എനിക്ക് കിട്ടിയ സമ്മാനമാണ് ‘മരക്കാർ’ ; അഭിനയ അനുഭവങ്ങൾ പങ്കുവെച്ച് മണിക്കുട്ടൻ

മരക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രം ഒടിടിയിലേക്ക് എന്ന് ആദ്യം ആശങ്കകളുണ്ടായെങ്കിലും ഒടുവില്‍ തീയേറ്ററുകളിലേക്ക് റിലീസ് ചെയ്തു.മായിൻകുട്ടി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മണിക്കുട്ടൻ അഭിനയിക്കുന്നത്.ഗംഭീര ലുക്കിലാണ് ചിത്രത്തിന്റെ ഫോട്ടോയില്‍ മണിക്കുട്ടനെ കാണാനാകുന്നത്.ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയും അവിടെ നിന്നും ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ റിയാലിറ്റി ഷോയിലേക്ക് എത്തുകയും ചെയ്ത മണിക്കുട്ടന് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ഫാൻസാണ്.

ഒരിടവേളക്ക് ശേഷം ‘നവരസ’, ‘മരക്കാർ’ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മണിക്കുട്ടൻ.മരക്കാരിലെ മായിൻകുട്ടി എന്ന കഥാപാത്രം അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മണിക്കുട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സിനിമയെ കൂടുതൽ ഗൗരവമായി സമീപിക്കാൻ തന്നെ പരുവപ്പെടുത്തിയെന്നും മണിക്കുട്ടൻ പറഞ്ഞു.2018 സെപ്റ്റംബറിൽ ആണ് പ്രിയൻ സാറിന്റെ അസിസ്റ്റന്റ് വിളിച്ച് പ്രിയൻ സാർ ചെയ്യുന്ന പടത്തിൽ ഒരു കഥാപാത്രം ചെയ്യണം എന്ന് പറഞ്ഞത്. അത് കഴിഞ്ഞു പ്രിയൻ സാറും വിളിച്ചു. ‘കടൽക്കൊള്ളക്കാരുടെ പോലത്തെ രൂപഭാവങ്ങൾ വേണം, നീ വർക്ഔട്ട് ചെയ്ത് താടിയൊക്കെ വളർത്തിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഞാൻ രണ്ടു മാസം മായിൻകുട്ടിയുടെ രൂപത്തിലേക്ക് മാറാൻ വേണ്ടി നന്നായി പരിശ്രമിച്ചു.

ആദ്യദിവസം തന്നെ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് മറക്കാനാകില്ല. വൈകുന്നേരമാണ് എന്റെ ആദ്യ സീൻ എടുത്തത്. ചിന്നാലി എന്ന കഥാപാത്രത്തെ കുതിരപ്പുറത്ത് പുറകോട്ട് തിരിച്ചിരുത്തി ഓടിച്ചു പോകുന്ന രംഗമായിരുന്നു ആദ്യം ചെയ്തത്. എനിക്ക് അതുവരെ കുതിര ഓടിക്കാൻ അറിയില്ലായിരുന്നു. ഞാൻ രാവിലെ മുതൽ വൈകിട്ടുവരെ കുതിരയോട്ടം പഠിച്ചു. അന്ന് എടുത്ത സീനിൽ ഞാൻ ചിന്നാലിയെ കുതിരപ്പുറത്തിരുത്തി കുതിരയെ നടത്തിച്ച് കൊണ്ടുപോവുകയാണ്. അതുവരെയുള്ളത് ഒരു ദിവസം കൊണ്ട് പരിശീലിച്ചു.പിന്നെ കുതിരയും നന്നായി ഇണങ്ങി. മരക്കാരിൽ എനിക്ക് അഞ്ചോ ആറോ സീനുകൾ ആണ് ഉണ്ടായിരുന്നതെങ്കിലും അത് ലാൽ സാറിനോടൊപ്പവും മഞ്ജു ചേച്ചി, പ്രഭു സർ എന്നിവരോടൊപ്പവുമാണ്.

അഭിനയം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല അവസരമായിരുന്നു അത്. പടം റിലീസ് ആയതിനു ശേഷം ഒരുപാട്പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജീവിതം എങ്ങോട്ടു പോകും എന്നറിയാതെ നിൽക്കുമ്പോൾ എനിക്ക് കിട്ടിയ സമ്മാനങ്ങളാണ് നവരസയും മരക്കാറും.ഞാൻ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാരിന്റെ ലൊക്കേഷനിൽ ആണ്. എനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്നെ ചേട്ടാ എന്ന് വിളിച്ച് അടുത്തുവന്നു. അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം ഞാൻ ആരാധിക്കുന്ന ലാൽ സാറിന്റെ മകൻ എന്നെ ആദ്യമായി കാണുമ്പോൾ ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയാണ്. എന്നെ അടുത്ത് അറിയില്ലെങ്കിലും ഞാൻ ഒരു നടനാണെന്ന് മനസ്സിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാർഹമാണ്.ഷൂട്ടിങ് ഇല്ലാത്ത ദിവസം അവിടെ പോയി ബാക്കി ഉള്ളവരുടെ അഭിനയം കണ്ടു പഠിക്കുമായിരുന്നു.- മണിക്കുട്ടൻ പറഞ്ഞു.

Scroll to Top