ധോണിയെ ചവിട്ടിപുറത്താക്കിയാൽ ഇന്ത്യൻ ടീമിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും എന്നമട്ടിലാണ് ചിലരുടെ പ്രതികരണം : വൈറൽ പോസ്റ്റ്.

വിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 125 റൺസിൻ്റെ ആധികാരികമായ ജയം നേടി.പക്ഷേ മഹേന്ദ്രസിംഗ് ധോനിയ്ക്കെതിരായ വിമർശനങ്ങൾ തുടരുകയാണ്.ധോനിയെ ചവിട്ടിപ്പുറത്താക്കിയാൽ ഇന്ത്യൻ ടീമിൻ്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്ന മട്ടിലാണ് ചിലർ പ്രതികരിക്കുന്നത് .മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞത് ഇങ്ങനെയാണ്ധോ.നി ഒരു ഇതിഹാസമാണ്.അദ്ദേഹം ടീമിനുവേണ്ടി ഒരുപാട് മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.എല്ലാ കളിക്കാർക്കും മോശം ദിവസങ്ങളുണ്ടാകും.പക്ഷേ ധോനിയുടെ ഒാഫ്ഡേ മാത്രമാണ് വലിയ സംസാരവിഷയമാകുന്നത്.അദ്ദേഹത്തിൻ്റെ പരിചയസമ്പത്ത് പത്തിൽ എട്ടുതവണയും ടീമിനെ സഹായിക്കാറുണ്ട്.വിൻഡീസിനെതിരെ ധോനി മഹത്തായ ഒരു ഇന്നിങ്സ് കളിച്ചുവെന്ന അഭിപ്രായമൊന്നുമില്ല.പക്ഷേ പിച്ചിൻ്റെ സ്വഭാവം പരിഗണിക്കുമ്പോൾ 61 പന്തുകളിൽ 56 റണ്ണുകൾ എന്നത് അത്ര മോശം പ്രകടനമായിരുന്നില്ല.സ്ട്രോക്ക്മേക്കർമാരാൽ സമ്പന്നമായ വിൻഡീസ് ടീമിലെ ഒരാൾക്കു പോലും ഒാൾഡ് ട്രാഫോർഡിലെ പ്രതലത്തിൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിച്ചില്ല എന്നത് മനസ്സിൽവെയ്ക്കണം.

ഇന്നിങ്സിൻ്റെ ആരംഭത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നു എന്നതാണ് ധോനിയുടെ പ്രധാന പ്രശ്നം.ആ പോരായ്മ മാഞ്ചസ്റ്ററിലും പ്രകടമായിരുന്നു.പക്ഷേ ഇന്നിങ്സിൻ്റെ അവസാനമായപ്പോഴേക്കും ധോനി തൻ്റെ തെറ്റുകൾ പരമാവധി തിരുത്തിയിരുന്നു.ക്രിക്കറ്റിൽ ‘മൊമെൻ്റം’ എന്നൊരു സങ്കല്പമുണ്ട്.അതിവേഗക്കാരനായ ഒഷെയ്ൻ തോമസ്സിനെതിരെ ധോനി അമ്പതാം ഒാവറിൽ അടിച്ചെടുത്ത 16 റണ്ണുകളാണ് മൊമെൻ്റം ഇന്ത്യയോടൊപ്പമാണെന്ന് ഉറപ്പുവരുത്തിയത്.തോ­മസ് ധോനിയ്ക്കെതിരെ എറിഞ്ഞ അവസാന പന്ത് 79 മീറ്റർ അകലെ പറന്നിറങ്ങിയപ്പോൾ വിരാട് കോഹ്ലിയും രവിശാസ്ത്രിയും ആവേശത്തോടെ അലറിയിരുന്നു.കുൽദീപ് യാദവും ജസ്പ്രീത് ബുംറയും ചേർന്ന് അവസാന ഒാവർ നേരിട്ടിരുന്നുവെങ്കിൽ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് വലിയ ഇടിവ് സംഭവിക്കുമായിരുന്നു.

