മലയാളി രാഹുലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ

ഹൈദരാബാദ് എഫ്.സിക്കെതിരായ ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേ്സ് 1-0ത്തിന് മുന്നിലെത്തി. മലയാളി താരം കെ.പി രാഹുലാണ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ.4-4-2 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇലവൻ ഇറങ്ങുന്നത്. പ്രഭ്സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, പുടിയ, അഡ്രിയന്‍ ലൂണ, ജീക്‌സണ്‍ സിങ്, കെ.പി. രാഹുൽ, പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി കലാശപോരാട്ടത്തിനിറങ്ങുന്നത്.4-2-3-1 ഫോർമേഷനിലാണ് ഹൈദരാബാദ് കളിക്കുന്നത്.

ലക്ഷ്മികാന്ത് കട്ടിമാണിയാണ് ഹൈദരാബാദിന്റെ ഗോൾവല കാക്കുന്നത്. ആകാശ് മിശ്ര, ജുവാനൻ, ചിങ്ലെൻസാന സിങ് കോൻഷാം, ആശിഷ് റായ് എന്നിവരാണ് പ്രതിരോധ നിര കാക്കുന്നത്. ജോ വിക്ടർ സൗവിക് ചക്രവർത്തി, മുഹമ്മദ് യാസിർ, ജോയൽ ചിയാനീസ്, അനികേത് ജാദവ് എന്നിവരാണ് മധ്യനിരയെ നയിക്കുന്നത്. സൂപ്പർ സ്ട്രൈക്കറായ ബെർതലോമിയോ ഓഗ്ബച്ചേയാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ​-ഹൈദരാബാദ് എഫ്.സിയും ഐ.എസ്.എൽ കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു.

ആദ്യ പകുതിയിൽ ഏറെ സമയവും ബ്ലാസ്റ്റേഴ്സായിരുന്നു പന്ത് കൈവശം വെച്ചിരുന്നത്. ഇരു​ടീമുകൾക്കും വലിയ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. രണ്ടുതവണ ഹൈദരാബാദ് മുന്നേറ്റ നിര ഗോൾവല ലക്ഷ്യം വെച്ചെങ്കിലും ഗോൾകീപ്പർ പ്രഭ്സുഖന്‍ ഗില്‍ മഞ്ഞപ്പടയുടെ രക്ഷകനായി. 65 ശതമാനം സമയം പന്ത് കൈവശം വെച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ഒരു വലിയ അവസരം പോലു​ം സൃഷ്ടിക്കാനായില്ല.ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സിവെറിയോയുടെ ഹെഡ്ഡർ ഗിൽ തടുത്തിട്ടു. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു സിവെറിയോയുടെ ഗോൾശ്രമം.

മാർക്ക് ചെയ്യപ്പെടാതെ നിന്ന സിവെറിയോ പന്ത് വലയിലേക്ക് ഹെഡ് ചെയ്തിട്ടെങ്കിലും കൃത്യമായി പൊസിഷനിൽ നിന്ന ഗിൽ ബ്ലാസ്റ്റേഴ്സിന് രക്ഷയേകി.കലാശപ്പോര് കാണാനുള്ള ടിക്കറ്റിൽ ഭൂരിഭാഗവും ബ്ലാസ്​റ്റേഴ്സ് ആരാധകർ സ്വന്തമാക്കിയതിനാൽ ഗാലറിയിലെ മുൻതൂക്കം കേരളത്തിനാണ്.ബ്ലാ​സ്റ്റേഴ്സിന്റെ ആറാട്ട് കാണാനെത്തിയ ആരാധകർ അക്ഷരാർഥത്തിൽ ഗോവ കയ്യടക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് ബസുകളിലും കാറുകളിലും ഇരുചക്ര വാഹനങ്ങളിലും വരെയാണ് ആരാധകർ ഗോവയിലേക്ക് എത്തിയിരിക്കുന്നത്.

Scroll to Top