വയസ്സായ അച്ഛൻ്റെ പ്രണയം അംഗീകരിക്കാൻ നമുക്ക് സാധിക്കും.എന്നാൽ അമ്മയുടെ പ്രണയം അതേരീതിയിൽ ഉൾക്കൊള്ളാൻ സമൂഹത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്

സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ് :
‘ഇഷ്ടം’ എന്ന മലയാളസിനിമ നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്.അച്ഛൻ്റെ രണ്ടാംവിവാഹം സന്തോഷപൂർവ്വം നടത്തിക്കൊടുക്കുന്ന ഒരു മകൻ്റെ കഥയായിരുന്നു അത്.ആ സിനിമയുടെ തിരക്കഥാകൃത്തായ കലവൂർ രവികുമാർ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു-”പ്രേക്ഷകർ നല്ലതുപോലെ സ്വീകരിച്ച സിനിമയായിരുന്നു ഇഷ്ടം.വയസ്സായ അച്ഛൻ്റെ പ്രണയം അംഗീകരിക്കാൻ നമുക്ക് സാധിക്കും.എന്നാൽ അമ്മയുടെ പ്രണയം അതേരീതിയിൽ ഉൾക്കൊള്ളാൻ സമൂഹത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്….”

കൊല്ലം സ്വദേശിയായ ഗോകുൽ എന്ന യുവാവ് ചെയ്ത പ്രവൃത്തി മഹത്തരമാകുന്നത് അതുകൊണ്ടാണ്.വിവാഹമോചിതയായ ഒരമ്മയുടെ മകനാണ് ഗോകുൽ.ഇപ്പോൾ ഗോകുൽ മുൻകൈ എടുത്ത് അമ്മയുടെ രണ്ടാം വിവാഹം നടത്തിയിരിക്കുന്നു.തനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മയ്ക്കും ഒരു കൂട്ട് വേണ്ടേ എന്നാണ് ഗോകുൽ ചോദിക്കുന്നത്.രണ്ടാംവിവാഹം എന്നത് ഇന്നും വ്യാപകമായി എതിർക്കപ്പെടുന്ന ഒരു കാര്യമാണ്.സ്ത്രീകളുടെ കാര്യത്തിൽ അത് വളരെ പ്രകടവുമാണ്.വിധവയും വിവാഹമോചിതയും മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത് സമൂഹം ഒട്ടും ഇഷ്ടപ്പെടുന്നില്ല.

ഒരു പുരുഷൻ മരണമടഞ്ഞാൽ,സമൂഹം അയാളുടെ ഭാര്യയെ സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങും.മരിച്ച ദിവസം തന്നെ ഒാഡിറ്റിങ്ങ് ആരംഭിക്കും.മരിച്ചയാളുടെ ഭാര്യ സദാസമയവും കരഞ്ഞുകൊണ്ടിരുന്നാൽ ”ഇതൊക്കെ ഇച്ചിരി ഒാവറല്ലേ? ” എന്നാവും കമൻ്റ്.കരച്ചിലിനിടയിൽ ഇടവേളകളുണ്ടായാൽ അത് പരദൂഷണസദസ്സുകളിൽ തമാശയ്ക്ക് വിഷയമാകും.ഒട്ടും കരഞ്ഞില്ലെങ്കിൽ അവൾക്ക് മരിച്ചയാളോട് സ്നേഹമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യും !

‘മനസ്സറിയും യന്ത്രം’ എന്നൊരു കൃതി കുട്ടിക്കാലത്ത് വായിച്ചതോർക്കുന്നു.അതുപോലൊരു മെഷീൻ കൈവശമുണ്ടെന്ന മട്ടിലാണ് ഈ വക വിഷയങ്ങളിൽ ആളുകൾ പ്രതികരിക്കാറുള്ളത് !വിധവകൾക്ക് പെരുമാറ്റച്ചട്ടമുണ്ട്.അവർ കളർഫുള്ളായ വസ്ത്രങ്ങളൊന്നും ധരിക്കരുത്.ബ്യൂട്ടിപാർലറിൽ പോകരുത്.ഉറക്കെ ചിരിക്കാൻ പാടില്ല.ബന്ധുക്കൾ ആഗ്രഹിക്കുമ്പോഴെല്ലാം കണ്ണുനീർ വീഴ്ത്തണം.ഇങ്ങനെ നിരവധി വ്യവസ്ഥകളുണ്ട്.അതിൽ ഏതെങ്കിലുമൊരെണ്ണം തെറ്റിച്ചാൽ അവൾ മോശം സ്ത്രീയാകും!

