‘ഒരു സ്തനം പോയാൽ സ്തനങ്ങൾ ഉള്ളവരെ കാണുമ്പോൾ വിഷമമാകില്ലേ’; കീമോയേക്കാൾ പൊള്ളിച്ച വാക്കുകൾ !!

ഞാഞ്ഞ കൈ പിടിച്ചു , ക്യാൻസർ തോറ്റുമടങ്ങി … ഷി ബസിന്റെ പ്രഭാതങ്ങളെ ശുഭചിന്തകൾകൊണ്ട് ധന്യമാക്കുന്നത് സാലി കുത്തിക്കുറിക്കുന്ന സുപ്രഭാത കുറിപ്പുകളാണ്. ജീവൻ തുടിക്കുന്ന അവളുടെ അക്ഷരങ്ങൾക്ക് അനുഭവങ്ങളുടെ ചൂടും ചൂരും ഉണ്ട്. വാട്സ് അപ് സ്റ്റാറ്റസുകളിലും ഷിബസിന്റെ പേജുകളിലും അവൾ കോറിയിടുന്ന അക്ഷരങ്ങളിലൂടെ ഞാൻ അവളുടെ ഇന്നലകളിലേക്ക് ഒരു സഞ്ചാരം നടത്തി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന ഗ്രാമത്തിലാണ് സാലിയും ഭർത്താവും 2 പെൺമക്കളും അടങ്ങുന്ന കൊച്ചു കുടുംബം താമസിക്കുന്നത്. ഭർത്താവ് വിൻസൺ കൺസ്ട്രക്ഷൻ വർക്ക് ചെയ്യുന്നു. ഭർത്താവ് വീട്ടിലുള്ളപ്പോൾ ഞാഞ്ഞേന്ന് വിളിച്ച് കൊച്ചു കുട്ടിയെപ്പോലെ അവൾ പുറകേ നടക്കും. കുട്ടികളോടൊപ്പം കളിച്ച് രസിച്ച് അവർക്ക് നല്ലൊരു കൂട്ടുകാരിയാകും. അങ്ങനെ സന്തോഷവും സ്നേഹവും നിറഞ്ഞ കൊച്ചു സ്വർഗത്തിലേക്ക് 2018 ജനുവരിയിൽ ഈശ്വരൻ ഒരു കട്ടുറുമ്പിനെ അയച്ചു _ ബ്രെസ്റ്റ് ക്യാൻസറിന്റെ രൂപത്തിൽ .

2016 ഒക്ടോബറിലാണ് തന്റെ വലതു വശത്തെ സ്തനത്തിന്റെ നിപ്പിളിൽ നിന്ന് ബ്ലഡ് ഡിസ്ചാർജ്ജ് വരുന്നത് സാലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ക്യാൻസർ വല്ലതുമായിരിക്കുമോ എന്ന് ആദ്യം സംശയിച്ചെങ്കിലും തടിപ്പോ മുഴയോ ഒന്നുമില്ലാത്തതുകൊണ്ട് അങ്ങനൊന്നുമാവില്ലാന്ന് സ്വയം ആശ്വസിപ്പിച്ചു. പിന്നെ എല്ലാവരേയും പോലെ ആരോടും പറയാതെ കൊണ്ടു നടന്നു അവസാനം ഡിസ്ചാർജ് കുടി കൂടി വന്നപ്പോൾ ഗത്യന്തരമില്ലാതെ തന്റെ ഞാഞ്ഞയെ അറിയിച്ചു. പിറ്റേദിവസംതന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി സർജനെ കാണിച്ചു. മുഴയോ തടിപ്പോ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് രണ്ടാഴ്ചത്തേക്ക് കഴിക്കാൻ ഒരു ടാബ്‌ലറ്റ് കൊടുത്തു വിട്ടു. കുറവൊന്നും കാണാതിരുന്നതുകൊണ്ട് വീണ്ടും ഡോക്ടറെ കണ്ടു. ഇത്തവണ നിപ്പിൾ ഡിസ്ചാർജ് എടുത്ത് ബയോപ്സിക്ക് വിട്ടു. അതിലും കുഴപ്പമൊന്നുമുണ്ടായില്ല. രണ്ടാഴ്ചകൂടി മരുന്ന് കഴിച്ചിട്ട് സ്കാൻ ചെയ്ത് നോക്കാം എന്ന് ഡോക്ടർ നിർദേശിച്ചു. രണ്ടാഴ്ച കൂടി കടന്നുപോയി.

