സരിത ചെയ്യുന്ന ആറാമത്തെ കോവിഡ് ഡ്യൂട്ടിയായിരുന്നു അത് ;മാഞ്ഞുപോയത് ഒരു കുടുംബത്തിന്റെ അമ്മത്തണലാണ്

വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസറായിരുന്നു സരിത. കല്ലറ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 10 ദിവസം നീണ്ട കോവിഡ് ഡ്യൂട്ടി തീർത്തു വരാനിരിക്കുമ്പോഴാണു സുഖമില്ലാതാകുന്നത്. ചെറിയൊരു ചുമയും തൊണ്ടവേദനയും മാത്രമായിരുന്നു ലക്ഷണങ്ങൾ. കോവിഡ് പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഗുരുതര പ്രശ്നങ്ങളില്ലാതിരുന്നതു കൊണ്ട് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാനാണ് ഡോക്ടർ നിർദേശിച്ചത്. പിറ്റേന്നു രാവിലെ ഉറക്കത്തിൽ മ രിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.സ്വന്തം ആരോഗ്യവും സുരക്ഷയും മറന്ന് കോവിഡ് ബാധിതരായവർക്കിടയിൽ ശുശ്രൂഷകരാകുന്ന ആരോഗ്യപവർത്തകരിലെ ര ക്തസാക്ഷിയാണ് പുത്തൻചന്ത വില്വമംഗലം വീട്ടിൽ സരിത.

‘‘അച്ഛൻ ഗൾഫിൽ നിന്നു വിളിച്ചപ്പോഴും ചേച്ചി ഹോസ്റ്റലിൽ നിന്നു വിളിച്ചപ്പോഴും ‘അമ്മ ഉറക്കമാണെ’ന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ…’’ അനന്തകൃഷ്ണന് സങ്കടം കൊണ്ടു വാക്കുകൾ തുടരാനായില്ല. അച്ഛൻ യേശുമണിയും ചേച്ചി അർഥനയും അവനെ ചേർത്തുപിടിച്ചു.‘‘സരിത ചെയ്യുന്ന ആറാമത്തെ കോവിഡ് ഡ്യൂട്ടിയായിരുന്നു ഇത്. ഗ്രേഡ് വൺ നഴ്സിങ് ഓഫിസർമാർ നഴ്സിങ് ചാർജ് ആയിട്ടാണ് കോവിഡ് ഡ്യൂട്ടിക്ക് പോയിരുന്നത്. ഒരുപക്ഷേ, നഴ്സുമാരുടെ കുറവു കാരണമായിരിക്കും കോവിഡു രോഗികളുടെ പരിചരണത്തിനായി നിയോഗിച്ചത്. ആദ്യമായിട്ടാണ് സരിതയ്ക്ക് കോവിഡ് രോഗികളെ നേരിട്ടു പരിചരിക്കേണ്ടി വരുന്നത്.

40 വയസ്സിനു മുകളിലുള്ളവരെ കോവിഡ് സെന്ററിൽ ഡ്യൂട്ടിക്കു പൊതുവെ അയയ്ക്കാറില്ല. സരിതയ്ക്ക് 45 വയസ്സായിരുന്നു. അതുപോലെ ഡിസംബറിൽ ഡ്യൂട്ടി ലിസ്റ്റിൽ പേരു വന്നപ്പോൾ ഈ കാരണങ്ങളെല്ലാം ചൂണ്ടികാണിച്ചു മാറ്റിയതാണ്. ജനുവരിയിലെ ലിസ്റ്റിൽ വീണ്ടും പേരു വന്നു. പോകാനുള്ള നിർദേശം വന്നപ്പോൾ പിന്നെ, സരിത മറുത്തൊന്നും പറഞ്ഞില്ല. ലോകം മുഴുവൻ കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന സമയമല്ലേ. എതിർക്കുകയല്ല ചെയ്യേണ്ടതെന്നു ചിന്തിച്ചു കാണും. എല്ലാ കാര്യങ്ങളും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് സരിത.’’ ഭർത്താവ് യേശുമണി പറഞ്ഞു.ഞെക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ വിദ്യാർഥിയാണ് അനന്തകൃഷ്ണൻ. അർഥന അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ഒപ്റ്റോമെട്രി മൂന്നാം വർഷ വിദ്യാർഥിനി.

Scroll to Top