പൊള്ളലേറ്റ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട ഷാഹിനയ്ക്ക് ചികിത്സ സഹായവുമായി മമ്മൂക്ക !!!

കുഞ്ഞുനാളിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പഠിച്ചു ഡോക്ടറായ ഷാഹിനയ്ക്ക് വിദദ്ധ ചികിത്സയ്ക്ക് മമ്മൂക്കയുടെ കൈത്താങ്ങ്. വിഷ്ണു സന്തോഷ്‌ എന്ന ഫോട്ടോഗ്രാഫർ ആമ്പൽ കുളത്തിൽ വെച്ച് പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ഷാഹിനയുടെ കഥ മമ്മൂക്കയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മമ്മൂക്കയുടെ നേതൃത്വത്തിലുള്ള പതഞ്‌ജലി ആയുർവേദ ചികിത്സ കേന്ദ്രത്തിൽ സൗജന്യ ചികിത്സ ഒരുക്കാമെന്നു അറിയിക്കുകയായിരുന്നു.

കുറ്റിപ്പുറത്താണ് പ്രധാന ചികിത്സാലയമെങ്കിലും കൊച്ചിയിലും മമ്മൂക്കയുടെ സംരംഭത്തിന് സെന്ററുണ്ട്.കൊച്ചിയിലെ സെന്ററിലെത്തി ഡോക്ടറെ കാണാൻ മമ്മൂക്ക മാനേജിങ് ഡയറക്ടർ വഴി അറിയിച്ച പ്രകാരം ഞാനും വാപ്പച്ചിയും ഡോക്ടറെ പോയി കണ്ടു. അവിടെവച്ച് ഡോക്ടറുടെ ഫോണിലൂടെ മമ്മൂക്കയോട് സംസാരിക്കാനായി. ‘നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്’ എന്ന് മമ്മൂക്ക പറഞ്ഞു. അഞ്ച് വയസ്സുള്ളപ്പോൾ കറന്റ് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്ക് വച്ച് പഠിക്കുകയായിരുന്നു ഷാഹിന. വിചാരിച്ചിരിക്കാതെ വിളക്ക് കൈ തട്ടി മടിയിലേക്ക് വീണു. ധരിച്ചിരുന്നത് പോളിസ്റ്റർ വസ്ത്രമായതിനാൽ തീ പെട്ടെന്ന് ആളിപ്പിടിച്ചു. ദേഹമാസകലം പൊള്ളലേറ്റു. ഭാഗ്യത്തിന് ജീവൻ തിരികെ കിട്ടി. പിന്നീടങ്ങോട്ട് വേദനയുടെയും ശസ്ത്രക്രിയകളുടെയും നാളുകളായിരുന്നു ഷാഹിനയ്ക്ക്.

കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സയിലധികവും.ഈ സംഭവത്തെ തുടർന്ന് സ്ക്കൂളിൽ ഒരു വർഷം വൈകിയാണ് ചേർത്തത്. സ്ക്കൂൾ കാലവും ശസ്ത്രക്രിയകൾ നടന്നിരുന്നു. അക്കാലത്ത് മുഖമുയർത്തി സംസാരിക്കാൻ മടിയായിരുന്നു എന്ന് ഷാഹിന പറയുന്നു. പുറത്തിറങ്ങി നടക്കാൻ മടിയായിരുന്നു. പക്ഷേ, തന്നെ താനാണ് ആദ്യം സ്നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും എന്ന തിരിച്ചറിവിൽ ഷാഹിന പഠിച്ചു തുടങ്ങി. എൻട്രൻസ് എഴുതി മെഡിസിന് അഡ്മിഷൻ നേടി.

പിഎസ്‌സി എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടുകയും ചെയ്തു. ഇപ്പോൾ തൃപ്പൂണിത്തുറയിലുള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ് ഷാഹിന. ‘‘പൊള്ളലേറ്റിട്ട് വർഷങ്ങൾ കഴിഞ്ഞത് ചികിത്സയ്ക്ക് അല്പം പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എങ്കിലും പരമാവധി ശ്രമിക്കാം എന്നാണ് മമ്മൂക്ക പറഞ്ഞത്. വളരെ പ്രതീക്ഷയിലാണ് ഞാൻ.’- ഡോ. ഷാഹിന പറയുന്നു.

Scroll to Top