പരിക്കുമൂലം ഭുവ്നേശ്വർ കുമാർ പുറത്തിരിക്കുന്നതിനാൽ ഇന്ത്യയുടെ ബാറ്റിങ്ങിന് ആഴം കുറവായിരുന്നു.ഹാർദിക് പണ്ഡ്യ-ധോനി കൂട്ടുകെട്ടായിരുന്നു അവസാനത്തെ അംഗീകൃത ബാറ്റിങ്ങ് ജോഡി.ഒറ്റ വിക്കറ്റ് കൂടി നഷ്ടപ്പെട്ടാൽ വെറുമൊരു സ്ലോഗറായ മൊഹമ്മദ് ഷമി ക്രീസിലെത്തുമെന്ന അവസ്ഥയായിരുന്നു.ഇക്കാര്യവും ധോനി ഒാർത്തിട്ടുണ്ടാകാം.വമ്പനടിയ്ക്ക് ശ്രമിച്ച് ധോനി നേരത്തെ ഒൗട്ടായിരുന്നുവെങ്കിൽ ഇന്ത്യ 230-240 റണ്ണുകളിൽ ഒതുങ്ങിപ്പോകാൻ എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു.പക്ഷേ ധോനി പണ്ഡ്യയുടെ പിന്തുണയോടെ ശ്രദ്ധയോടെ കളിച്ച് ഇന്ത്യയെ 268 വരെയെത്തിച്ചു.ആ പിച്ചിൽ 350 റണ്ണുകൾ ആവശ്യമില്ലെന്ന കാര്യം ധോനി തിരിച്ചറിഞ്ഞിരുന്നു.ഇക്കാര്യം വിരാട് സമ്മാനദാനച്ചടങ്ങിൽ സൂചിപ്പിക്കുകയും ചെയ്തു.വളരെ മികവുള്ള ക്രിക്കറ്റ് തലച്ചോറാണ് ധോനിയുടേത്.

ചില ക്രിക്കറ്റർമാരെ കേവലം കണക്കുകൾ കൊണ്ടുമാത്രം അളക്കാനാവില്ല.ധോനിയുടെ സ്ഥാനം ആ ലീഗിലാണ്.സർ ഗാർഫീൽഡ് സോബേഴ്സിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി കണക്കാക്കുന്നവർ അനവധിയാണ്.ഇന്ത്യൻ ഇതിഹാസമായ സുനിൽ ഗാവസ്കർ ധോനിയെ താരതമ്യം ചെയ്യുന്നത് സോബേഴ്സിനോടാണ് ! രണ്ടുപേരും വളരെ ‘കൂൾ’ ആണെന്ന് സണ്ണി പറയുന്നു.ഈ ലോകകപ്പിൽ ധോനി നേരിട്ട ആദ്യ ഡെലിവെറി എത്ര പേർ ഒാർക്കുന്നുണ്ട്? തുടർച്ചയായ വിക്കറ്റുകളുടെ ബലത്തിൽ തീതുപ്പുകയായിരുന്ന കഗീസോ റബാഡയ്ക്കെതിരെയായിരുന്നു അത്.പക്ഷേ ധോനി റബാഡയെ കുറച്ചുനേരം കാത്തുനിർത്തി.റൺ-അപ് ആരംഭിച്ച ബൗളറെ കൗശലപൂർവ്വം തിരിച്ചയച്ചു !ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുന്ന ഇത്തരം മാനസികയുദ്ധങ്ങൾ പലപ്പോഴും ഇൗ ഗെയിമിൽ നിർണ്ണായകമാകാറുണ്ട്.റബാഡയെ വെയ്റ്റ് ചെയ്യിച്ച തന്ത്രത്തെക്കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ബൗളർ ഷോൺ പോളക്ക് വാചാലനാവുകയും ചെയ്തു.

