ദിലീപിന്റെ ആഗ്രഹം സിഐഡി മൂസ രണ്ടാം ഭാഗം, മമ്മൂക്കയെ ഡാൻസ് കളിപ്പിക്കാൻ പഠിപ്പിച്ച സംവിധായകൻ : ജോണി ആന്റണി

ഹോം എന്ന സിനിമയിലെ ജോണി ആന്റണിയുടെ കഥാപാത്രത്തെ എല്ലാവരും വളരെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. സംവിധായകനും നടനും കൂടിയായ ഇദ്ദേഹം തന്റെ സിനിമ ജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്,തുറുപ്പു ഗുലാനി’ൽ മമ്മൂക്ക ഡാൻസ് പഠിക്കുന്നതായി മനഃപൂർവം അവതരിപ്പിച്ചതാണ്. ഒരിക്കലും പഠിക്കാത്ത പണിക്കു പോയിരിക്കുകയാണെന്ന് അതിൽ പറയുന്നുണ്ട്. എന്റെ 4 ചിത്രങ്ങളിലും മമ്മൂക്ക നൃത്തം ചെയ്യുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ഡാൻസ് ഒരുക്കിയ ദിനേശ് മാസ്റ്റർക്കാണ്. വലിയ നടനാണെങ്കിലും എന്റെ സിനികളിൽ അദ്ദേഹം ആസ്വദിച്ചാണ് അഭിനയിച്ചിരുന്നത്. എന്നിൽ നിന്നു വലിയ സംഭവങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. പതിവു ശൈലിയിലുള്ള തമാശപ്പടം ആണ് അദ്ദേഹത്തിനു വേണ്ടത്.ഈശ്വരാനുഗ്രഹം… പ്രീഡിഗ്രിക്കു ശേഷം ഞാൻ പ്രൈവറ്റ് ബസിൽ കണ്ടക്ടറായിരുന്നു. ചങ്ങനാശേരി–കാഞ്ഞിരപ്പള്ളി–എരുമേലി റൂട്ടിൽ ഒരു വർഷം ഓടി. തുടർന്നു ചെന്നൈയിലെത്തി ഒരു വർഷത്തോളം അലഞ്ഞു.10 സംവിധായകരുടെ സഹായിയായി. ഞാൻ പറയുന്ന തമാശ കേട്ട് ആളുകൾ ചിരിക്കാറുണ്ട്. സംവിധായകനും നടനുമായപ്പോൾ ഹാസ്യത്തിൽ തിളങ്ങിയത് അതുകൊണ്ടാകാം.

അഭിനയിക്കുന്ന സിനിമകളിൽ എന്റേതായ ഡയലോഗുകൾ നിർദേശിക്കാറുണ്ട്. അവയൊക്കെ ആളുകളെ ചിരിപ്പിച്ചിട്ടുമുണ്ട്. ഞാൻ സംവിധാനം ചെയ്ത ‘തോപ്പിൽ ജോപ്പൻ’ ഇറങ്ങിയിട്ട് 5 വർഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയ്ൻ നിഗവും നായകന്മാരാകുന്ന സിനിമ പ്ലാൻ ചെയ്തപ്പോഴാണ് ഷെയ്നിന്റെ വിലക്കും മറ്റും വന്നത്. അങ്ങനെ വെറുതെ ഇരിക്കുമ്പോ‍ൾ ‘തോപ്പി‍ൽ ജോപ്പ’ന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ ‘ശിക്കാരി ശംഭു’വിൽ അച്ചന്റെ വേഷം ചെയ്യാൻ വിളിച്ചു. ആ സിനിമയിൽ ആദ്യം 3 സീനിലേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മൂന്നാലു സീനിൽ കൂടി ഉൾപ്പെടുത്തി. അതു കണ്ടാണ് ‘ഡ്രാമ’യിൽ അഭിനയിക്കാൻ രഞ്ജിത്ത് വിളിച്ചത്. ഷൂട്ടിങ് ലണ്ടനിൽ ആയിരുന്നു. വണ്ടിയിൽ വന്നിറങ്ങുന്ന ആദ്യ സീനിൽത്തന്നെ ഞാൻ കാൽ വഴുതിവീണു. അത് എല്ലാവരെയും രസിപ്പിച്ചു. ‘‘ഇവൻ നല്ല ഹ്യൂമറാണല്ലോ’’ എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അങ്ങനെ വീഴ്ചയോടെ ഹാസ്യ നടനായി. എന്റെ രൂപവും സംഭാഷണവും തമാശയ്ക്കു പറ്റിയതാണ്. രഞ്ജിത്താണ് താടി വടിപ്പിച്ചു ഷേപ് മാറ്റിയത്. താടി വച്ചു സംവിധായകനായ ഞാൻ ഒരിക്കലും അത് എടുക്കുമെന്നു കരുതിയതല്ല.മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാകാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും അടുത്ത ഒരു വർഷത്തേക്ക് സംവിധാനത്തിലേക്കു മടങ്ങില്ല. അഭിനയം നിർത്തി പോയാൽ തിരികെ വരുമ്പോൾ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാകണമെന്നില്ല.

എന്നെക്കാൾ നല്ല നടന്മാർ ഇഷ്ടം പോലെയുണ്ട്. സംവിധാനം വലിയ ടെൻഷനുള്ള പണിയാണ്. എന്നാൽ അഭിനയം രസകരമാണ്. സംവിധായകനു ചില പ്രശ്നങ്ങൾ ഉണ്ട്. സിനിമ തീരുമ്പോൾ പ്രതിഫലം പൂർണമായി ലഭിക്കാത്തതു സംവിധായകനു മാത്രമായിരിക്കും. മറ്റുള്ളവർക്കു പ്രതിഫലം നൽകേണ്ട ചുമതല കൂടി നമ്മൾ ഏറ്റെടുക്കേണ്ടി വരും. അതിന്റെ പേരിൽ എനിക്കു കുറെ കടം ഉണ്ട്. അതെല്ലാം അഭിനയിച്ചു വീട്ടുകയാണ്. സംവിധാനം ചെയ്യാനായി ഏതാനും പേരിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. അതെല്ലാം തിരികെ നൽകിക്കൊണ്ടിരിക്കുന്നു. ചിലർക്കു കാശ് വേണ്ട. പകരം സിനിമ സംവിധാനം ചെയ്താൽ മതി. അഭിനയത്തിനു വലിയ പ്രതിഫലമൊന്നും വാങ്ങാറില്ല. ഇനി ന്യായമായ തുക വാങ്ങണം. ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി എന്നു വാങ്ങാനാണ്?ദിലീപിനെ നായകനാക്കി 3 സിനിമ സംവിധാനം ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്യുന്ന സഹോദരനെ പോലെയാണു ദിലീപ്. ‘സിഐഡി മൂസ’യ്ക്കു രണ്ടാം ഭാഗം വേണമെന്നു ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാൽ കഥ ഉണ്ടാക്കിയെടുക്കാൻ 2 വർഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുക്കൾ രണ്ടായി പിരിഞ്ഞതിനാൽ ഇനി ബുദ്ധിമുട്ടാണ്.

Scroll to Top