ടെ.with all dear Professors.faculties.
Doctors Team, LGB Regional institute of Mental health