കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്; ഭാര്യ സിന്ധുവിനൊപ്പമുള്ള ഫോട്ടോയിലെ രഹസ്യം പറഞ്ഞ് കൃഷ്ണ കുമാർ.

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍. മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ് വൈറലാകുന്നത്.കുറുപ്പിന്റെ പൂർണരൂപം :

1994 ഡിസംബർ മാസമായിരുന്നു എന്റെയും സിന്ധുവിന്റെയും കല്യാണം. കല്യാണത്തിന് മുൻപ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമ “സുകൃതം” ആയിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു നിശ്ചയം. അപ്പോൾ സിനിമസെറ്റിലെ സ്റ്റിൽ ഫോട്ടോഗ്രാഫറും സുഹൃത്തുമായ ശ്രീകുമാർ പറഞ്ഞു കല്യാണ ഫോട്ടോ ഞാൻ എടുത്തോളാം. ആൽബവും ഞാൻ സെറ്റുചെയ്യാം. എനിക്കും സന്തോഷമായിരുന്നു. കല്യാണം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞു. അന്നൊക്കെ കല്യാണം കഴിഞ്ഞാൽ തിരുവനന്തപുരത്തുള്ള “നവദമ്പതികൾ” ഫോട്ടോ എടുക്കാൻ പോകുന്ന ഒരു സ്ഥലം വേളിയിലുള്ള ടൂറിസ്റ്റ് വില്ലേജിലേക്കാണ്. ഞങ്ങളും അങ്ങോട്ട്‌ പോയി. ശ്രീകുമാർ തന്നെ ഫോട്ടോഗ്രാഫർ. അന്ന് കുറച്ചു മഞ്ഞു ഫീൽ ഉള്ള ഊട്ടി ഫോട്ടോസ് വേണമെന്ന് പറഞ്ഞപ്പോൾ,(ഇന്നത്തെ പോലെ softlens കിട്ടാത്ത കാലം) അതിനെന്താ, ലെൻസിൽ കുറച്ചു ക്രീം തേച്ചെടുക്കാം എന്ന് പറഞ്ഞു. അങ്ങിനെ എടുത്തെങ്കിലും ഒരു തൃപ്തി കിട്ടിയില്ല.

അന്ന് സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന പെർഫ്യൂം എടുത്തു ലെൻസിൽ ഒന്ന് സ്പ്രെ ചെയ്തു എടുത്തു നോക്കി.. വിചാരിച്ച പോലുള്ള ” ഊട്ടി എഫക്ട് “.. മനസ്സ് നിറഞ്ഞു. ഓരോ ഫോട്ടോക്കും പോസ് ചെയ്യും, ലെൻസിൽ ഒരു സ്പ്രേ അടിക്കും, ഫോട്ടോ എടുക്കും… ആ സുന്ദര ചിത്രങ്ങൾ ഇന്നും മനസ്സിലും ആൽബത്തിലും സുരക്ഷിതം. അന്ന് ഫോട്ടോ എടുത്തു, അവർ സ്റ്റുഡിയോവിൽ കൊടുത്തു വാഷ്ചെയ്തു പ്രിന്റ് ആയിട്ട് അറിയിക്കും.ആ ദിവസത്തിനായി കാത്തിരിക്കും. അന്ന് ആ ഫോട്ടോ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സുഖകരമായ അനുഭവം ഇത് വായിക്കുന്ന പല സമപ്രായക്കാർക്കും മനസ്സിലാകും. കൊച്ചു കൊച്ചു കാര്യങ്ങൾ വളരെ വലിയ സന്തോഷങ്ങൾ തന്ന കാലം. വർഷങ്ങൾ കടന്നു പോയി. കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ മകളുടെ വിവാഹമായിരുന്നു. അതിൽ പങ്കെടുത്തു. അപ്പോഴും ഞാൻ ചോദിച്ചു “സ്പ്രേ അടിക്കേണ്ടേ ലെൻസിൽ”… ടെക്‌നോളജിയുടെ കുതിപ്പിൽ ഇന്ന് ഏതാനും നിമിഷങ്ങൾ മതി മൊബൈൽ ഫോണിൽ നമ്മൾ ആഗ്രഹിക്കുന്നതിലും അപ്പുറം ഉള്ള ഫോട്ടോ എടുക്കുവാനും എടുത്തതിനു ശേഷം എന്ത് മാറ്റം വരുത്തുവാനും.

പക്ഷെ രാവിലെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു പത്തു ലൈകും കിട്ടിക്കഴിഞ്ഞാൽ ആ ഫോട്ടോയെ കുറിച്ച് വൈകുനേരമാകുമ്പോൾ ഓർക്കാൻ കൂടി പറ്റുന്നില്ല.. അത്രക്ക് ഫോട്ടോസ് നമ്മൾ എടുക്കുന്നു. സ്റ്റോറേജ് ഫുള്ളാകാതിരിക്കാൻ ഡിലീറ്റ് ചെയ്തു കളയുന്നു. ഒരു ഫോട്ടോയും മനസ്സിലും, ഫോണിലും നില്കുന്നില്ല.. പഴമയും പുതുമയും കാണാൻ ഭാഗ്യം കിട്ടിയ ഒരു തലമുറയുടെ ഭാഗമാണ് ഞാനെന്നു ഇടയ്ക്കു തോന്നാറുണ്ട്. ശെരിയാണോ എന്തോ. ചിലപ്പോൾ ഇന്നത്തെ ചെറുപ്പക്കാർക്കും 30 കൊല്ലം കഴിഞ്ഞു അന്നത്തെ പുത്തൻ സംഭവങ്ങൾ കാണുമ്പോൾ ഇന്നത്തതൊക്കെ പഴയതും, ആ പഴയ പഴയ കാര്യങ്ങൾ ഓർത്തു സുഖവും കിട്ടുമായിരിക്കും. വൈകുന്നേരം വെറുതെ ഇരുന്നപ്പോൾ ഇങ്ങനെ ഒക്കെ തോന്നി. ഇതൊക്കെ എന്തിനു ഓർത്തെന്ന് അറിയില്ല.. കോട്ടയത്തെ അച്ചായന്മാർ പറയും “ഓർത്താൽ ഒരന്തവുമില്ല, ഓർക്കാതിരുന്നാലോ ഒരു കുന്തവുമില്ല”… അതുകൊണ്ട് എന്റെ fb പോസ്റ്റുകൾ വായിച്ച് , നല്ലതും അല്ലാത്തതും പറഞ്ഞു എന്നെ സന്തുഷ്ടനാക്കി മുന്നോട്ട് നയിക്കുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും നന്മകൾ നേർന്നുകൊണ്ട് നിർത്തുന്നു…

Scroll to Top