‘എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് ‘ആദി സാറി’നെ കയറ്റി വിട്ടു, പിന്നെ തിരിച്ചു വന്നിട്ടില്ല’; ‘കൂടെവിടെ’ സീരിയലില്‍ നിന്ന് നീക്കിയതാണെന്ന് കൃഷ്ണകുമാര്‍

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൂടെവിടെ പരമ്പരയിലാണ് ഇപ്പോൾ കൃഷ്ണകുമാർ അഭിനയിച്ചിരുന്നത്.കൃഷ്ണകുമാറിന്റെ കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതില്‍ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണരൂപം :

“ആദിയും ഞാനും”.. നമസ്കാരം… എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകൾ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവർ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആണ്.. ചിലർ ഭാര്യയെ പറ്റി, മറ്റു ചിലർ മക്കളെ പറ്റി. ചുരുക്കം ചിലർ സീരിയൽ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയൽ അല്ലെങ്കിൽ സിനിമ ആ സമയത്തു ടീവിയിൽ പോകുമ്പോൾ അതിൽ എന്നെ ഇഷ്ടപെട്ടാൽ, ആ കഥാപാത്രത്തെ സ്നേഹിച്ചാൽ, അതിനെ പറ്റിയാവും ചോദ്യങ്ങൾ. ഇപ്പോൾ “കൂടെവിടെ” എന്ന സീരിയലിലെ “ആദി” എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം “ആദി സാറിന്റെ ” വിശേഷങ്ങൾ ചോദിക്കാറുണ്ട്. നാല് മാസമായി “കൂടെവിടെ”യിൽ അഭിനയിച്ചിട്ടു. അതിനാൽ ഇപ്പോൾ ഉള്ള എപ്പിസോഡുകളിൽ “ആദി സാർ” ഇല്ല. ഓർമ ശെരിയാണെങ്കിൽ ഇലക്ഷനു ശേഷം ഏപ്രിലിൽ ആണ് അവസാനമായി ഇതിൽ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് “ആദി സാറി”നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മ രിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോൾ പ്രകാരം സംസ്കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാൻ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി. ഇപ്പോൾ പുതിയ ഒരു ആൾക്കാണ് അതിന്റെ നിയോഗം.

സീരിയൽ മേഖലയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല . കാരണം സീരിയൽ ഒരു നീണ്ട ട്രെയിൻ യാത്ര പോലെ ആണ്. തുടങ്ങുമ്പോൾ കുറച്ചു യാത്രക്കാർ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവർ മാറും, TTE മാർ മാറും. സകലതും മാറും. ചിലർ മാത്രം ചിലപ്പോൾ യാത്രാവസാനം വരെ അതിൽ കാണും. അതെന്താ എന്നു ചോദിച്ചാൽ അത് അങ്ങനെയാണ്. പണ്ട് മുതലേ, അതായത് സീരിയൽ കണ്ടുപിടിച്ച കാലം മുതൽ ഇങ്ങനെയാണ്. ഇംഗ്ലീഷ് ചാനലിലും, ഹിന്ദിയിലും അതിനു ശേഷം മലയാളസീരിയലിലും കഥാപാത്രം നിലനിൽക്കും, നടന്മാർ മാറും. സീരിയലിന്റെ ശാപമാണിത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, എനിക്കാരോടാണ് കടപ്പാടുള്ളത്.? എന്റെ കടപ്പാട് സീരിയൽ തുടർന്നു കാണുന്ന, സീരിയൽ ഇഷ്ടപെടുന്ന, എന്നെ സ്നേഹിക്കുന്ന, എന്നെ ഞാനാക്കിയ ലക്ഷകണക്കിന് മലയാളി പ്രേക്ഷകരോടാണ്. പ്രത്യേകിച്ചും എന്റെ സഹോദരിമാരായ സ്ത്രീ പ്രേക്ഷകരോട്… “ആദി സാർ ” എന്ന് വരും എന്ന, അവരുടെ സ്നേഹവും വിഷമവും കലർന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി എന്റെ കയ്യിലില്ല. ഒന്നും നമ്മുടെ കൈകളിലല്ല എന്ന് നമ്മൾ പറയാറുണ്ടല്ലോ.. ഇതും എന്റെ കൈകളിലല്ല.

2006 മുതൽ സീരിയലിൽ നിന്നും വിട്ടുനിന്ന ഞാൻ ഒരു നിയോഗം പോലെ “കൂടെവിടെ”യുടെ ഭാഗമായി.. 32 കൊ ല്ലമായി ക്യാമെറക്ക് മുന്നിൽ വന്നിട്ട്. കലാരംഗത്തേക്കാൾ ഇന്നു മറ്റൊരു മേഖലയിൽ താല്പര്യവും ചുമതലയും വന്നതിനാൽ “ആദിസാറിന്റെ” തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിലപ്പോൾ വിഷമിക്കാറുണ്ട്. സീരിയൽ വ്യവസായം നല്ലതാണ്. നല്ല നിർമാണ കമ്പനികൾ ഉണ്ട്. സംവിധായകർ ഉണ്ട്. ധാരാളം പേർക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ സ്വഭാവികമായും ഉണ്ടാവാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുൻപ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. “Trust the timing of god” എന്ന് ചിലർ പറയും. ഞാൻ വിശ്വസിക്കുന്നത് “GPS”സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാൽ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവർത്തിക്കു… നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം.. ജയ് ഹിന്ദ്

Scroll to Top