ഡിസ്ചാർജ്ജ് കൂടി വരുന്നതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല. അവിടുന്ന് നേരെ പോയത് മംഗലാപുരത്തുള്ള യേനപോയ മെഡിക്കൽ കോളേജിലേക്ക് . ഡോക്ടർ സ്കാൻ ചെയ്തു. പാൽ ഞരമ്പുകൾ ബ്ളോക്ക് ആയതാണെന്നും വേറെ കുഴപ്പങ്ങളൊന്നുമില്ലാന്നും കേട്ടപ്പോൾ അവൾക്ക് ആശ്വാസമായി. മനസിൽ ഉരുണ്ടുകൂടിയ കാർമേഘമെല്ലാം പെയ്തിറങ്ങിയ ഫീലിങ്ങ്. എന്തൊക്കെയാണ് കുറച്ച് ദിവസങ്ങൾ കൊണ്ട് താൻ ചിന്തിച്ച് കൂട്ടിയത്. തിരക്കഥ സിനിമയിലെ പ്രിയാമണിയെപോലെ മുടിയും കൺപുരികവും എല്ലാം നഷ്ടപ്പെട്ട തന്റെ മുഖം എത്രവട്ടമാണ് മനസിലൂടെ മിന്നിമറഞ്ഞത്. ഒരു മാസത്തേക്കുള്ള മരുന്നും വാങ്ങി തിരിച്ച് വീട്ടിലേക്ക് . പുതിയ മരുന്നിനും നിപ്പിൾ ഡിസ്ചാർജിനെ പിടിച്ചു നിർത്താനായില്ല. സ്കാനിങ്ങിൽ കുഴപ്പമൊന്നുമില്ലല്ലോ എന്ന ആശ്വാസത്തിൽ മാസങ്ങൾ കടന്നുപോയി. 2017 ജൂൺ ആയപ്പോഴേക്കും വലത് സ്തനത്തിന്റെ സൈഡിൽ ചെറിയൊരു തടിപ്പ് പ്രത്യക്ഷപെട്ടു. നിശബ്ദമായി 6 മാസത്തോളം അതുമായി മുന്നോട്ട് പോയി. തടിപ്പ് വളർന്ന് വലുതായി. വീട്ടിൽ അവതരിപ്പിച്ചു. പിറ്റേ ദിവസംതന്നെ നേരത്തെ കാണിച്ച മംഗലാപുരം ഹോസ്പിറ്റലിൽ പോയി . ഡോക്ടർ ചെറിയൊരു സർജറിയിലൂടെ മുഴയുടെ ഒരു ഭാഗം ബയോ പ്സിക്കെടുത്തു.

