വയർ കൂട്ടാൻ സെറ്റിൽ പ്രത്യേക ഭക്ഷണം ; മുഖത്തല്ല എന്റെ വയറിലാണ് മണിരത്നം വ്യത്യാസം നോക്കിയത്: ജയറാം !!

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്.

ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്. ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെല്‍വനിൽ നടൻ ജയറാമുമുണ്ട്.ചിത്രത്തിലെ ആദ്യ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ്‌ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നടന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തേക്കുറിച്ച് നടൻ ജയറാമിന്റെ വാക്കുകൾ.’പൊന്നിയിൻ സെൽവനി’ൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാമെത്തുന്നത്. തല മുണ്ഡനം ചെയ്ത് കുടവയറുള്ള കഥാപാത്രമാണിത്.

‘‘മണിരത്നം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും. നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫിസിൽ വിളിച്ച് വരുത്തിയപ്പോൾ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ‘‘ജയറാം ഇപ്പോൾ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുൻപ് ശരിയാക്കണം’’ എന്ന് പറഞ്ഞു. ഞാൻ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം.സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു.

തായ്‌ലൻഡായിരുന്നു ലൊക്കേഷൻ. പുലർച്ചെ മൂന്നരയ്ക്ക് ഷൂട്ടിങ്ങിന് പോകും. വൈകിട്ട് ആറുമണിക്ക് തിരിച്ചെത്തുമ്പോൾ ജയം രവിയും കാർത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂർ ജോലിയും ചെയ്ത് പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടു പേരും രാത്രി പത്തു മണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇരുവരും. എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം, അവർക്ക് വയർ ഉണ്ടാകാൻ പാടില്ല.’’–ജയറാം പറഞ്ഞു.വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.ആദ്യഭാ​ഗം സെപ്തംബർ 30-ന് റിലീസ് ചെയ്യും.

Scroll to Top