വീണുടഞ്ഞ കണ്ണീർതുള്ളികൾ,ന്യൂസിലൻഡിനെ അങ്ങനെയേ വിശേഷിപ്പിക്കാൻ ആകുന്നുള്ളു ; വൈറൽ പോസ്റ്റ്.

ക്രിക്കറ്റ് മാച്ചിൽ ന്യൂസിലാൻഡ് തോറ്റതിനെ സംബന്ധിച്ച് ഒരുപാട് കളിയാക്കലുകളും കമന്റ്കളും വന്നിരുന്നു.എന്നാൽ ഇവിടെ വൈറലാകുന്നത് വേറിട്ട ഒര് കുറിപ്പാണ്.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.വീണുടഞ്ഞ കണ്ണുനീർത്തുള്ളി.ഈ നിമിഷത്തിൽ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനെ അങ്ങനെ വിശേഷിപ്പിക്കാനേ സാധിക്കുന്നുള്ളൂ.ഇന്ത്യൻ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയത് ന്യൂസീലൻഡായതുകൊണ്ട് അവർ ഫൈനലിൽ തോറ്റത് നന്നായി എന്ന് അഭിപ്രായപ്പെടുന്ന പലരെയും കണ്ടു.അതിനോട് ഒരു ശതമാനം പോലും യോജിപ്പില്ല.ഇന്ത്യ ന്യൂസീലൻഡ് സെമിഫൈനൽ ഒരു നെയിൽബൈറ്റർ ആയിരുന്നു.അത്രയും കടുത്ത മത്സരം വിജയിച്ചപ്പോഴും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ മുഷ്ടിചുരുട്ടി ആക്രോശിച്ചിരുന്നില്ല.ആനന്ദം പ്രകടിപ്പിക്കാൻ അസഭ്യവർഷം ചൊരിഞ്ഞിരുന്നില്ല.ഒരു ചെറുചിരിയിൽ അയാൾ എല്ലാ ആഘോഷവും ഒതുക്കിമത്സരത്തിനുശേഷം ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ തട്ടുന്ന ഒരു സന്ദേശവും നൽകി.ന്യൂസീലൻഡ് ക്രിക്കറ്റ് ടീം കാലങ്ങളായി പിന്തുടർന്നുവരുന്ന സംസ്കാരം ഇതാണ്.അതുകൊണ്ടാണ് ബ്ലാക് ക്യാപ്സിന് വിരോധികൾ ഇല്ലാത്തതും.സെമിഫൈനലിനുശേഷം ന്യൂസീലൻഡിൻ്റെ മുൻക്യാപ്റ്റൻ ബ്രെണ്ടൻ മക്കല്ലത്തിനും ഇന്ത്യയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.എന്നാൽ അതേസമയം മുൻ ഇംഗ്ലിഷ് സ്കിപ്പർ മൈക്കൽ വോൻ ഇന്ത്യയേയും വിരാട് കോഹ്ലിയേയും പരിഹസിക്കുകയാണ് ചെയ്തത്.രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം ആ സംഭവത്തിൽത്തന്നെ കാണാം.

ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ വിജയശില്പിയായി മാറിയ ബെൻ സ്റ്റോക്സിനെ നേരത്തെ പുറത്താക്കാനുള്ള അവസരം ന്യൂസീലൻഡിന് ലഭിച്ചതാണ്.നിർഭാഗ്യവശാൽ ക്യാച്ച് എടുക്കുന്നതിനിടെ ട്രെൻ്റ് ബോൾട്ട് ബൗണ്ടറി റോപ്പിൽ ചവിട്ടി.ഇതുകണ്ടപാടെ മാർട്ടിൻ ഗപ്ടിൽ ‘സിക്സർ’ എന്ന് ആംഖ്യം കാണിച്ചു.അമ്പയറുടെ തീരുമാനത്തിനുപോലും അവർ കാത്തുനിന്നില്ല.ഒരു വേൾഡ് കപ്പ് ഫൈനലിൽ സത്യസന്ധത മുറുകെപ്പിടിക്കുക എന്നത് എളുപ്പമല്ല.ക്രിക്കറ്റ് ഏറ്റവും മാന്യമായ രീതിയിൽ കളിക്കണം എന്ന ചിന്തയൊക്കെ ഇംഗ്ലണ്ട് പോലും ഉപേക്ഷിച്ചുകഴിഞ്ഞ ഘട്ടത്തിലാണ് ന്യൂസീലൻഡ് ഇത് ചെയ്തത്.സ്റ്റോക്സിൻ്റെ ബാറ്റിൽത്തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞ ഗപ്ടിലിൻ്റെ ആ ത്രോയാണ് ന്യൂസീലൻഡിന് ലോകകപ്പ് നിഷേധിച്ചത്.മിക്ക ക്രിക്കറ്റ് പ്രേമികളും അത്തരമൊരു സംഭവം ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.അപ്പോഴും ന്യൂസീലൻഡ് വിട്ടുകൊടുത്തില്ല.സൂപ്പർ ഒാവറിൽ ഇഞ്ചോടിഞ്ച് പൊരുതി.ഇംഗ്ലണ്ടിനൊപ്പംതന്നെ സ്കോർ ചെയ്തു.പക്ഷേ കൂടുതൽ ബൗണ്ടറികൾ നേടി എന്ന കാരണത്താൽ ഇംഗ്ലണ്ട് ജയിച്ചു.ഇത്ര ദൗർഭാഗ്യകരമായ രീതിയിൽ ഒരു ട്രോഫി നഷ്ടമായ വേറെ എത്ര ടീമുകളുണ്ടാവും? ക്രിക്കറ്റിൻ്റെ കാര്യം വിടാം.ഇത്തരം സംഭവങ്ങൾ സ്പോർട്സിൽത്തന്നെ ഒരപൂർവ്വതയാണ്.പസഫിക് സമുദ്രത്തിലെ ഒരു കൊച്ചുദ്വീപാണ് ന്യൂസീലൻഡ്.ബാംഗ്ലൂർ നഗരത്തിൻ്റെ ജനസംഖ്യ പോലും അവർക്കില്ല.സ്വാഭാവിക­മായും അതുല്യപ്രതിഭകൾ ഉയർന്നുവരുന്നത് വിരളവുമാണ്.അങ്ങനെയുള്ള ഒരു രാജ്യമാണ് ഇതുപോലുള്ള വൻകിട ടീമുകളുമായി തളരാതെ പൊരുതിനിൽക്കുന്നത്! മതേതരത്വത്തിന് പേരുകേട്ട ഒരിടംകൂടിയാണത്.ന്യൂസീലൻഡിലെ നല്ലൊരുവിഭാഗം ജനങ്ങളും മതമില്ലാത്തവരാണ്.

