ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വിവാഹിതയായി; വരന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയ്.ഇപ്പോഴിതാ, രേഷ്മയുടെ വിവാഹ വാർത്തയാണ് പുറത്തു വരുന്നത്. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയാണ് രേഷ്മയുടെ വരൻ.വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവൻപാറ ശാലേം മർത്തോമാ ചർച്ചിൽ വെച്ചായിരുന്നു വിവാഹം.ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി. മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ് രേഷ്മ. അരുവാപ്പുലം പാർലി വടക്കേതിൽ പി. എം. ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വർഗീസ് ബേബി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ്.

രേഷ്മ അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗമാണ്. ഡിവൈഎഫ്ഐ ജില്ലാഘടകത്തിലും പ്രവർത്തിക്കുന്നു. 21 വയസ്സ് പൂർത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമാകുകയുമായിരുന്നു.കോന്നി വി.എന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായത്.

തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്താണ് രേഷ്മ പിടിച്ചെടുത്തത്.ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയും മുൻപ് വൈറലായി മാറിയിരുന്നു.ബസ് ജീവനക്കാർ മുതൽ തൊഴിലുറപ്പ് ജോലിക്കാർ വരെ ‘ഞങ്ങളുമുണ്ട്, പ്രസിഡന്റിന്റെ കല്യാണത്തിന്’- എന്നു പറയുന്ന രസകരമായ സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു അത്.

Scroll to Top