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഒരു വിധവ വിവാഹം കഴിച്ചാലോ? അംഗീകരിക്കാൻ വളരെ പ്രയാസമാണ്.ഭാര്യയെ ഉപദ്രവിക്കുന്നത് തൊഴിലാക്കിയ ഭർത്താക്കൻമാരുണ്ട്.പക്ഷേ അത്തരക്കാർ മരിച്ചാലും, അവരുടെ ഭാര്യമാർ സിംഗിൾ ആയി കഴിയുന്നത് കാണാനാണ് സമൂഹം ഇഷ്ടപ്പെടുന്നത്.സ്നേഹനിധിയായ ഭാര്യയുടെ മരണശേഷം പുനർവിവാഹിതനാകുന്ന ഭർത്താവിന് ഈ വക പ്രശ്നങ്ങളൊന്നുമില്ല !ഇവിടത്തെ പൊതുബോധമനുസരിച്ച്, വിവാഹമോചനത്തിൻ്റെ നിർവചനം എന്താണ്? ഇപ്പോഴും ഡിവോഴ്സ് എന്നാൽ ‘ഭാര്യയുടെ സ്വഭാവം മോശമായതുകൊണ്ട് ഭർത്താവ് ബന്ധം വേർപെടുത്തുന്ന പ്രക്രിയ’ ആണ് !

ക്രൂരനായ ഭർത്താവിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഭാര്യയെപ്പോലും സമൂഹം അംഗീകരിക്കില്ല.സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്ന ചിന്ത മനുസ്മൃതിയുടെ കാലം മുതൽക്ക് പ്രബലമാണല്ലോ.ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഗോകുലിൻ്റെ അമ്മയുടെ കാര്യമെടുക്കാം.വലിയ ഗാർഹികപീഡനങ്ങൾക്കുശേഷമാണ് അവർ വിവാഹമോചനം നേടിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.അപ്രകാരം മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരിക്കുന്ന എത്രയോ സ്ത്രീകളുണ്ട് ഇവിടെ ! പക്ഷേ പെണ്ണ് എത്രയൊക്കെ അനുഭവിച്ചാലും ഇഷ്ടമില്ലാത്ത ബന്ധത്തിൽ കടിച്ചുതൂങ്ങാൻ മാത്രമേ നാട്ടുകാർ ഉപദേശിക്കുകയുള്ളൂ.

ഒരാളുടെ വ്യക്തിജീവിതം അയാളുടെ മാത്രം ഇഷ്ടമാണ്.വിവാഹമായാലും വിവാഹമോചനമായാലും പുനർവിവാഹമായാലും അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്.നിയമവിധേയമായി ജീവിക്കുന്ന ഒരാളുടെ പേഴ്സണൽ സ്പേസിൽ തലയിടാൻ മറ്റൊരാൾക്ക് അവകാശമില്ല.ഒരു ബന്ധം വിജയകരമാകണമെങ്കിൽ, അതിൽ ഉൾപ്പെട്ട വ്യക്തികൾ സന്തുഷ്ടരായിരിക്കണം.എല്ലാ ജീവിതങ്ങളും ആ തത്വത്തിനനുസരിച്ച് പരുവപ്പെടണം.പുനർവിവാഹം ഒരാൾക്ക് സന്തോഷവും സമാധാനവും നൽകുന്നുണ്ടെങ്കിൽ എന്തിനാണ് അതിനെ നിരുത്സാഹപ്പെടുത്തുന്നത്?

”ആളുകൾ എന്തുപറയും? ” എന്ന ഒറ്റച്ചോദ്യത്തിൻ്റെ പേരിൽ തകർന്നുപോയ സ്വപ്നങ്ങൾക്ക് കണക്കില്ല.ഗംഭീര സദ്യ മൂക്കുമുട്ടെ തട്ടിയതിനുശേഷം കറികളെ കുറ്റം പറയുന്ന ആളുകളെ കണ്ടിട്ടില്ലേ?എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ ആർക്കും സാധിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.ജീവിത­ത്തിലെ സുപ്രധാന ഘട്ടങ്ങളിലെല്ലാം അത് മനസ്സിലാക്കിവേണം തീരുമാനമെടുക്കാൻ…
പ്രായമായവരെ തിരുത്താൻ പ്രയാസമാണ്.കുട്ടികളെ നല്ലതുപഠിപ്പിച്ചാൽ വ്യവസ്ഥിതി മെച്ചപ്പെടും എന്ന കാര്യം ഉറപ്പാണ്.വളർന്നുവരുന്ന ഗോകുൽമാരിലാണ് എൻ്റെ പ്രതീക്ഷകൾ മുഴുവനും…..

Written by-Sandeep Das

Scroll to Top