‘മരക്കാർ’ ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു: മോഹൻലാൽ

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ഇപ്പോഴിതാ മോഹൻലാൽ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

‘മരക്കാർ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നൊരുക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. നെഫർറ്റിറ്റി എന്ന അത്യാഡംബര നൗകയിൽ മോഹൻലാലിനൊപ്പമുള്ള ഈ സ്വപ്നയാത്രയിൽ ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട ആരാധകരും താരവുമായി നേരിട്ട് സംവദിച്ചു. കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോൾ, ആ ചരിത്ര പുരുഷനുമായി ഒരു താദാത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ആയിരുന്നു ലാലേട്ടന്റെ മറുപടി .‘ഇതൊരു മില്യൻ ഡോളർ ചോദ്യമാണ്. തീർച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോൾ, അതിന്റെ ക്ലൈമാക്സിൽ അതു ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയിൽ എനിക്കു പറയാം. ആ സിനിമ കാണുമ്പോൾ അത് മനസ്സിലാകും.അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’ലാലേട്ടൻ പറഞ്ഞു.

‘രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്റെയും പ്രിയദർശന്റെയും സ്വപ്നമാണ് ‘കുഞ്ഞാലിമരക്കാർ’. തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകൾ ഇതിനായി നിർമിച്ചു.’–മോഹൻലാൽ പറഞ്ഞു.

‘അമർചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു ‘ബാഹുബലി’യുടെ മേക്കിങ്ങെങ്കിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തിൽ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിനു ശേഷം ഒരു വർഷമാണ് വിഎഫ്എക്സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിനു മുമ്പ് ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്നൊരു ചിത്രം വന്നിരുന്നു. ഞാൻ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങൾക്കൊരു പാഠമായിരുന്നു. പെർഫെക്‌ഷനു വേണ്ടി മാക്സിമം ട്രൈ െചയ്തിട്ടുണ്ട്.’–മോഹൻലാൽ വ്യക്തമാക്കി.

Scroll to Top