പ്രണവിന്റെ ഹൃദയം എന്നും പ്രേക്ഷക ഹൃദയത്തിലേക്ക്, മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ ഹൃദയം മുന്നോട്ട്.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റുകൾ ഹൌസ് ഫുൾ ആണ്.വിനീത് തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം. അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഹൃദയം സഞ്ചരിക്കുന്നത്. അയാളുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൂടെയോ സമയത്തിലൂടെയോ സഞ്ചരിച്ചു കഥ പറയുന്ന ചിത്രം എന്ന് നമുക്ക് ഹൃദയത്തെ വിശേഷിപ്പിക്കാം.

അരുണിന്റെ കൗമാര- യൗവന കാലഘട്ടങ്ങളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ഈ ചിത്രം അയാളുടെ പ്രണയവും സൗഹൃദവും കുടുംബവും ആ വ്യക്തിയുടെ വൈകാരികമായ വളർച്ചയും യാത്രയും നമ്മുക്ക് കാണിച്ചു തരുന്നു. അയാളുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനമാകുന്ന ദർശനയും നിത്യയുമായി ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് എത്തിയിരിക്കുന്നത്. ഇവരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ചേർന്ന് കിടക്കുന്നു എന്നതും അതിലൂടെയെല്ലാം അരുൺ എന്ന വ്യക്തി എങ്ങനെ രൂപപ്പടുന്നു എന്നും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്.ദർശന ഒരിക്കൽ കൂടി തന്റെ വേഷം അനായാസമായും അതുപോലെ മനസ്സിൽ സ്പർശിക്കുന്ന തരത്തിലും ചെയ്തു കയ്യടി നേടിയപ്പോൾ കല്യാണി പ്രിയദർശൻ തന്റെ ശൈലിയിൽ സ്‌ക്രീനിൽ കൊണ്ട് വന്ന തിളക്കം ഒന്ന് വേറെ തന്നെയാണ്. മറ്റു പ്രധാന വേഷങ്ങൾ ചെയ്ത അജു വർഗീസ്, വിജയരാഘവൻ, അശ്വത് ലാൽ, ജോണി ആന്റണി, മറ്റു പുതിയ താരങ്ങൾ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു കഥാപാത്രത്തെയാണ് അശ്വത് ലാൽ അവതരിപ്പിച്ചത്.അഭിനേതാക്കളുടെഗംഭീര പ്രകടനം മുതൽ സാങ്കേതിക പ്രവർത്തകരുടെ മനോഹരമായ സംഭാവനകൾ വരെ അതിനു ഈ ചിത്രത്തെ സഹായിച്ചിട്ടുണ്ട്..

വിനീത് ശ്രീനിവാസൻ എന്ന രചയിതാവിന്റേയും സംവിധായകന്റേയും ഏറ്റവും മികച്ച ചിത്രം എന്ന് ഹൃദയത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു സംവിധായൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും വിനീത് കൈവരിച്ച വളർച്ചയും കയ്യടക്കവുമെല്ലാം ഹൃദയത്തെ മനോഹരമാക്കി മാറ്റി. പ്രേക്ഷകരെ കഥയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോയി, അവരെ ആ കഥയുടെ ഭാഗമാക്കി, കഥാപാത്രങ്ങളുടെ വൈകാരികമായ യാത്രക്കൊപ്പം ചേർത്ത് നിർത്തുന്ന ഒരു മാജിക് ആണ് ഈ ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്. അതിനു വിനീതിന്റെ രചനയിൽ ഉണ്ടായിരുന്ന സത്യസന്ധതയും അതുപോലെ അദ്ദേഹം ഒരുക്കിയ ദൃശ്യ ഭാഷക്ക് ഉണ്ടായിരുന്ന ഒഴുക്കും ലാളിത്യവും കാരണമായി. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തൊടുന്നു എന്ന് മാത്രമല്ല, ചിത്രം കണ്ടിറങ്ങുമ്പോൾ ഹൃദയം എന്ന ഈ ചിത്രം അവരുടെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന എന്തെങ്കിലുമൊന്ന് ഓരോരുത്തർക്കും നൽകുന്നുമുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

അതിമനോഹരമായ ദൃശ്യങ്ങൾ, ചിത്രത്തിന്റെ വ്യത്യസ്ത വൈകാരിക തലങ്ങൾക്കും മൂഡിനോടും ചേർന്നുനിന്നു കൊണ്ട് സമ്മാനിച്ച വിശ്വജിത് എന്ന ക്യാമറാമാനും, ആ ദൃശ്യങ്ങളുടേയും ഹിഷാമിന്റെ സംഗീതത്തിന്റെയും ഫിഞ്ചും താളവും ഒഴുക്കും നഷ്ടപ്പെടാതെ ഈ ചിത്രം എഡിറ്റ് ചെയ്ത രഞ്ജൻ എബ്രഹാം എന്ന എഡിറ്ററും നൽകിയ സംഭാവന വളരെ വലുതും നിർണ്ണായകവുമാണ്.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിലെ ഗാനങ്ങൾ ആണ്. പതിനഞ്ചു പാട്ടുകൾ ഒരു സിനിമയിൽ വരിക എന്നത് അപൂർവവും അസ്വാഭാവികവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പാട്ടുകൾ ഒന്നിന് പുറകെ ഒന്നായി കയറി വന്നാൽ അത് സിനിമയുടെ ഒഴുക്കിനെ മുതൽ പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ താളത്തെ വരെ ബാധിക്കാം. എന്നാൽ ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ പതിനഞ്ചു ഗംഭീരമായ ഗാനങ്ങൾ ഈ ചത്രത്തിന്റെ ആത്മാവായി മാറി. അത്രമാത്രം ഈ ചിത്രത്തിന്റെ കഥ പറച്ചിലിനെ സഹായിച്ചിട്ടുണ്ട് ആ ഗാനങ്ങൾ. മനോഹരമായി ആ ഗാനങ്ങൾ ചിത്രത്തിൽ ചിത്രീകരിച്ച വിനീത് ശ്രീനിവാസനും അഭിനന്ദനം അർഹിക്കുന്നു.

VIDEO

Scroll to Top