ഒാസ്ട്രേലിയക്കെതിരായ മത്സരത്തിലും ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി.യജുവേന്ദ്ര ചാഹലിനെതിരെ സ്റ്റീവ് സ്മിത്ത് ക്രീസ് വിട്ടിറങ്ങിയപ്പോൾ ധോനി ഒാഫ്സ്റ്റംമ്പിനുപുറത്തുനിന്ന് പന്ത് സ്റ്റംമ്പിലേക്ക് ഫ്ലിക് ചെയ്തു !കഷ്ടിച്ചാണ് സ്മിത്ത് രക്ഷപ്പെട്ടത്.ഈ സ്ട്രീറ്റ്സ്മാർട്ട്നെസ്സ് ക്രിക്കറ്റ് ഗ്രന്ഥങ്ങളിൽനിന്ന് പഠിക്കാനാവില്ല.അത് രക്തത്തിൽ തന്നെയുണ്ടാവണം.അതേ മത്സരത്തിൽ ഗ്ലെൻ മാക്സ്വെൽ സമാനമായ രീതിയിൽ ശിഖർ ധവാനെ റണ്ണൗട്ടാക്കാൻ ശ്രമിച്ചപ്പോൾ ത്രോ സ്റ്റംമ്പ്സിൻ്റെ അടുത്തെങ്ങുമെത്തിയില്ല.അക്കാര്യത്തിൽ മാക്സി ധോനിയുടെ ശിഷ്യത്വം സ്വീകരിക്കണമെന്ന് കമൻ്റേറ്റർമാർ പറയുകയും ചെയ്തു.ധോനിയുടെ വിചിത്രമായ തന്ത്രങ്ങൾ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഋഷഭ് പന്തിനെ ഇന്ത്യൻ കാണികൾ കൂവിയത് ആരും മറന്നിട്ടുണ്ടാവില്ല.അമ്പയർ പോലും ധോനിയുടെ ഇംഗിതത്തിനുവഴങ്ങുന്ന കാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മാച്ചിൽ കണ്ടിരുന്നു.ധോനിയുടെ ഒരു സ്റ്റംമ്പിങ്ങ് അപ്പീൽ അമ്പയറായ അലീം ദാർ നിരസിച്ചു.എന്നാൽ തീരുമാനം തേഡ് അമ്പയറിനുവിടണമെന്ന് ധോനി ശഠിച്ചപ്പോൾ ദാറിന് അത് നിഷേധിക്കാനായില്ല ! ധോനിയെന്ന താരം അത്രത്തോളം വളർന്നുകഴിഞ്ഞിരിക്കുന്നു ! ഈ തലത്തിലുള്ള ഇംപാക്റ്റ് സൃഷ്ടിക്കാൻ നിലവിൽ കാർത്തിക്കിനോ ഋഷഭിനോ കഴിയില്ല.അതുകൊണ്ടാണ് വിരാട് ധോനിയെ ഇങ്ങനെ ചേർത്തുനിർത്തുന്നത്.

ധോനിയുടെ ഫോം അത്രവലിയ പ്രശ്നമല്ല.ലോകകപ്പ് പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒാസീസിനെതിരെ ധോനിയുടെ 2019ലെ ശരാശരി നൂറിനടുത്താണ്.ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബോൾ എറിഞ്ഞ മിച്ചൽ സ്റ്റാർക്കിനെതിരെ ധോനി അവിശ്വസനീയമായ രീതിയിൽ ബാറ്റ് ചെയ്തിരുന്നു.ഒാവൽ സ്റ്റേഡിയത്തിൽ ഷോർട്ട്ബോൾ തന്ത്രം വളരെയേറെ ഫലപ്രദമാണ്.ആ പിച്ചിൽ സ്റ്റാർക്കിനെയും സ്റ്റോയിനിസിനെയും ധോനി അനായാസം പുൾ ചെയ്തിരുന്നു.ധോനിയുടെ ആർക്കിൽ സ്റ്റാർക്ക് എറിഞ്ഞ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ എങ്ങോ അപ്രത്യക്ഷമായിരുന്നു.സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി കണ്ടപ്പോൾ പഴയ നീളൻമുടിക്കാരൻ ധോനിയെ ഒാർമ്മവന്നിരുന്നു.അഫ്ഗാനിസ്ഥാനെതിരെയും വിൻഡീസിനെതിരെയും ധോനി സ്ലോ ആയി കളിച്ചു എന്നത് നേരുതന്നെ.പക്ഷേ ആ മത്സരങ്ങളിൽ മിക്ക ബാറ്റ്സ്മാൻമാരും ഒഴുക്ക് കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു.

