ഒന്നരപതിറ്റാണ്ട് വീട്ടിലിരിക്കേണ്ടി വന്നയാളാണ് ഞാൻ !!!നിങ്ങളോട് വെറും 21ദിവസമല്ലേ പറയുന്നുള്ളു – ഫാത്തിമ അസ്‌ല – കുറിപ്പ്

ഇതുവരെയുള്ള ജീവിതത്തിൽ ബഹുഭൂരിഭാഗവും വീട്ടിലും കട്ടിലിലും വീൽച്ചെയറിലും കഴിഞ്ഞ ഒരു 23 വയസുകാരി തൊഴുകയ്യോടെ പറയുകയാണ്.അതിജീവനത്തിന്റെ കാലത്ത് പോരാട്ടം മാത്രം കൈമുതലായ ഫാത്തിമ അസ്‌ല മനോരമ ന്യൂസ് ഡോട്ട്കോമിലൂടെ മലയാളിയോട് അഭ്യർഥിക്കുന്നു.

‘എനിക്ക് പേടിയുണ്ട്. വെറും 21 ദിവസം മാത്രം വീട്ടിലിരിക്കൂ എന്നാണ് പറയുന്നത്. പക്ഷേ അത് കേൾക്കാതെ പലരും നിരത്തിലിറങ്ങുന്നു. പൊലീസ് കഴിവതും കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും വാർത്തകൾ വരുന്നു. ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഒരുപാട് നാൾ എന്റെ വീടും മുറിയും കട്ടിലുമായിരുന്നു എന്റെ ലോകം. എന്നെ ഒന്നോർത്ത് നോക്കൂ. അത്രകാലം ഒന്നു പറയുന്നില്ലല്ലോ വെറും ദിവസങ്ങളല്ലേ..അൻപത് തവണ എല്ലുകൾ നുറുങ്ങിപോയ ഒരാളാണ് ‍ഞാൻ. ആ അവസ്ഥയിലും എനിക്ക് വീട്ടിനുള്ളിൽ ചെയ്യാൻ ഒരുപാടുണ്ടായിരുന്നു. വായിക്കണം, എഴുതണം, വീട്ടുള്ളവരുടെ മുഖത്ത് നോക്കണം, വീട്ടിന് പുറത്തുള്ള കാഴ്ചകൾ നോക്കണം. നല്ല ഭക്ഷണം വീട്ടിൽ ഉണ്ടാക്കണം. അത് എല്ലാവരോടും ഒരുമിച്ചിരുന്ന് കഴിക്കണം. അങ്ങനെയുണ്ടാക്കുന്ന ഭക്ഷണം തൊട്ടടുത്ത് പട്ടിണിയായി പോയ ഒരാളുണ്ടാകും അയാൾക്ക് കൊടുക്കണം. അങ്ങനെ എണ്ണിയാൽ തീരാത്ത എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.

ഫാത്തിമ അസ്‌ലയുടെ ഫേസ്ബുക് പോസ്റ്റ്‌:

ഭയമുണ്ട്…. കൊറോണയെ കുറിച്ച് ഓർത്ത് മാത്രമല്ല.. fracture വന്നാൽ മാസങ്ങളോളം ബെഡിൽ അനങ്ങാതെ കിടക്കുന്ന എനിക്ക് 21 ദിവസം റൂമിൽ ഇരിക്കുക എന്നത് ഒരു ബുദ്ധിമുട്ടുമില്ല.. പക്ഷെ ഒരു മനുഷ്യനും പട്ടിണി കിടക്കുന്നത് ഓർക്കാൻ പോലും പറ്റില്ല.. ഗവണ്മെന്റ് മുന്നിലുണ്ട്, വേണ്ടത് ചെയ്യുമെന്ന് നല്ല ബോധ്യമുണ്ട്..എങ്കിലും പണ്ട് എപ്പഴൊക്കെയോ വിശപ്പ് അറിഞ്ഞത് കൊണ്ടും ഒരു കുഞ്ഞും വിശന്ന് കരയരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ടുമാണ് വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറയുന്നത്.. BPL കാരെ മാത്രം തിരഞ്ഞു പിടിച്ചു സഹായിക്കുമ്പോൾ ഒരുപക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് APL ആയവരുണ്ടാവും.. മോശമല്ലാത്ത വീടും ചുറ്റുപാടും ഉള്ളവരുണ്ടാവും, പുറം നാട്ടിൽ നിന്ന് ഇവിടേക്ക് ജോലിക്ക് വന്ന് തിരിച്ചു പോവാൻ കഴിയാത്തവരുണ്ടാവും, തെരുവിൽ ആരെങ്കിലും വന്ന് സഹായിക്കുമെന്ന് ഓർത്ത് കാത്തിരിക്കുന്നവരുണ്ടാവും..ഭക്ഷണം കൊടുക്കുമ്പോൾ ഇങ്ങനെയുള്ള ആളുകളെ കുറിച്ച് കൂടി ഓർക്കണേ… നമ്മുടെ അയൽവീടുകളിൽ അടുപ്പ് കത്തുന്നുന്നുണ്ടോ എന്ന് നോക്കണേ..

വയർ നിറയെ ഭക്ഷണം കഴിച്ച്, സുരക്ഷിതയായി ഒരു സ്ഥലത്ത് ഇരുന്ന് ഇത്പോലെ ഒരു പോസ്റ്റ്‌ എഴുതുന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ട്.. പക്ഷെ നിസ്സഹായാണ്.. ഒരു വയറും വിശപ്പ് അറിയരുതേ എന്ന പ്രാർത്ഥന മാത്രമേ തരാൻ കഴിയുള്ളു….
#ഈസമയവുംകടന്ന്പോവും #നമ്മൾഇതുംഅതിജീവിക്കും

Scroll to Top