10 ദിവസത്തിനുശേഷം 2018 ജാനുവരി 21 ന് റിസൾട്ട് വന്നു. തന്നെ ഇത്ര നാളും ഇട്ട് വട്ടം കറക്കിയ വില്ലൻ ക്രൂരമായ ഒരു മന്ദഹാസത്തോടെ കൺമുന്നിൽ – സ്തനാർബുദം രണ്ടാം സ്റ്റേജിൽ എത്തിയിരിക്കുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രക്ക് വല്ലാത്ത നീള കൂടുതലായിരുന്നു. മരണം സുഹൃത്തായി തനിക്കൊപ്പം കൂടിയിരിക്കുന്നു. തന്റെ ഞാഞ്ഞയെ സ്നേഹിച്ച് കൊതി തീർന്നിട്ടില്ല. കുട്ടികളുടെ കൂടെ കളിച്ച് മതിയായിട്ടില്ല… കാടുകയറിയ ചിന്തകളും വരിഞ്ഞു മുറുകിയ സംഘർഷങ്ങളും വീട്ടിലെത്തിയപ്പഴേ തന്റെ ഞാഞ്ഞയുടെ നെഞ്ചിലേക്ക് കണ്ണീരായി പെയ്തിറങ്ങി. ഒന്ന് പൊട്ടിക്കരയണമെന്നുണ്ട് വിൻസണ് . പക്ഷേ അവൾക്ക് മുന്നിൽ കരയാൻ പാടില്ലല്ലോ. പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞ് അവളെ മാറോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു “നീ കരയരുത്. നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതേയുള്ളു ” തന്റെ ഞാഞ്ഞ തന്ന ധൈര്യത്തിൽ അവൾ കണ്ണീര് തുടച്ച് ഉഷാറായി. പിന്നീടങ്ങോട്ട് വാർത്തയറിഞ്ഞ് ആശ്വസിപ്പിക്കാനും സഹതപിക്കാനും എത്തിയവരുടെ തിരക്കായിരുന്നു. ” ഒരു സ്തനം എടുത്തു കളഞ്ഞാൽ രണ്ട് സ്തനങ്ങളും ഉള്ളവരെ കാണുമ്പോൾ സാലിക്ക് വിഷമമാകില്ലേ …” തുടങ്ങി മുനവച്ച വർത്തമാനങ്ങൾ അവൾക്ക് കേൾക്കേണ്ടിവന്നു. ഈ യൊരവസ്ഥയിൽ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സഹതപിക്കാനെത്തുന്നവർ കാട്ടിയിരുന്നെങ്കിൽ …

“സാലിയുടെ അമ്മയെ വിളിച്ച് വീട്ടിൽ നിർത്തണം. രണ്ട് പെൺ മക്കളല്ലേ ,അവർക്കിനി വേറെ ആരുണ്ട്.. ” മരണം വിധി ച്ചെത്തിയ ഉപദേശങ്ങളുടെ മുൾമുനയിൽ വീണ് ആ പാവം നാട്ടും പുറത്തുകാരിയുടെ നെഞ്ചൊന്ന് പിടഞ്ഞു. കടിഞ്ഞാണില്ലാത്ത വാക്കുകളിൽ മുറിവേൽപിക്കപ്പെടുന്ന മനസ്സുകളെ കാണാൻ കണ്ണുണ്ടായാൽ പോരാ, മനുഷ്യത്വമുള്ള ഒരു ഹൃദയമുണ്ടാവണം. തുടർചികിത്സയ്ക്കായി തിരുവനനന്തപുരം RCC തിരഞ്ഞെടുത്തു. ജാനുവരി 23 ന് ഭർത്താവും അടുത്ത സുഹൃത്തും കൂടി ടെയിനിൽ RCC യിലേക്ക് തിരിച്ചു. ഒരു രാത്രി മുഴുവൻ വേണം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ. ഉറക്കം വരാത്ത ആ രാത്രിയിൽ ട്രെയിനിന്റെ ഇരമ്പം അവളെ വല്ലാതെ അസ്വസ്ഥയാക്കി. മരണത്തിലേക്കുള്ള വണ്ടിയിലാണോ താൻ കയറിയിരിക്കുന്നത് … ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലേ … തന്റെ രണ്ട് പെൺമക്കൾക്ക് അമ്മയില്ലാണ്ടാവില്ലേ …ഇങ്ങനെ പലവിധ ചിന്തകളിലൂടെ അവളുടെ മനസ് ആ രാത്രി മുഴുവൻ അലഞ്ഞു നടന്നു. മരണത്തിന്റെ ഗന്ധമുള്ള R CC യുടെ വരാന്തയിൽ ഓങ്കോളജി സർജൻ ഡോ. പോൾ അഗസ്റ്റിനെയും കാത്ത് അവളിരുന്നു. ഡോക്ടർ തനിക്ക് എത്ര മാസത്തെ ആയുസ്സാവും കുറിക്കുക.. മൂന്നോ ആറോ .. ങ്ഹാ. എത്രയായാലും നേരിടുക തന്നെ. അവൾ മനസിലുറപ്പിച്ചു. ഡോക്ടർ റിപ്പോർട്ടെല്ലാം മറിച്ചു നോക്കി. ഇത് കുഴപ്പമൊന്നുമില്ല, ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു എന്ന ഡോക്ടറുടെ വാക്കുകൾ അവളിലെ ആത്മവിശ്വാസത്തെ വാനോളം ഉയർത്തി. കുറെ ദിവസങ്ങൾക്ക് ശേഷം അവളുടെ മുഖത്ത് ചിരി വെട്ടം വീണു. ആ പ്രകാശത്തിൽ വിൻസന്റെ മുഖവും തിളങ്ങി.

