നൗഷാദിൻ്റെ കവിളിൽ ചുംബിച്ച നടൻ രാജേഷ് ശർമ്മയോട് അസൂയ തോന്നുന്നു.

സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ് :
നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനാണ് ഇപ്പോൾ നമ്മുടെ ഹീറോ.തൻ്റെ കടയിൽ വിൽപനയ്ക്കുവേണ്ടി വാങ്ങിവെച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന ചെയ്തു ! വലിയ ചാക്കുകളിൽ നിറച്ചാണ് വസ്ത്രങ്ങൾ കൊണ്ടുപോയത് ! ഇത് ഭീമമായ നഷ്ടം വരുത്തിവെയ്ക്കില്ലേ എന്ന ചോദ്യത്തോട് നൗഷാദ് പ്രതികരിച്ചത് ഇപ്രകാരമാണ്-

”നമ്മൾ ഈ ഭൂമിയിൽ വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല.പോവുമ്പോൾ ഒന്നും കൊണ്ടുപോവുകയുമില്ല….”ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും എത്ര പേർക്ക് കഴിയും!?ധനികർ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല.ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു മനുഷ്യനാണ് തൻ്റെ സമ്പാദ്യം മുഴുവനും വാരിക്കൊടുത്തത് !

സംഭവത്തിൻ്റെ വീഡിയോ കണ്ടവർക്കറിയാം.”മതി” എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിട്ടും നൗഷാദ് വസ്ത്രങ്ങൾ ചാക്കിൽ നിറച്ചുകൊണ്ടിരുന്നു ! എന്തൊരു ആവേശമായിരുന്നു ആ പാവത്തിന് !സൗജന്യമായി കിട്ടിയ സാധനങ്ങൾ പോലും മറ്റൊരാൾക്ക് കൊടുക്കാത്ത മനുഷ്യരൊക്കെ അത് കണ്ട് അന്തംവിട്ടിട്ടുണ്ടാവണം !

മാസം ഒരു ലക്ഷം രൂപയോളം ശമ്പളമുണ്ടായിട്ടും ഒരു രൂപ പോലും ദുരിതാശ്വാസനിധിയിലേക്ക് നൽകാത്ത ആളുകളെ എനിക്കറിയാം.നാടിനുവേണ്ടി ചില്ലിക്കാശുപോലും ചെലവാക്കാത്ത വൻകിട ബിസിനസ്സുകാരെയും പരിചയമുണ്ട്.തങ്ങളുടെ കൈവശമുള്ള പഴയ സാധനങ്ങളെല്ലാം കൊണ്ടുചെന്ന് തള്ളാനുള്ള കേന്ദ്രങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകൾ എന്ന് വിശ്വസിക്കുന്നവരുമുണ്ട്…

അവർക്കിടയിലാണ് നൗഷാദും ജീവിക്കുന്നത്.പ്രൈസ് ടാഗ് പോലും കളയാത്ത ഡ്രെസ്സുകളാണ് അദ്ദേഹം നൽകിയത് !പ്രളയം മൂലം കഷ്ടപ്പെടുന്ന സാധുക്കളെ സാമ്പത്തികമായി സഹായിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന പല വിഷജന്തുക്കളെയും നിങ്ങൾ ഇതിനോടകം കണ്ടുകാണും.അത്തരക്കാരുടെ ജന്മശത്രുക്കളാണ് മുസ്ലീങ്ങൾ.

ഇസ്ലാം മതവിശ്വാസികളെ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.ചാനലുകളിൽ മുസ്ലിം അവതാരകരെ കാണുമ്പോൾ കണ്ണും ചെവിയും ഒക്കെ പൊത്തുന്നത് അത്തരക്കാരാണ്.മുസ്ലീങ്ങളുടെ ഇവിടത്തെ വാസം ആരുടെയൊക്കെയോ ഒൗദാര്യമാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വിവരദോഷികൾ !

ഏതെങ്കിലുമൊരു വിഡ്ഢി എെ.എസിൽ ചേർന്നാൽ അതിൻ്റെ പേരിൽ മൊത്തം മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കും.ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ‘ജിഹാദി’ എന്ന് വിളിക്കും.യുദ്ധം വരുമ്പോൾ മുസ്ലിം നാമധാരികളുടെയെല്ലാം ദേശസ്നേഹം അളന്ന് മാർക്കിടും.അവർ പ്രാകൃതരാണെന്ന് ആരോപിക്കും.മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശത്ത് വെള്ളം കയറുമ്പോൾ ഊറിച്ചിരിക്കും !

അത്തരം വർഗീയവാദികൾ ഇവിടെ ഉള്ളിടത്തോളം കാലം ‘നൗഷാദ് ‘ എന്ന പേര് ഉറക്കെത്തന്നെ പറയണം.ആ മനുഷ്യൻ ഒരു മുസൽമാനാണ്.ദൈവവിശ്വാസിയാണ്.പക്ഷേ അദ്ദേഹം വസ്ത്രങ്ങൾ കൊടുത്തുവിട്ടിരിക്കുന്നത് മുസ്ലീങ്ങൾക്കുവേണ്ടി മാത്രമല്ല.ജാതിമതഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാം അവ.ആ വികാരമൊക്കെ മതഭ്രാന്തൻമാർക്ക് മനസ്സിലാവുമോ!?

നൗഷാദ് മാത്രമല്ല,കഴിഞ്ഞ പ്രളയത്തിൻ്റെ സമയത്ത് സ്ത്രീകൾക്ക് ബോട്ടിൽക്കയറാൻ തൻ്റെ മുതുക് കുനിച്ചുകൊടുത്ത ജൈസലും ഒരു മുസൽമാനായിരുന്നു.അവരോട് ദേശസ്നേഹം തെളിയിക്കാൻ നിരന്തരം ആവശ്യപ്പെടുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേ?

നൗഷാദിൻ്റെ കവിളിൽ ചുംബിച്ച നടൻ രാജേഷ് ശർമ്മയോട് അസൂയ തോന്നുന്നു.ഈ മനുഷ്യനെ ചേർത്തുനിർത്തി ഒരുമ്മ കൊടുക്കാൻ ഇപ്പോൾ ആരാണ് മോഹിക്കാത്തത്!?
നൗഷാദിക്കാ…ഉമ്മകൾ…Written by-Sandeep Das

മനുഷ്യരെ സഹായിക്കുന്നത് ആണ് ഏറ്റവും വലിയ ലാഭം.. ഈ മനുഷ്യന്റെ വാക്കുകൾ….. ഇതാണ് മനുഷ്യൻ…….. god bless u [വീഡിയോ]

Scroll to Top