ധോനിയുടെ സാന്നിദ്ധ്യം ക്യാപ്റ്റൻ വിരാടിനും അയാളുടെ ബൗളർമാർക്കും വലിയ സഹായമാണ്.’വിക്കറ്റ് കീപ്പറുടെ എൻഡിലെ ഇൻസ്ട്രക്ഷൻ മാന്വൽ’ എന്നാണ് ഹർഷ ഭോഗ്ലെ ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചത്.അത് കോച്ചിങ്ങ് മാന്വലിനേക്കാൾ സിമ്പിളാണ് ; പവർഫുള്ളുമാണ് .2011 ലോകകപ്പിൽ ധോനി അത്ര മികച്ച ഫോമിലൊന്നുമായിരുന്നില്ല.പക്ഷേ ഫൈനലിൽ നേടിയ 91 റണ്ണുകൾ ഫോക്ലോറിൻ്റെ ഭാഗമായി മാറി.2017 എെ.പി.എല്ലിൻ്റെ ലീഗ് സ്റ്റേജിൽ ധോനി നിരാശപ്പെടുത്തിയിരുന്നു.പക്ഷേ പ്ലേ ഒാഫ് ഘട്ടംവന്നപ്പോൾ അയാൾ ഉയർന്നുനിന്നു.സമ്മർദ്ദം മുറുകുമ്പോൾ വിറയ്ക്കാത്ത കൈകളാണ് ധോനിയുടേത്വി.ൻഡീസിനെതിരെ ധോനി വിക്കറ്റിനുപിന്നിൽ ചില പിഴവുകൾ വരുത്തിയിരുന്നു.പക്ഷേ ന്യൂസിലൻ്റിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കാർലോസ് ബ്രാത്ത്വെയ്റ്റ് ഒരവസരം നൽകിയപ്പോൾ ധോനി ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് ക്യാച്ച് ചെയ്തു.മൈക്കൽ ഹോൾഡിങ്ങ് കമൻ്ററി ബോക്സിലൂടെ പറഞ്ഞു-

”He comes good when it matters….! ”

ഇതാണ് ധോനിയുടെ ഏറ്റവും വലിയ സവിശേഷത.ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അയാളെക്കൊണ്ട് ഉപകാരമുണ്ടാകും.ഋഷഭ് പന്തിന് തട്ടുപൊളിപ്പൻ ഇന്നിങ്സുകൾ കളിക്കാനാകും.പക്ഷേ ധോനി പുറകിലുണ്ട് എന്ന വസ്തുത ഇന്ത്യൻ ടീമിന് നൽകുന്ന മനോബലം ചെറുതല്ല.നോക്കൗട്ട് മത്സരങ്ങളിലാണ് അത് കൂടുതൽ വ്യക്തമാവുക.ധോനിയെ വീഴ്ത്താതെ ഇന്ത്യയെ തോൽപ്പിക്കാമെന്ന് ഒറ്റ ടീമും സ്വപ്നം കാണുന്നുണ്ടാവില്ല.ധോനിയുടെ സ്റ്റംമ്പിങ്ങ് അവസരം ഷായ് ഹോപ് നഷ്മാക്കിയപ്പോൾ പല ഇന്ത്യൻ ആരാധകരും ദുഃഖിച്ചിരുന്നു.ധോനി വേഗം ഒൗട്ടാകുന്നതിലായിരുന്നു അവർക്ക് താത്പര്യം ! ആരോഗ്യപരമായ വിമർശനങ്ങളിൽ തെറ്റൊന്നുമില്ല.പക്ഷേ ഒരു ലെജൻ്റിനെ അടച്ചാക്ഷേപിക്കരുത് .ധോനി അധികം താമസിയാതെ വിരമിക്കും.ഈ റാഞ്ചിക്കാരൻ ടീമിലേക്ക് കൊണ്ടുവരുന്ന മൂല്യം എത്രമാത്രമാണെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലാകും.ചില കാര്യങ്ങൾ തെളിയിക്കാൻ കാലത്തിനുമാത്രമേ സാധിക്കുകയുള്ളൂ.
Written by-Sandeep Das

FACEBOOK POST

Refreshing karikku shake at kerala | Naattile Pramukhar | Variety Media