സർജറിക്ക് ഡോക്ടർ നിർദ്ദേശിച്ചു. അതിനു മുമ്പായി മാമോഗ്രാം ചെയ്യണം. ഫെബ്രുവരി 19 നാണ് മാമോഗ്രാമിന് ഡേറ്റ് കിട്ടിയത്. മാമോഗ്രാമിൽ കുഴപ്പങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് സ്തനം സംരക്ഷിച്ചു കൊണ്ടുള്ള സർജറി ചെയ്യാമെന്ന് തീരുമാനിച്ചു. ഫെബ്രുവരി 26 ന് സർജറിക്കായി RCC യിൽ അഡ്മിറ്റായി. മക്കളുടെ പ്രസവത്തിനല്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാകാത്ത സാലിക്ക് ഉറ്റവരാരും അടുത്തില്ലാത്ത ആ രാത്രി ഏറെ വേദനാജനകമായിരുന്നു. എന്തിന് തനിക്കിത് തന്നു എന്ന ചോദ്യമെറിഞ്ഞ് ഈശ്വരനോടവൾ കലഹിച്ചു. ആ രാത്രിയിലെ ഏകാന്തത അതുവരെ അവൾ ആവാഹിച്ചുവച്ച സകല ധൈര്യവും ചോർത്തിക്കളഞ്ഞു. കണ്ണടച്ചാൽ മരണം കൺമുന്നിൽ . . കണ്ണുതുറന്ന് വച്ച് അവൾ മരണത്തെ നേരിട്ടു. പിറ്റേദിവസം രാവിലെ 10 മണിക്ക് സർജറി നടന്നു. മുഴയും ലിംഫ് നോഡ്സും എടുത്ത് മാറ്റി. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതിരുന്നതിനാൽ 2 ദിവസത്തിനുള്ളിൽ ഡിസ്ചാർജായി. തുടർന്നുള്ള 10 ദിവസം RCC ക്കടുത്ത് കുമാരപുരം ഡി പോൾ കെയർ സെന്ററിലാണ് കഴിഞ്ഞത്. RCC യിൽ ചികിത്സക്ക് വരുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസവും ഒരുക്കുന്ന അവിടുത്തെ ജേക്കബ് അച്ചനും സഹായികളും ഈശ്വരന്റെ പ്രതിരൂപങ്ങളാണെന്ന് സാലി സാക്ഷ്യപ്പെടുത്തുന്നു. 10 ദിവസത്തെ അവിടുത്തെ താമസം സാലിയെ പുത്തൻ ജീവിതാനുഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി. വിവിധതരം ക്യാൻസറുകൾ ബാധിച്ച ഒരു പാട് മനുഷ്യർ… അവരുടെ വേദനകൾ … അതിജീവന കഥകൾ … അവൾ ജീവിതത്തിന്റെ അധികമാരും നടന്നു പോകാത്ത വഴികളിലൂടെ സഞ്ചരിച്ചു.

