‘കൂട്ടുകാരൻ മോൻസ് തന്ന ബ്ലാക്ക് ഡയമണ്ട് മോതിരം’ ; മോന്‍സന്‍ പറ്റിച്ചവരിൽ എംജി ശ്രീകുമാറും !!!

പുരാവസ്തു ശേഖരമുണ്ട് എന്ന് പറഞ്ഞ് ധാരാളം ആളുകളെ ആണ് മോൺസൻ മാവുങ്കൽ പറ്റിച്ചത്. ബിസിനസ് മേഖലയിലെ പ്രമുഖരും രാഷ്ട്രീയക്കാരും സിനിമാക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് . ഇപ്പോഴിതാ, എംജി ശ്രീകുമാറിനെ മോന്‍സന്‍ നൈസായി പറ്റിച്ചതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഫ്ലവേഴ്സ് ടിവിയിലെ റിയാലിറ്റി ഷോയിൽ വിധികർത്താവാണ് എം ജി ശ്രീകുമാർ. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഒരു ദിവസം ഷോയിൽ എത്തിയ എം ജി ശ്രീകുമാർ ഒരു കറുത്ത കല്ലുള്ള മോതിരം ഇടതുകൈയിൽ അണിഞ്ഞ് ആയിരുന്നു എത്തിയത്. എം ജിക്ക് ഒപ്പം അന്ന് വിധികർത്താക്കളായി ഉണ്ടായിരുന്നത് അനുരാധ ശ്രീറാമും രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും ആയിരുന്നു. കൈയിൽ കിടക്കുന്ന ആ മോതിരം വല്ലാതെ ആകർഷിച്ചെന്നും ഏത് ഗ്രാനൈറ്റ് കടയിൽ നിന്നാണ് അത് വാങ്ങിയതെന്നും സ്ക്വയർഫീറ്റിനെ എത്ര രൂപയായെന്നുമാണ് തമാശരൂപേണ പിഷാരടി ചോദിക്കുന്നത്. പിഷാരടിയുടെ ചോദ്യത്തിന് എംജി ശ്രീകുമാര്‍ നല്‍കിയ മറുപടി ഇങ്ങനെ: ”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സന്‍. പുരാവസ്തു കളക്ഷനുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. എംജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു. അദ്ദേഹം എനിക്ക് തന്നതാണിത്. എന്ത് കല്ലാണെന്ന് എനിക്ക് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ. ഇതെല്ലാം തിരിച്ചു കൊടുക്കണം.”

കൈയിൽ കിട്ടിയിരിക്കുന്ന കോറം വാച്ചിനെക്കുറിച്ചും പറയുന്നുണ്ട്. ഇതൊക്കെ തനിക്ക് ഇടാൻ തന്നതാണെന്നും എല്ലാം തിരിച്ചു കൊടുക്കേണ്ടതാണെന്നും എം ജി ശ്രീകുമാർ വ്യക്തമാക്കുന്നു.അതേസമയം, മോൻസനെ പുകഴ്ത്താനുള്ള പി ആർ വർക്കാണ് ഷോയിൽ നടന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നത്.

Scroll to Top