മോൺസൺ പറഞ്ഞ ലക്ഷങ്ങളുടെ മാന്ത്രിക വിളക്കിന് വില നൂറ് രൂപ മാത്രം ; നിര്‍മ്മിച്ചത് സായിഗ്രാമത്തില്‍

പുരാവസ്തു ശേഖരമുണ്ട് എന്ന് പറഞ്ഞ് ധാരാളം ആളുകളെ പറ്റിച്ച മോൺസൻ മാവുങ്കലിന്റെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തു വരുകയാണ്. മോൻസൻ്റെ പക്കലുള്ള മാന്ത്രിക വിളക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്നു.ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പറഞ്ഞ ഈ വിളക്കിന് വെറും 100 രൂപ മാത്രമാണ് വില. തിരുവനന്തപുരം തോന്നയ്ക്കൽ സായിഗ്രാമത്തിൽ വർഷങ്ങളായി വില്പന നടത്തുന്നുണ്ട് ആ അത്ഭുത വിളക്ക്. രാജേന്ദ്രനെന്ന ശിൽപ്പിയാണ് ഇവിടെ വിളക്ക് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. മോൻസൺ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ളത് സായിഗ്രാമത്തിൽ നിർമ്മിച്ചിട്ടുള്ള വിളക്കുകളാണെന്ന് രാജേന്ദ്രൻ പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന മാന്ത്രിക വിളക്കിൻ്റെ പ്രത്യേകത വിവരിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ആളുകൾ ഈ വിളക്കിനെ കുറിച്ച് അറിയുന്നത്.സായിഗ്രാമത്തിൽ പാരമ്പര്യത്തൊഴിലുകൾ നിലനിർത്തുന്നതിന് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ മുൻകൈ എടുത്താണ് കളിമണ്ണ് ഉത്പന്ന നിർമാണ യൂണിറ്റ് 15 വർഷത്തിന് മുൻപ് ഇവിടെ സ്ഥാപിച്ചത്. ഇതിന്റെ മേൽനോട്ടക്കാരനായിരുന്ന ശില്പി പാറശ്ശാല സ്വദേശി അപ്പു സ്വാമിയാണ് ഈ വിളക്ക് ആദ്യമായി നിർമിച്ചത്. കളിമണ്ണും മണലും കൊണ്ട് പ്രത്യേക രീതിയിലാണ് ഇത് നിർമിക്കുന്നത്.

നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇവിടെ വിളക്കുനിർമാണം. 2016ൽ നഗരത്തിൽ സായിഗ്രാമം സംഘടിപ്പിച്ച മേളയിൽ ഈ വിളക്കും പ്രദർശിപ്പിച്ചിരുന്നു അന്ന് ധാരാളം വിളക്കുകൾ വിറ്റുപോയിരുന്നു.അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകള്‍ ഭാഗത്ത് തിരിയിട്ട് കത്തിക്കാമെന്നുള്ളതാണ് സാധാരണ വിളക്കുകളിൽ നിന്നുപരിയായി ഇതിനെ വേറിട്ടതാക്കുന്നത്. മാത്രവുമല്ല, വിളക്ക് തിരികെ പിടിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാതെ ജ്വലിച്ചു നിന്ന് കത്തുകയും ചെയ്യും.

Scroll to Top