പറക്കാനറിയാത്ത പാവം പക്ഷിയായ കിവിയുടെ പേരിലാണ് ന്യൂസീലൻഡ് അറിയപ്പെടുന്നത്.അവിടത്തെ കളിക്കാരും പൊതുവെ സാധുക്കളാണ്.’ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹീനമായ തന്ത്രം’ എന്നറിയപ്പെടുന്ന അണ്ടർ ആം ബൗളിങ്ങ് ഒാസ്ട്രേലിയ ഉപയോഗിച്ചത് ന്യൂസീലൻഡിനെതിരെയാണ്.പക്ഷേ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ന്യൂസീലൻഡ് ഒരുകാലത്തും ശ്രമിച്ചിട്ടില്ല.മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാൻ ന്യൂസീലൻഡിന് ഒരിക്കലും കഴിയുമായിരുന്നില്ല.അവരുടെ രക്തത്തിൽ ആ പ്രത്യേകതയില്ല.ഒാസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂസിൻ്റെ മരണത്തിനുശേഷം നടന്ന ഒരു ടെസ്റ്റ് മാച്ചിൽ ഒരു ബൗൺസർ പോലും കിവീസ് എറിഞ്ഞിരുന്നില്ല ! ഒരുപക്ഷേ അവർക്കുമാത്രം സാധിക്കുന്ന കാര്യങ്ങൾ.ഇന്ത്യൻ ടീമിൻ്റെ ലക്ഷണമൊത്ത ആദ്യത്തെ കോച്ചും ഒരു ന്യൂസീലൻഡുകാരനായിരുന്നു-ജോൺ റൈറ്റ് ! 2003ലെ ലോകകപ്പ് ഫൈനലിൽ തോറ്റുപോയെങ്കിലും സൗരവ് ഗാംഗുലിയുടെ സംഘത്തെ നാം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.ആ ഒാർമ്മകളിൽ സൗമ്യമായി ചിരിക്കുന്ന റൈറ്റ് എന്ന മനുഷ്യനുമുണ്ട്.പരിക്കിൻ്റെ നിരന്തര ശല്യമില്ലായിരുന്നുവെ­ങ്കിൽ ക്രിസ് കെയ്ൻസ് എന്ന ന്യൂസീലൻഡുകാരൻ ഒരുപക്ഷേ ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒാൾറൗണ്ടറാകുമായിരുന്നു.എല്ലാം തികഞ്ഞ ഫാസ്റ്റ് ബൗളറായിരുന്നു ഷെയ്ൻ ബോണ്ട്.പരിക്ക് ആ കരിയറും വെട്ടിച്ചുരുക്കി.ന്യൂസീലൻഡ് ടീമും ഇങ്ങനെയാണ്.ഒരുപാട് മത്സരിച്ചിട്ടും ബാക്കിയാവുന്ന അപൂർണ്ണത.1992 ലോകകപ്പിൽ മാർട്ടിൻ ക്രോ എന്ന നായകൻ പ്രദർശനത്തിനുവെച്ച ബുദ്ധിസാമർത്ഥ്യത്തിന് സമാനതകളില്ല.

ദീപക് പട്ടേൽ എന്ന ഒാഫ്സ്പിന്നറെക്കൊണ്ട് ബൗളിങ്ങ് ഒാപ്പൺ ചെയ്യിച്ചതും മാർക്ക് ഗ്രേയ്റ്റ് ബാച്ചിനെ ടോപ് ഒാർഡറിൽ ഇറക്കിയതുമൊക്കെ അക്ഷരാർത്ഥത്തിൽ മാസ്റ്റർ സ്ട്രോക്കുകളായിരുന്നു.പാക്കിസ്ഥാനെതിരായ സെമിഫൈനലിൻ്റെ രണ്ടാംപകുതിയിൽ ക്രോയ്ക്ക് പുറത്തിരിക്കേണ്ടിവന്നു.ഇൻസമാം ഉൾ ഹഖ് ന്യൂസീലൻഡിൻ്റെ നെഞ്ചകം തകർക്കുകയും ചെയ്തു.വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞുവീണിരിക്കുന്നു.കാലം 2019ൽ എത്തിയിരിക്കുന്നു.ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ ഒരു ചെറുപ്പക്കാരൻ വിഷണ്ണമായ മുഖത്തോടെ നിൽക്കുന്നുണ്ട്.പേര് കെയ്ൻ വില്യംസൻ.ഒരു ശരാശരി ടീമിനെ ചുമന്ന് അയാൾ ഫൈനൽ വരെയെത്തി.ജയിക്കാൻ വേണ്ടതെല്ലാം ചെയ്തു.എന്നിട്ടും ലോകകപ്പ് ഒായിൻ മോർഗൻ്റെ കൈവശം ഇരിക്കുന്നു.പ്രിയ ന്യൂസീലൻഡ്,ഇനിയും എത്ര കാലം.? Written by-Sandeep Das

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top