നിർമ്മാതാവ് സോഫിയ പോളിന്റെ മക്കളുടെ വർഷങ്ങൾക്ക് മുൻപേ ഉള്ള ആഗ്രഹം ഒരു നാടൻ സൂപ്പർഹീറോ ; മിന്നൽ മുരളിയിലൂടെ യാഥാർഥ്യമാകുന്നു

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി നാളെ ഉച്ചക്ക് 1.30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്.

നിർമ്മാതാവ് സോഫിയ പോളിന്റെ മക്കളായ സെഡിൻ പോളിനും കെവിൻ പോളിനും ഒരു നാടൻ സൂപ്പർഹീറോ എന്ന ആശയം വർഷങ്ങൾക്ക് മുൻപേ മനസ്സിൽ ഉണ്ടായിരുന്നു. പടയോട്ടത്തിന്റെ സ്‌ക്രീനിംഗ് നടക്കുന്നതിനിടയിലാണ് ആ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധൻ മിന്നൽ മുരളിയുടെ കഥ പറയുന്നത്. സോഫിയ പോളും ഭർത്താവ് ജെയിംസ് പോളും സെഡിനും കെവിനും കൂടിയാണ് കഥ കേട്ടത്. ഉടനെ തന്നെ ആ പേര് അവർ ലോക്ക് ചെയ്യുകയും സംവിധായകനായി ബേസിൽ ജോസഫിനെ നിശ്ചയിക്കുകയും ചെയ്‌തു. സൂപ്പർഹീറോ ചിത്രമെന്ന് കേട്ടപ്പോൾ ബേസിൽ ആദ്യം നിരസിച്ചെങ്കിലും പിന്നീട് കഥ കേട്ടപ്പോൾ ഏറ്റെടുക്കുകയായിരുന്നു. ഒരു പക്കാ സൂപ്പർഹീറോ മൂവി ആയതുകൊണ്ട് തന്നെ അതിന് വേണ്ട കോസ്റ്റ്യൂം സെഡിനും കെവിനും ചേർന്നാണ് മുംബൈയിൽ നേരിട്ട് പോയി ഡിസൈൻ ചെയ്‌തു കൊണ്ടുവന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ.അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു.ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുവാൻ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗിനെ കൊണ്ടുവന്നതും ഇരുവരുടെയും ശ്രമഫലമായിട്ടാണ്. വളരെയേറെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് ചിത്രത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നൽ മുരളിയുടെ സ്‌പീഡ്‌ ടെസ്റ്റ് ചെയ്യാൻ സാക്ഷാൽ യുവരാജ് സിംഗ് തന്നെ എത്തിയ പ്രോമോയും ഹിറ്റായി തീർന്നിരിക്കുകയാണ്.

Scroll to Top