കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു ; രോഗം യു.കെയില്‍ നിന്ന് വന്നയാൾക്ക് !!!

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഈമാസം ആറിനാണ് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യപരിശോധന നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകകയാണ്.രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ (ഡിസംബര്‍ 13) കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

Scroll to Top