പ്രിയതമന് പിറന്നാളാശംസകൾ നേർന്ന് ഷഫ്‌ന ; ചിത്രം പങ്കുവെച്ച് താരം

ബാലതാരമായി അഭിനയം ആരംഭിച്ച ഷഫ്‌ന, വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. ഷഫ്‌ന മാത്രമല്ല താരത്തിന്റെ ഭർത്താവ് സജിനും അഭിനയരംഗത്ത് സജീവമാണ്. സജിൻ ഇന്ന് മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം ശിവനാണ്. സാന്ത്വനം പരമ്പരയിലൂടെയെത്തിയാണ് മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം ശിവനായി സജിൻ മാറിയത്. സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്ന പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മിശ്രവിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടേയും. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്. പ്രിയപ്പെട്ട ഇക്കായെ കുറിച്ച് എഴുതി ഷഫ്‌നയും രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ പ്രിയതമന് സ്‌നേഹ ചുംബനങ്ങള്‍ നല്‍കുന്ന നിരവധി ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ഒപ്പം സജിനെ പോലൊരാള്‍ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ഭര്‍ത്താവിനെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും ഷഫ്‌ന പറയുകയാണ്.

എന്റെ ഇക്കാക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകള്‍ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങള്‍ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്.

ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിങ്ങള്‍ക്ക് കിട്ടുന്ന സ്‌നേഹം എല്ലാം കണ്ടു ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബെര്‍ത്ത് ഡേ… എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഷഫ്‌ന കുറിച്ചത്.

Scroll to Top