ചുറ്റും വെള്ളമാണെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാത്ത അവസ്ഥ. ജീവജലത്തിനായി ജീവിതത്തിന്റെ നല്ലൊരു പങ്കും പൈപ്പിൻ ചുവട്ടിൽ കാത്തിരുന്നു തീർക്കുന്നൊരു നാട്. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമ പറയുന്നത് പണ്ടാരതുരുത്തിന്റെ കഥയാണ്.

നൂറോളം കുടുംബങ്ങളാണ് പണ്ടാരതുരുത്തിലെ താമസക്കാർ. വെള്ളമില്ലായ്മ ദുരിതങ്ങളും ദാരിദ്ര്യവും മാത്രം സമ്മാനിക്കുമ്പോഴും ഉള്ളുനിറയെ സ്നേഹമുള്ളവരാണ് ഇവിടുത്തുകാർ. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി പരിമിതികൾക്കിടയിലെ ജീവിതം ആഘോഷമാക്കുന്നവർ. അവരുടെ കഥയാണ് പൈപ്പിൻ ചുവട്ടിലെ തമാശയവും പ്രണയവുമൊക്കെ വന്നുപോകുമ്പോഴും ജല ദൗർലഭ്യത സാധാരണക്കാരന്റെ ജീവിതത്തിൽ തീർക്കുന്ന ദുരിതത്തിലേക്ക് ശക്തമായി വിരൽചൂണ്ടുകയും ചെയ്യുന്നു ഈ ചിത്രം. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന തമാശപ്പേരാണ് ചിത്രത്തിനെങ്കിലും ചിത്രം പറഞ്ഞു പോകുന്ന കഥയ്ക്ക് നല്ല ഉള്ളുണ്ട്.

ഗോവൂട്ടിയെന്ന നായകകഥാപാത്രമായി നീരജ് മാധവ് മികച്ച പ്രകടനം കാഴ്ചവച്ചു. ഡാൻസ് രംഗങ്ങളിൽ നീരജിന്റെ ചടുലതയും ഊർജവും എടുത്തുപറയേണ്ടതാണ്.റീബ മോണിക്ക ജോൺ ടീനയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരുടെയും കെമിസ്ട്രി മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. അയ്യപ്പൻ എന്ന കഥാപാത്രമായി സുധി കോപ്പ ജീവിച്ചു എന്നുതന്നെയെന്ന് പറയാം.അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേത് അങ്കമാലിക്ക് ശേഷം അപ്പാനി ശരതിന്റെ വില്ലൻ വേഷവും ഈ സിനിമയിലൂടെ കാണാം

സിനിമയിലെ അഭിനേതാക്കളെല്ലാം സ്വാഭാവിക അഭിനയം കാഴ്ചവച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നു. സുബീഷ് സുധി, ജാഫർ ഇടുക്കി, തെസ്നിഖാൻ, അജു വർഗീസ്, ഋഷി, ധർമജൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
ഒരാളുടെ മാത്രമല്ല പണ്ടാരതുരുത്തിലെ പല ജീവിതങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. നവാഗത സംവിധായകനെന്ന നിലയിൽ ഡോമിന്റെ ആദ്യ സംവിധാനസംരംഭം മികച്ചതാക്കി. ആന്റണി ജിബിന്റെ തിരക്കഥയും മോശമാക്കിയില്ല. സാമൂഹികപ്രാധാന്യമുള്ള വിഷയത്തിലേക്ക് ഊന്നൽ കൊടുത്തപ്പോൾ സിനിമയുടെ രസച്ചുവടിന് അയവ് വന്നതുപോലെ തോന്നി.

പവി കെ. പവന്റെ ഛായാഗ്രഹണം സിനിമയുടെ മാറ്റ്കൂട്ടുന്നു. മികച്ച ദൃശ്യങ്ങളാണ് ക്യാമറാമാൻ ചിത്രത്തിനായി നൽകിയത്. ബിജിപാൽ ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിമനോഹരം.കൊച്ചു നൊമ്പരങ്ങളും തമാശകളും പ്രണയവുമൊക്കെ ഇഴചേര്‍ന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം കൊച്ച് സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ നിരാശരാക്കില്ല.
Rating 4.5/5

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management