‘ആ മകന്‍ അച്ഛനെ ഉപേക്ഷിച്ചു പോയതല്ല’; ഫാ.സന്തോഷ് പറയുന്നു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു ‘അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ’ .ഫോട്ടോ വൈറലായതോടെ ആ മകനെ പഴിച്ചു കൊണ്ട് നിരവധിപേർ എത്തി. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ ഫോട്ടോയ്ക്ക്ക് പിന്നിലെ സത്യാവസ്ഥ പങ്കുവെക്കുകയാണ് ഫോട്ടോയെടുത്തു പോസ്റ്റ് ചെയ്ത ബത് സേഥായുടെ നടത്തിപ്പുകാരൻ ഫാ. സന്തോഷ് .

അച്ഛനെ ഒറ്റയ്ക്കാക്കി ജോലിയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെയാണ് അവരുടെ നിർദേശപ്രകാരം പിതാവിനെ ബത് സേഥായിൽ എത്തിച്ചത്. പത്തനംതിട്ട തുമ്പമണ്ണിനടുത്തു പുന്നകുന്നിലാണ് ബത് സേഥാ പ്രവർത്തിക്കുന്നത്. സംഭവത്തെ കുറിച്ച് ഫാ. സന്തോഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പിതാവിനെ ഒരു അനാഥാലയത്തിലാക്കി പോകുന്നതിന്റെ എല്ലാ വിഷമവും ആ മകനുണ്ടായിരുന്നു. മകൻ യാത്ര പറഞ്ഞ് ഓട്ടോയിൽ കയറുമ്പോഴുള്ള പിതാവിന്റെ നിസ്സഹായത നിറഞ്ഞ നോട്ടമാണ് ആ ചിത്രത്തിലുള്ളത്.

കുറിപ്പിന്റെ പൂർണരൂപം :

ഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം..പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തൻ്റെ സ്വന്തം മകൻ… മകൻ്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്… ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും..പക് ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല… തനിച്ചുമായിരിക്കില്ല… 85 വയസുള്ള എൻ്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച്ച കാണുന്നുണ്ടായിരുന്നു.ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്.. എൻ്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി… ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു….

Scroll to Top