മനുഷ്യന്റെ സകല അഹങ്കാരങ്ങളും വെറുപ്പും വിദ്വേഷവും ഞാനെന്ന ഭാവങ്ങളും തല്ലിക്കെടുത്തുന്ന RCC യുടെ ഇടനാഴികൾ …. രോഗിയല്ലാത്തവരും വല്ലപ്പോഴും അതിലെ ഒന്നു കടന്നുപോകണം .. മതമില്ല, ജാതിയില്ല, നിറമില്ല , പണമില്ല … ഉള്ളത് ആർക്കും വരാവുന്ന കൊടിയ വേദനകളുടെ തേങ്ങലുകൾ മാത്രം. പുത്തൻ ജീവിതാനുഭവങ്ങൾ നൽകിയ ആത്മവിശ്വാസവുമായി തിരിച്ച് വീട്ടിലേക്ക്.. അവിടെ ഒറ്റ സ്തനമുള്ള സാലിയെ കാണാനായിരുന്നു ഏവർക്കും തിരക്ക്. സ്തനം എടുത്തില്ലെന്നും മുഴമാത്രമേ എടുത്തു കളഞ്ഞുള്ളു എന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ അവൾ നന്നേ പാടുപെട്ടു. മാർച്ച് 22 ന് സ്റ്റിച്ച് എടുക്കാൻ വീണ്ടും RCC യിലേക്ക് .പോൾ ഡോക്ടർ സ്റ്റിച്ച് എടുത്തതിന് ശേഷം അനൂപ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. ഏറെ ഭയത്തോടെ കണ്ട കീമോതെറാപ്പിയുടെ വിശദാംശങ്ങൾ ഡോക്ടർ അവൾക്കുമുന്നിൽ തുറന്നിട്ടു. 15 ദിവസം ഇടവിട്ട് 8 കീമോ ചെയ്യണം. മാർച്ച് 26 ന് ആദ്യ കീമോ തുടങ്ങി. രാവിലെ വന്ന് കാത്തിരിപ്പ് തുടങ്ങിയെങ്കിലും ഉച്ചയായി തന്റെ പേര് വിളിച്ചപ്പോൾ . നേഴ്സ് വന്ന് ഡ്രിപ്പ് ഇടാനുള്ളതൊക്കെ ചെയ്തു. വിവിധ മരുന്നുകൾ ഒരുമിച്ച് നാഡീ ഞരമ്പുകളിലൂടെ ശരീരം മുഴുവനും പായുകയാണ് … മൂന്ന് മണിക്കൂർ കീമോയുടെ മരുന്നു തുള്ളികൾ ഇറ്റിറ്റ് വീഴുന്നതും നോക്കി അവൾ കിടന്നു.

തുടക്കത്തിലെ ചെറിയൊരു വേദനയല്ലാതെ പ്രത്യേകിച്ചൊന്നും അവൾക്ക് തോന്നിയില്ല. എല്ലാവരും പറഞ്ഞു പേടിപ്പിച്ച ഈ കീമോ ഇത്ര നിസാരനായിരുന്നോ എന്ന ചിന്തയോടെ തിരിച്ച് വീട്ടിലേക്ക് പോകാൻ അവൾ തിടുക്കം കൂട്ടി. ഇനി രാത്രി 9.30 നേ ട്രെയിൻ ഉള്ളു. എന്നാൽ പിന്നെ നമുക്കൊരു സിനിമ കണ്ടാലോ എന്ന് അവൾ തന്റെ ഞാഞ്ഞയോട് ചോദിച്ചു. വിൻസൺ അത്ഭുതത്തോടെ അവളെ നോക്കി. “നിനക്ക് ക്ഷീണം ഒന്നുമില്ലേ ” എന്ന ഭർത്താവിന്റെ ചോദ്യത്തിന് “ഏയ് എനിക്കൊരു കുഴപ്പവുമില്ല “എന്നു പറഞ്ഞ് തിയേറ്ററിലേക്ക് പോയി. തിയേറ്ററിൽ അവൾ നന്നായി ആസ്വദിച്ച് സിനിമ കാണുമ്പോൾ വിൻസൺ അവളുടെ മുഖത്ത് വിരിയുന്ന ഭാവവ്യത്യാസങ്ങളും നോക്കി അത്ഭുതത്തോടെ ഇരുന്നു. വീട്ടിലെത്തി അവൾ പതിവു പോലെ എല്ലാ പണികളും ഓടി നടന്നു ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോഴാണ് കീമോ തന്റെ വില്ലൻ സ്വഭാവം പുറത്തെടുത്തത്. വെള്ളം കുടിച്ചാൽ പോലും ഛർദ്ദിൽ … കയ്യും കാലും തളരുന്നു. …വായിലെ തൊലിയും പോകാൻ തുടങ്ങി … ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. ഓട്സും പാലുമായി ഭക്ഷണം ഒതുക്കി. രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോഴേക്കും പേടിച്ചിരുന്ന പോലെ മുടിയും പുരികവും കൺപീലിയും എല്ലാം അവളോട് യാത്ര പറഞ്ഞിറങ്ങി. ആകെ തളർന്നു പോയ നിമിഷം . ജീവിക്കാനുള്ള ആഗ്രഹം പോലും തന്നിൽ നിന്നും പടിയിറങ്ങുകയാണോ . . അവൾ പൊട്ടിക്കരഞ്ഞു. അമ്മയുടെ സങ്കടവും വേദനയും കണ്ട് പത്താം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ അമ്മക്കരുകിൽ മാറാതെ നിന്നു .

