വരുന്ന ബുധനാഴ്ച്ച എന്റെ വിവാഹമാണ്,ഒരു തരത്തിൽ പറഞ്ഞാൽ ഈ കിട്ടുന്ന കാൽ എന്റെ വധുവാണ് ; നന്ദു മഹാദേവ.

ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്;നന്ദു മഹാദേവ.

ക്യാൻസറിനെ പൊരുതി ജയിക്കുകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ.ക്യാൻസർ എന്ന വില്ലൻ കാലിനെ കവർന്നെടുത്തപ്പോഴും തളർന്നില്ല.ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത നന്ദു തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്ക് വെക്കുകയാണ്.നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,
ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് .രാവിലെ പത്ത് മണിക്ക് ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വച്ചാണ് കല്യാണം.ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3R80 ആണ് വധു.എനിക്ക് ഈ ആലോചന കൊണ്ടു വന്ന ഷഫീഖ് പാണക്കാടനോട് പെരുത്തിഷ്ടം.ആരും ഞെട്ടണ്ട കേട്ടോ.കല്യാണത്തിനെക്കാൾ പ്രധാന്യമുള്ള ഒരു കാര്യമാണ് ചങ്കുകളോട് പറയാനുള്ളത്.ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്.

ഈ സന്തോഷ വാർത്ത പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട്.ഞാൻ നടന്നു കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ ചങ്കുകൾ ഓരോരുത്തരും ആണെന്ന് എനിക്കറിയാം.ആ കിട്ടുന്ന കാൽ ഒരു തരത്തിൽ പറഞ്ഞാൽ എന്റെ വധു തന്നെയാണ്.മരണം വരെ എന്റെ ഒപ്പ നടക്കേണ്ടവൾ.ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവൾ.ആ അർത്ഥത്തിൽ ഇതൊരു വിവാഹം തന്നെയാണ്.അതുകൊണ്ടാണ് അങ്ങനെ തന്നെ മുഖവുര വച്ചത്.സർജറി കഴിഞ്ഞ് 6 മാസം ആകുന്നതിന് മുമ്പ് കാലു വയ്ക്കണം എന്നു പറഞ്ഞതാണ്.അത് കഴിഞ്ഞാൽ നടക്കാനുള്ള ആ ഒരു കഴിവ് തലച്ചോറിൽ നിന്ന് നഷ്ടമായി തുടങ്ങും.കൃത്യമായ ബാലൻസ് കിട്ടില്ല.ക്രച്ചസും ആയി വല്ലാത്ത ചങ്ങാത്തത്തിൽ ആയിപ്പോകും.നിർഭാഗ്യവശാൽ ക്യാൻസർ സമ്മാനിച്ച സാമ്പത്തികപ്രശ്നങ്ങൾ കാരണം 6 മാസത്തിനുള്ളിൽ വയ്ക്കാൻ കഴിഞ്ഞില്ല.15 മാസം കഴിഞ്ഞു.ഇപ്പോൾ അത് ലൈഫ്‌ ആൻഡ് ലിംബ് സ്പോണ്സർ ചെയ്തിരിക്കുന്നു.പ്രൊഫസർ ഗോപിനാഥ് മുതുകാട് സാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങിന്‌ മുഴുവൻ നേതൃത്വവും നൽകുന്നത് ശ്രീ ജോൺസൺ സാമുവേൽ സർ ആണ്.

ജാതിമത ഭേദമില്ലാതെ എത്രയോ കോടി രൂപയുടെ ഈ പുണ്യപ്രവർത്തി ചെയ്യുന്ന അദ്ദേഹത്തോട് പറയാൻ വാക്കുകളില്ല.ഇതുമുഴുവൻ സംഘടിപ്പിക്കുന്ന ഇതിന് വേണ്ടി ഓടി നടക്കുന്ന ബേബിച്ചായനാണ് ഞങ്ങടെ ഊർജ്ജം.ബേബിച്ചായാനോടൊപ്പം ഓടി നടക്കുന്ന രാജൻ സറും പ്രവീൻ ഇറവങ്കര സറും നന്മമരങ്ങളാണ്.ആശംസകൾ അർപ്പിച്ചുകൊണ്ട് ആരാധ്യനായ ചിറമേൽ ഫാദറും ഉണ്ട്.എനിക്കൊപ്പം 50 പേർക്കാണ് കാലുകൾ നൽകുന്നത്.ജർമ്മൻ കമ്പനിയായ ഓട്ടോബോക്കിന്റെ കാലുകൾ ആണ് വിതരണം ചെയ്യുന്നത്.പ്രിയമുള്ളവരെല്ലാം വരണം.അനുഗ്രഹിക്കണം.വരുന്ന ബുധനാഴ്ച മാവേലിക്കര വച്ചാണ്.ചങ്കുകളേ ഓരോരുത്തരെയും വിളിച്ച് പറയാൻ കഴിയുന്നില്ല.ഇതൊരു ക്ഷണം ആയിത്തന്നെ കാണണം.കുഞ്ഞുങ്ങളെപ്പോലെ പിച്ചവച്ചു നടന്നു തുടങ്ങുന്ന എനിക്ക് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന വേണം.NB : നോട്ടീസ് കമന്റ് ബോക്‌സിൽ ഉണ്ട്.സ്നേഹം നന്മമരങ്ങളോട്.Sam Johnson സർ.Koshy Varghese.മുഹമ്മദ് ഷഫീഖ് പാണക്കാടൻ

Scroll to Top