രമയുടെ വേർപാടോടെ നഷ്ടപ്പെട്ടത് എൻ്റെ ലോകമാണ്; ഭാര്യയുടെ ഓർമകളിൽ ജഗദീഷ്

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അ ന്തരിച്ച വിവരം നാം എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ ഫോറന്‍സിക് വിഭാഗം മേധാവിയാണ്. 61 വയസായിരുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ നിർണായകമായിരുന്നു.ആറു വർഷത്തെ പാർക്കിൻസൺസ് രോഗകാലത്തോടാണ് ഡോ രമ കഴിഞ്ഞ മാസം ഒന്നിന് വിടപറഞ്ഞത്. തൻ്റെ പ്രിയപത്നിയെ കുറിച്ച് ജഗദീഷ് വനിതയ്ക്ക് നൽകിയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ ;

‘‘എന്റെ രണ്ടാമത്തെ ചേച്ചി വെങ്ങാനൂർ ഹൈസ്കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താംക്ലാസ് പരീക്ഷയുടെ പേപ്പർ വാല്യുവേഷൻ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടിൽ അവ കൊടുക്കാൻ പോയപ്പോൾ കണ്ട കാഴ്ച ഇതാണ്. പറമ്പിൽ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലാക്കുകയാണ് ടീച്ചറുടെ മകൾ. അതു കഴിഞ്ഞ പാടേ അടുക്കളയിലേക്കുള്ളവ പാര കൊണ്ട് പൊതിക്കാൻ തുടങ്ങി. ‘മോൾ എന്ത് ചെയ്യുന്നു’ എന്നു ചോദിച്ചത് അളിയനാണ്. ‘എംബിബിഎസ് ഫൈനൽ ഇയറിന് പഠിക്കുന്നു’ എന്നു കേട്ട് അവർ ഞെട്ടി.വീട്ടിലെത്തിയ പാടേ ‘നമുക്കൊന്ന് ആലോചിച്ചാലോ’ എന്ന ചോദ്യത്തോടെ അളിയൻ എന്നോടു കാര്യമവതരിപ്പിച്ചു. അന്ന് എംജി കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഞാൻ. പെണ്ണുകാണാൻ ചെന്ന എന്നെയും രമയെയും അടുത്തു പിടിച്ചു നിർത്തി ‘മാച്ചിങ് ഉണ്ടോ’ എന്നൊക്കെ നോക്കിയത് എന്നേക്കാൾ തമാശക്കാരിയായ അമ്മയാണ്.

നീറമൺകരയിൽ സ്ഥലം വാങ്ങി ഞാൻ വച്ച കൊച്ചുവീട്ടിലേക്കാണ് രമയെ വിവാഹം കഴിച്ചു കൊണ്ടുവന്നത്. ഹൗസ് സർജൻസി തുടങ്ങിയിരുന്നു അന്ന്. രാവിലെ എട്ടിനു മുൻപ് മെഡിക്കൽ കോളജിലെത്തണം. അടുക്കളയിൽ കയറി ദോശ ചുടാനും ചായയിടാനുമൊക്കെ രമയും കൂടും, പിന്നെ ബസ് പിടിക്കാനോടും. പഠനം പൂർത്തിയാക്കി ആദ്യം വിഴിഞ്ഞം പ്രൈമറി ഹെൽത് സെന്ററിൽ അസിസ്റ്റന്റ് സർജനായി ജോലിക്ക് കയറി. അപ്പോഴേക്കും ഞാനൊരു സ്കൂട്ടർ വാങ്ങി. രമയെ കൊണ്ടു വിട്ടിട്ടാണ് ഞാൻ കോളേജിലേക്ക് പോകുക. ഫൊറൻസിക് വിഭാഗത്തിൽ ജോലി ചെയ്തതോടെയാണ് അതിൽ തന്നെ പിജി ചെയ്യാൻ തീരുമാനിച്ചത്.എല്ലാ ദിവസവും വെളുപ്പിന് നാലിന് രമ ഉണരും. നേരേ ഹെൽത് ക്ലബ്ബിലേക്ക്. തിരികെയെത്തി പ്രാതലും ഉച്ചഭക്ഷണവും അടക്കമുള്ളവ തയാറാക്കി ടിഫിൻ പാക്ക് ചെയ്യും. സർവീസിൽ കയറുമ്പോൾ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു രമ. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. സർവീസും റാങ്കും വച്ച് എഡിജിപി പോസ്റ്റിന് തുല്യമാണ് അത്. മികച്ച അധ്യാപികയായിരുന്നു രമ. 200 കുട്ടികളുള്ള ക്ലാസിൽ പഠിപ്പിക്കുമ്പോഴും മൈക്ക് ഉപയോഗിക്കില്ല. ഇടയ്ക്ക് കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കും.

