സിനിമയിലെ റേപ്പ് സീൻ വിസമ്മതിച്ചതോടെ ഡ്യുപ്പിനെ വെച്ച് ചെയ്തു, മോശം അനുഭവം ഉണ്ടായിട്ടുണ്ട് : ശോഭന.

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്.1984 മുതല്‍ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്റെ ലോകത്തായിരുന്നു.

2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശോഭന വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ്. തന്റെ സിനിമ ജീവിതത്തെ കുറിച് തന്റെ ജീവിതത്തെകുറിച്ചുമാണ് പറയുന്നത്. ശോഭനയുടെ വാക്കുകളിലേക്ക്,ഞാൻ ഒരിക്കലും എന്നെ കുറിച്ചു ആഴത്തിൽ ചിന്തിച്ചിട്ടേയില്ല. അതിനായി സമയം കളഞ്ഞിട്ടുമില്ല. അച്ഛനും അമ്മയും ഒരുപാട് പുകഴ്ത്തി പറഞ്ഞുകേട്ട ഓർമകളുമില്ല. ചെറുപ്രതികരണങ്ങളായിരുന്നു അവരുടെ അഭിനന്ദനങ്ങൾ. നർത്തകി, നടി എന്നീ ടാഗുകൾ ഭ്രമിപ്പിച്ചിട്ടുമില്ല. പല കലകളിൽ മുഴുകുന്നവർക്ക് അത്തരം ടാഗ് കൊടുക്കേണ്ടതില്ല എന്നാണ് തോന്നൽ. എല്ലാവരും ആർട്ടിസ്റ്റ് ആണ്. ആരുടെയെങ്കിലും ജീവിതത്തിൽ പ്രചോദനമാകാൻ കഴിഞ്ഞു എന്ന നിലയിൽ ഓർമിക്കപ്പെടാനാണ് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത്. പക്ഷേ, ശരിക്കും ഞാൻ ആരെന്ന ചോദ്യം അപ്പോഴുമുണ്ട്.

ഇനിയുള്ള നാളുകളിൽ ‘ഹു ആം ഐ’ എന്നൊരു പുസ്തകം എഴുതുമായിരിക്കും. ഒരുപക്ഷേ, അതിലുണ്ടാകും ഈ ചോദ്യത്തിനുള്ള ഉത്തരം.അന്നത്തെ കാലത്ത് എന്റെ മാനസികനിലയും പ്രായവും വ്യത്യാസമായിരുന്നു. ഇന്ന് എനിക്കു നിറയെ കൂട്ടുകാരുണ്ട്. ഇവിടെ ഞങ്ങൾ നടിമാരുടെ ഒരു ഗ്രൂപ്പുണ്ട്. രേവതി, സുഹാസിനി എന്നിവരൊക്കെയായി കാണാറുണ്ട്.എന്റെ അഭിപ്രായം പറയുന്നതിനു പേടിക്കുന്നത് എന്തിന്? ഞാൻ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. അത്തരത്തിൽ സംസാരിക്കുന്നതിനെ എതിർക്കുന്നവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കൾ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നു.ഒരു സിനിമയിൽ റേപ് സീനുണ്ടായിരുന്നു. ഞാനതിനു ഓക്കെ അല്ലെന്നു കഥ പറഞ്ഞ സമയത്തേ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ, ആ സീനിൽ ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ചു സിനിമയിൽ ചേർത്തു. സിനിമ ഇറങ്ങിയപ്പോൾ അച്ഛൻ അതു പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ അതു ചെയ്തത് ശരിയല്ലല്ലോ. എനിക്കു കംഫർട്ടബിൾ എന്നു തോന്നുന്നതേ ചെയ്യാറുള്ളൂ. മലയാളത്തിൽ എനിക്കു മോശം അനുഭവങ്ങളുണ്ടായിട്ടില്ല.

Scroll to Top