പക്കാ മാസ്സ് എന്റർറ്റെനറുമായി കൽക്കി അവതരിച്ചു

ടോവിനോ തോമസ് നായകൻ ആയ ഏറ്റവും പുതിയ ചിത്രമാണ് കൽക്കി.ടൊവിനോയുടേതായി ഈ വര്‍ഷമിറങ്ങിയ അഞ്ച് സിനിമകളും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മാസ്സ് ചിത്രം എന്ന വിശേഷണത്തോടെ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്. നഞ്ചകോട്ടൈ എന്നൊരു സാങ്കൽപിക ഗ്രാമത്തിലാണ് കഥ നടക്കുന്നത് .ടോവിനോ തോമസ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ കഥാപാത്രത്തേയും ആ കഥാപാത്രം നഞ്ചക്കോട്ട എന്ന സ്ഥലത്ത് എത്തി കഴിഞ്ഞു സംഭവിക്കുന്ന കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. അമർനാഥ് എന്ന നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരുവനാണ് ആ ഗ്രാമം അടക്കി വാഴുന്നത്. നിസഹായരായി നിൽക്കാൻ മാത്രം വിധിച്ച പോലീസുകാരാണ് ആ നാട്ടിലുള്ളതും. അവിടെയുള്ള പ്രതിസന്ധികൾക്ക് എതിരെയുള്ള പോരാട്ടമാണ് കട്ട മാസ്സും അതിനൊപ്പം ക്ലാസും ചേർത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടോവിനോ തോമസ് എന്ന നടന്റെ കിടിലൻ ലുക്കും ഗംഭീര പ്രകടനവും തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്. പോലീസ് ഉദ്യോഗസ്ഥനായി തകർപ്പൻ പ്രകടനമാണ് ടോവിനോ തോമസ് കൽക്കിയിൽ കാഴ്ച വെച്ചത്. വളരെ സ്റ്റൈലിഷായും അതേസമയം തന്നെ ആ കഥാപാത്രം ആവശ്യപ്പെട്ട രീതിയിൽ മാസ്സ് ആയും തന്റെ ശരീര ഭാഷ കൊണ്ട് വരാൻ ടോവിനോ തോമസിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നത് .നായകനൊപ്പമോ ചിലപ്പോൾ അതിലും മേലെയോ നിൽക്കുന്ന ഒന്നാണ് ശിവജിത്ത് പദ്മനാഭൻ അവതരിപ്പിച്ച അമർനാഥ് എന്ന വില്ലൻ കഥാപാത്രം. ഇത്ര മാസ്സ് ആൻഡ് ക്ലാസ് വില്ലനെ ഈ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് തന്നെ നിസംശയം പറയുവാൻ സാധിക്കും. ഒരു സംവിധായകൻ എന്ന നിലയിൽ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ് പ്രവീൺ എന്ന പ്രതിഭ . ഒരു മാസ്സ് ചിത്രവുമായി ഒരു നവാഗത സംവിധായകൻ എത്തുമ്പോൾ അതിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദവും നല്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് പ്രവീണിന്റെ ആദ്യ വിജയം. അതുപോലെ തന്നെ പ്രവീണും സുജിൻ സുജാതനും രചയിതാക്കൾ എന്ന നിലയിൽ പുലർത്തിയ കയ്യടക്കം ഏറ്റവും മികച്ച രീതിയിൽ ഈ ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ എത്തുന്നതിനു കാരണമായിട്ടുണ്ട്.