വൈകിട്ട് അത്താഴം തയാറായാൽ കുളിച്ചു ലിവിങ് റൂമിൽ വരും. അടുത്ത സീനാണ് രസം. മക്കൾ പഠിച്ചോ എന്നു ടെസ്റ്റ് ചെയ്യാനായി ചോദ്യങ്ങൾ ചോദിക്കും. അവർ മറുപടി പറയുമ്പോഴേക്കും രമ ഉറക്കം തൂങ്ങും. ഞായറാഴ്ച മാത്രമാണ് ഒരു മണിക്കൂർ പകലുറക്കം. അതു കഴിഞ്ഞാൽ സ്വിച്ചിട്ടതു പോലെ എണീറ്റു വന്ന് തുണികൾ തേക്കും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചില്ല.ഒരു സിനിമയ്ക്ക് എത്ര പ്രതിഫലം കിട്ടും എന്ന് രമയ്ക്ക് അറിയില്ല. പക്ഷേ, പണം അമിതമായി ചെലവിടുന്നത് വിഷമമാണ്. കോവളത്തു പോയി ബീച്ചും സൂര്യാസ്തമയവും കടലും ഒക്കെ കാണാൻ രമയ്ക്ക് വലിയ ഇഷ്ടമാണ്. ഒരിക്കൽ അവിടെ ഹോട്ടലിൽ നിന്നു ഭക്ഷണവും കഴിച്ചു. ബില്ല് വന്നപ്പോൾ രമ കണ്ണുരുട്ടി. അടുത്ത പ്രാവശ്യം ബീച്ചിൽ പോകാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ രമ പറഞ്ഞു, ‘ബീച്ചിൽ പോകാം, ജ്യൂസും കുടിക്കാം. പക്ഷേ, ഭക്ഷണം വേറെ ഹോട്ടലിൽ നിന്നു മതി.’കാറെടുത്ത കാലത്തും രമ നിബന്ധന വച്ചു, ‘ആഴ്ചയിൽ മൂന്നു ദിവസമേ കാർ എടുക്കു, ചെലവു ചുരുക്കണമല്ലോ.’ സ്വന്തം ഇഷ്ടത്തിനാണ് രമ ഡ്രൈവിങ് പഠിച്ചത്. പിന്നീട് എന്നേക്കാൾ നല്ല ഡ്രൈവറുമായി.

രോഗത്തിൻ്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു രമ. ‘ഞാൻ ചെയ്ത കർമം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ‘തീരെ ചെറിയ കുട്ടികൾക്കൊക്കെ മാരകരോഗങ്ങ ൾ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്’ എന്നു താൻ മറുചോദ്യം ചോദിക്കും. എങ്കിലും രമ കേട്ട ഭാവം നടിച്ചില്ല. അപ്പോൾ തനിക്കൊരു തമാശ തോന്നിയത് പറഞ്ഞത് ഇങ്ങനെയായിരുന്നു.‘മ രണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാൻ പറ്റില്ല’ എന്ന് രമയോട് താൻ പറഞ്ഞു. അവൾ ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി. ‘നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കില്ലേ’ എന്നു പറഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചപ്പോഴും അവൾ ചിരിക്കാതെ മൗനമായി ഇരിക്കുകയായിരുന്നു. ആ മൗനത്തിൻ്റ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേർപാടോടെ നഷ്ടപ്പെട്ടത് എൻ്റെ ലോകമാണ്. ജഗദീഷ് ഇടറുന്ന സ്വരത്തോടെ പറഞ്ഞു.രോഗം മൂർച്ഛിച്ചത് രണ്ടു വർഷത്തിനിടെയാണ്. മിക്കവാറും കിടപ്പു തന്നെയായിരുന്നു. ലിവിങ് റൂമിൽ തന്നെയാണ് രമ കിടന്നിരുന്ന കട്ടിൽ. കൊച്ചുമക്കളൊക്കെ ബെഡിൽ കയറി കിടക്കുമായിരുന്നു. ഞങ്ങൾ വഴക്കു പറയുമ്പോൾ രമ അവരെ കെട്ടിപ്പിടിക്കുകയായിരുന്നു ചെയ്തിരുന്നത്. മരുന്നുകൾ മുടക്കിയില്ല, മൂന്നു ദിവസത്തിൽ ഒരിക്കൽ ഫിസിയോ തെറപ്പിസ്റ്റ് വീട്ടിൽ വന്ന് എക്സർസൈസ് ചെയ്യിച്ചിരുന്നു.

ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് രമയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.അന്നു രാവിലെയും രമ നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളിൽ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്ത ശേഷമാണ് ഞാൻ ഒന്ന് മുകളിലേക്ക് പോയത്. അപ്പോൾ തന്നെ താഴെ നിന്ന് സഹായി വിളിക്കുകയായിരുന്നു. രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ് ഇറങ്ങിവരുമ്പോൾ കാണുന്നത് . മോളും ഭർത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാർഡിയാക് അറസ്റ്റ് ആയിരുന്നു. ജഗദീഷ് പറഞ്ഞു.വർഷങ്ങൾക്കു മുൻപ് പെട്ടെന്നൊരു ദിവസം രമയുടെ ഒപ്പിനു നീളം കുറഞ്ഞതായി തോന്നി. കൈകൾക്ക് വഴക്കം കുറയുന്നതിൻ്റെ ആദ്യ ലക്ഷണമായിരുന്നു അതെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്. നടക്കാനും ജോലികൾ ചെയ്യാനുമൊക്കെ പിന്നീടു ബുദ്ധിമുട്ടായിത്തുടങ്ങി. രമയുടെ രോഗത്തിൽ പാർക്കിൻസൺസിൻ്റെയും മോട്ടോ ന്യൂറോൺ ഡിസീസിൻ്റെയും ലക്ഷണങ്ങളും ഉണ്ടായിരുന്നു. പിന്നെ സെറിബെല്ലത്തിൻ്റെ പ്രവർത്തന തകരാറുമുണ്ടായിരുന്നു.ആദ്യം ചികിത്സിച്ചത് വെല്ലൂരിലെ ഡോ. മാത്യു അലക്സാണ്ടർ ആണ്. ‘വീഴാൻ സാധ്യതയുണ്ട്, വാക്കിങ് സ്റ്റിക്കോ വീൽചെയറോ ഉപയോഗിക്കണ’മെന്ന നിർദ്ദേശമുണ്ടായിരുന്നിട്ടും രമ അതിനു സമ്മതിച്ചിരുന്നില്ല. 64 പടികൾ കയറി വേണം ഡിപാർട്‌മെന്റിലേക്ക് എത്താൻ. കൂടെ ചെല്ലാമെന്ന് പറഞ്ഞാൽ അനുസരിക്കാൻ കൂട്ടാക്കാറില്ലായിരുന്നു. അവൾ മുകളിലെത്തും വരെ ചങ്കിടിപ്പോടെ നോക്കി നിന്നിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു.രമയുടെ മറ്റൊരു മുഖം കണ്ടത് കൊച്ചുമക്കൾ വന്നപ്പോഴാണ് . ‘സ്കൂൾ തുറക്കുന്നതിനു മുൻപേ തന്നെ പുസ്തകങ്ങളും ഒരു വർഷത്തേക്കുള്ള നോട്ടുബുക്കുകളും വാങ്ങി പൊതിയും.

എന്നെ കൊണ്ടാണ് ബുക്കിൽ പേരെഴുതിക്കുന്നത് ‘നല്ല കയക്ഷരം ചേട്ടൻ്റെയാണ്’ എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്. മൂത്ത മകൾ രമ്യയ്ക്ക് ഇംഗ്ലിഷ് അധ്യാപിക ആകണം എന്നായിരുന്നു മോഹം. ഡോക്ടർ എന്ന സ്വപ്നം കൊടുത്തത് രമയായിരുന്നു.അവൾ ഫാർമക്കോളജിയിലും ഇളയവൾ സൗമ്യ സൈക്യാട്രിയിലും പിജി കരസ്ഥമാക്കി. രമ്യയ്ക്കു വേണ്ടി ഒരു ഐപിഎസുകാരനെ കണ്ടുപിടിക്കണമെന്ന മോഹം കൊണ്ടാണ് ചെന്നൈയിൽ ജോയിൻ്റ് കമ്മിഷനറായ നരേന്ദ്രൻ മരുമകനായി വന്നത്. സൗമ്യയ്ക്കു വേണ്ടി പിജി ഉള്ള ഡോക്ടറെ മതി എന്നായിരുന്നു നിബന്ധന. അവസാനകാലത്ത് രമയെ ചികിത്സിച്ചത് ന്യൂറോളജിസ്റ്റായ മരുമകൻ പ്രവീണാണ്.രമ്യയുടെ മക്കളായ എട്ടാം ക്ലാസുകാരി കാർത്തികയ്ക്കും ഒന്നാം ക്ലാസുകാരൻ കാർത്തിക്കിനും സൗമ്യയുടെ മകൾ ഒന്നാംക്ലാസുകാരി പ്രാർഥനയ്ക്കും രമ എന്നാൽ ജീവനാണ്. അമ്മൂമ്മയെ പോലെ ഡോക്ടറാകണം എന്നാണ് കാർത്തികയുടെ സ്വപ്നമെന്നും മുത്തച്ഛൻ്റെ സ്നേഹത്തോടെ ജഗദീഷ് ഓർത്തു.

Scroll to Top