നമ്മള്‍ എന്ത് ഭാഗ്യം ചെയ്തു…

നമ്മള്‍ നാല് പാളിയുള്ള വാതില്‍ തുറന്നവര്‍, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കില്‍ വീഴാത്തവര്‍, തല്ലും പിച്ചും കൊണ്ട് വളര്‍ന്നവര്‍, റേഷനരി ഉണ്ടവര്‍, കട്ടള പടിയില്‍ ഇരുന്നു സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിച്ചവര്‍, കോഴി കുഞ്ഞിനെ കയ്യില്‍ എടുത്തവര്‍, ബാത്ത് റൂം സ്ലിപ്പര്‍ ഇട്ടു സ്കൂളില്‍ പോയവര്‍, ടിവി സ്റ്റേഷന്‍ കിട്ടുവാന്‍ പുരപ്പുറത്തു നിന്ന് ആന്റീന തിരിച്ചവര്‍, നീല വാലുള്ള ഗപ്പിയെ കുപ്പിയില്‍ വളര്‍ത്തിയവര്‍, നീലയും ചുവപ്പും റിബ്ബന്‍ കൊണ്ട് തലമുടി കെട്ടിയവര്‍…

നമ്മള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതെ പ്രണയിച്ചവര്‍! വെയിലത്ത്‌ കളിച്ചവര്‍. പൊതു ടാപ്പില്‍ നിന്നും പച്ച വെള്ളം മൊത്തി കുടിച്ചവര്‍. ബസില്‍ പത്തു പൈസയ്ക്ക് യാത്ര ചെയ്തവര്‍. അഞ്ചു പൈസയ്ക്ക് ഗ്യാസ് മുട്ടായി കഴിച്ചവര്‍, ടൈംപീസ്‌നോട് വഴങ്ങാഞ്ഞവര്‍, വെറും കൈ കൊണ്ട് മണ്ണില്‍ കുഴിച്ചവര്‍, കുളം കണ്ടവര്‍, കുളത്തില്‍ നീന്തിയവര്‍, പരല്‍മീനിനോട് സംസാരിച്ചവര്‍, ചൂടുള്ള റോഡില്‍ നടന്നവര്‍…

കൂട്ടുകാരന്‍റെ ജാതി അറിയാഞ്ഞവര്‍, ചെമ്പരത്തി പൂവില്‍ നിന്നും നിറം ഉണ്ടാക്കിയവര്‍, സന്ധ്യാ പ്രാര്‍ത്ഥന ചൊല്ലിയവര്‍, അച്ഛനും അമ്മയ്ക്കു ഒപ്പം നടന്നു പോയവര്‍, ചെരുപ്പ് വെട്ടി ടയര്‍ ഉണ്ടാക്കി വണ്ടി ഓടിച്ചവര്‍, സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്തവര്‍, ബാര്‍ബര്‍ഷോപ്പില്‍ പലകയില്‍ ഇരുന്നു മുടി വെട്ടിയവര്‍. മഴയത്ത് കളിച്ചവര്‍, ഉച്ചത്തില്‍ ചിരിച്ചവര്‍…

നമ്മ എത്ര പട്ടം പറത്തി? എത്ര ആനയെ വഴിവക്കില്‍ കണ്ടു ? എത്ര ഉത്സവങ്ങള്‍ കണ്ടു? പള്ളി പെരുനാള് എത്ര കൂടി? എത്ര സിനിമ വണ്ടിക്കു പിന്നാലെ ഓടി? നിറഞ്ഞ തെങ്ങിന്‍ തടത്തിലെ മഴ വെള്ളത്തില്‍ എത്ര കടലാസ് കപ്പല്‍ ഓടിച്ചു? സൈക്കിളിന്‍റെ പുറകില്‍ കാലുകള്‍ അപ്പുറവും ഇപ്പുറവും ഇട്ടിരുന്നു നമ്മള്‍ എവിടെയൊക്കെ പോയി? എന്ത് മാത്രം തവണ നമ്മുടെ കാല്‍ മുട്ട് വീണു പൊട്ടി?

അന്ന് മഴയില്‍ കുതിര്‍ന്നു കുനിഞ്ഞ വേലികള്‍ നമ്മളെ ചിരിപ്പിച്ചു കൊണ്ട് വെള്ളത്തുള്ളികള്‍ നമ്മുക്ക് മേലേ കുടഞ്ഞു. യക്ഷികള്‍ നമ്മള്‍ കാണാതെ നമ്മെ നോക്കി പാലമരത്തില്‍ ഇരുന്നു ചിരിച്ചു. തെരുവ് പട്ടികള്‍ നമുക്കൊപ്പം വാലാട്ടി നടന്നു. നമുക്കായി മാത്രം അടയും അപ്പവും അന്ന് ചെമ്പുകളില്‍ ഇരുന്ന് ആവിയില്‍ പുഴുങ്ങി…
നമ്മളൊക്കെ ശരിക്കും എന്ത് ഭാഗ്യം ചെയ്യ്തവരാണ് ?

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management