അമ്മ തളരരുതെന്നും നഷ്ടപ്പെട്ടതൊക്കെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും അവൾ ആശ്വസിപ്പിച്ചു. ക്യാൻസറിനെ അതിജീവിച്ചവരുടെ വീഡിയോകൾ അവൾ അമ്മക്കായി തുറന്നു കൊടുത്തു..അവളുടെ ഞാഞ്ഞ അവൾക്ക് താങ്ങും തണലുമായി കൂടെ നിന്നു . ഭർത്താവിന്റെ കരുതലും മക്കളുടെ സ്നേഹവും അവളെ കരുത്തയാക്കി. തന്നെ ചേർത്ത് പിടിക്കുന്നവരെയൊക്കെ താനായിട്ട് വേദനിപ്പിക്കാതിരിക്കാൻ അവൾ അങ്ങേയറ്റം ശ്രദ്ധിച്ചു. വീട്ടിലെ എല്ലാ ജോലികളും അവൾ സ്വയം ചെയ്ത് തീർത്തു.. ജൂലൈ 10 ന് തന്നെ കോലം കെടുത്തിയ കീമോ എന്ന പരീക്ഷണം അവസാനിച്ചു. അടുത്തത് റേഡിയേഷൻ. 20 റേഡിയേഷനാണ് ഡോക്ടർ നിർദ്ദേശിച്ചത്. 20 ദിവസവും അടുപ്പിച്ച് എടുക്കേണ്ടതു കൊണ്ട് അവിടെ തന്നെ താമസിച്ചു കൊണ്ട് പൂർത്തിയാക്കി. റേഡിയേഷൻ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ല. 2018 ഒക്ടോബർ 7 ന് 8 മാസം നീണ്ടു നിന്ന പരീക്ഷണം അവസാനിച്ചു .

6 മാസം കൂടുമ്പോഴുള്ള ചെക്കപ്പ് തുടരുന്നു.Tamoxifen എന്ന ഹോർമോൺ ടാബ്‌ലറ്റും ദിവസവും കഴിക്കുന്നു. യാത്ര പറഞ്ഞിറങ്ങിയ മുടിയും പുരികവും കൺപീലിയും എല്ലാം അവളിലേക്ക് തിരികെയെത്തിയിരിക്കുന്നു. പഴയതിലും സുന്ദരിയായി ഇന്ന് അവൾ ഓടി നടക്കുന്നു. രോഗലക്ഷണങ്ങളെ നിസ്സാരവത്ക്കരിക്കരുതെന്നും യഥാസമയം ചികിത്സ നേടിയാൽ ജീവിതം കൈവിട്ടു പോകില്ലന്നും സാലി നമ്മെ ഓർമ്മിപ്പിക്കുന്നു. തളരില്ലാന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാൽ നമ്മെ തകർക്കാൻ ഒരു ശക്തിക്കുമാവില്ല.. പൊരുതി ജീവിക്കണം , തിരികെ പോകുവോളം – സാലി നമ്മെ പഠിപ്പിക്കുന്നത് ഈ അനുഭവ പാഠമാണ്. മൂകമായ അവളുടെ വീട് വീണ്ടും ശബ്ദമുഖരിതമായിരിക്കുന്നു.. കുട്ടികൾക്കൊപ്പം പറമ്പിൽ കളിച്ചു നടക്കുമ്പോൾ അതാ വിൻസൺ കയറി വരുന്നു. കൊച്ചുകുട്ടിയെപോലെ സാലി തന്റെ ഞാഞ്ഞ യുടെ പിന്നാലെ കൂടി … എല്ലാവരും ഒരുമിച്ച് നിന്ന് നഷ്ട സ്വർഗ്ഗം വീണ്ടെടുത്തിരിക്കുന്നു… ലിജി പന്തലാനി

Scroll to Top