‘ഇന്ദ്രന്‍സ് ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി’ ; ‘ഹോം’ സിനിമയ്ക് അഭിനന്ദനവുമായി സിദ്ധാർഥ്

കൊവിഡ്‍ കാല മലയാളം ഒടിടി റിലീസുകള്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ഒന്നായിരുന്നു ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹോം’ .റോജിന്‍ തോമസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന മധ്യവര്‍ഗ്ഗ കുടുംബനാഥനായാണ് ഇന്ദ്രന്‍സ് എത്തിയത്. ഇന്ദ്രന്‍സിന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഒലിവര്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയതിനാല്‍ മലയാളികള്‍ക്ക് പുറത്തേക്കും ചിത്രം എത്തിയിരുന്നു. പല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

റോജിൻ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ളൈ, നസ്ലെൻ, കൈനകരി തങ്കച്ചൻ, ജോൺ ആന്റണി, കെ പി ഏ സി ലളിത, ശ്രീകാന്ത് മുരളി, വിജയ് ബാബു എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ത്രില്ലറുകൾ കൊണ്ടും റിയലിസ്റ്റിക് ചിത്രങ്ങൾ കൊണ്ടും സമ്പന്നമായിരിക്കുന്ന ഇന്നത്തെ മലയാള സിനിമയിൽ പ്രേക്ഷകർക്ക് ലഭിച്ച ഒരു പക്കാ ഫീൽ ഗുഡ് ചിത്രമാണ് ഹോം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് തമിഴ് നടന്‍ സിദ്ധാർഥ് രംഗത്തെത്തിയിരിക്കുകയാണ് . സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ ആഗ്രഹിക്കുന്നതായി സിദ്ധാര്‍ഥ് പറഞ്ഞു. ശ്രീനാഥ് ഭാസിക്കും താരം പ്രശംസ അറിയിക്കുന്നുണ്ട്.

“ഹോം എന്ന ചിത്രം എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. എന്‍റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രന്‍സ് ചേട്ടന്‍. ഈ ചിത്രം കണ്ടതിനു ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തില്‍ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്നേഹം”, ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Scroll to Top