വർഷങ്ങൾക്കു മുൻപ് ഒരു പോളിടെക്‌നിക്ക് കോളേജിലെ ക്ലാസ് മുറിയിൽ വെച്ച് അധ്യാപകന്റെ വളരെ ഗൗരവമുള്ള ഒരു ചോദ്യത്തിന് കുസൃതി നിറഞ്ഞ ഉത്തരം നൽകിയ ഒരു പയ്യനെ അദ്ദേഹം ക്ലാസിനു പുറത്താക്കി. തുടർന്നുള്ള ദിവസങ്ങളിൽ ഹാജർ വിളിച്ച ശേഷം എന്നും അവനെ അദ്ദേഹം ക്ലാസ്സിൽ നിന്ന് ഇറക്കിവിടാൻ തുടങ്ങി. പിന്നീട് കോഴ്‌സ് കഴിഞ്ഞു പയ്യൻ കോളേജ് വിട്ടു. അതിനു ശേഷം അവൻ ആ അധ്യാപകനെ കണ്ടില്ല.

അങ്ങനെ വർഷങ്ങൾ കടന്നുപോയി. വളരെക്കുറച്ചു കാലം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ അവനെ അന്വേഷിച്ചു അവൻ്റെ വീട്ടിലേക്ക് രണ്ട് സിനിമാക്കാരെത്തി. യാതൊരു വിധ സിനിമ പാരമ്പര്യമോ ഇല്ലാത്ത, സിനിമാക്കാരെ പരിചയമില്ലാത്ത ആ യുവാവിനെ സിനിമയിലേക്ക് ക്ഷണിയ്ക്കാനായി അന്വേഷിച്ചെത്തിയത് തമ്പി കണ്ണന്താനവും അദ്ദേഹത്തിൻറെ അസിസ്റ്റന്റ് ആയിരുന്ന കമലും ആയിരുന്നു.

പണ്ട് തന്നെ ക്ലാസ്സിൽ നിന്നിറക്കിവിട്ട ഗീവർഗ്ഗീസ് എന്ന അദ്ധ്യാപകന്റെ ശുപാർശയാണ് തനിയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത് എന്ന് ആ യുവാവ് മനസിലാക്കി. കോളേജിൽ പിള്ളേരെ നന്നായി ചിരിപ്പിച്ച അവന്റെ മിമിക്രി ആ അദ്ധ്യാപകൻ ഒളിഞ്ഞു നിന്നാസ്വദിച്ചിരുന്നു. അങ്ങനെ ‘ആ നേരം അൽപ ദൂരം’ എന്ന സിനിമയിലൂടെ സിദ്ദിഖ് എന്ന ആ യുവാവ് സിനിമാനടനായി.

സൂപ്പർ താരങ്ങൾക്കൊപ്പം ചെറിയ റോളുകളിൽ അഭിനയിച്ചു തുടങ്ങിയ സിദ്ദിഖ് പിന്നീട് നായകനായി. അന്നത്തെ യുവനടന്മാരോടൊപ്പം ചേർന്ന് സൂപ്പർഹിറ്റുകൾ ഉണ്ടാക്കി. മലയാളി പ്രേക്ഷകർക്ക് ഇങ്ങേരെ പിന്നെ വല്ലാതങ്ങു ബോധിച്ചു. വില്ലനോ സഹനടനോ, റോൾ എന്തുമാവട്ടെ, കോമഡിയോ സെന്റിമെൻസോ, സിറ്റുവേഷൻ എന്തുമാവട്ടെ. ഇവിടെ എല്ലാം ഭംഗിയായി ചെയ്തുകൊടുക്കപ്പെടും എന്ന സ്ഥിതിയായി. നായകന് മാത്രമല്ല, വില്ലനും തീയറ്ററിൽ കയ്യടികൾ കിട്ടിത്തുടങ്ങി. ഒരു മോശം സിനിമയിലെ ഇദ്ദേഹം അഭിനയിച്ചാൽ നമ്മൾ പറയും ‘പടം പോരാ, പക്ഷെ സിദ്ദിഖ് തകർത്തു’ എന്ന്. പിന്നീട് കഥാപാത്രങ്ങൾക്കനുസരിച്ച് ഗെറ്റപ്പിൽ വൻ മാറ്റങ്ങൾ വരുത്തിത്തുടങ്ങി.

പണ്ട് തനിക്കൊപ്പം സിനിമയിലെത്തിയ പലരും ഫീൽഡിൽ പിടിച്ചു നിൽക്കാൻ പാടുപെട്ടു മിനിസ്‌ക്രീനിലേക്ക് ചുവടുമാറിയപ്പോഴും സിദ്ദിഖ് അന്നും ഇന്നും മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഒരേ നിൽപ്പാണ്. പുതിയ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ആ സ്ഥാനത്തിന് ഇളക്കം തട്ടാത്തത് ഇദ്ദേഹം അത്ര ‘അപ്ഡേറ്റഡ്’ ആയതിനാലാണ്.

ഒരു നല്ല വിഗ്ഗും സ്റ്റൈലൻ ഗ്ളാസ്സും വെച്ചാൽ ആള് നല്ല അസ്സൽ ‘മമ്മൂട്ടി ലുക്കാണ്’. പക്ഷെ അഭിനയത്തിലെ അതേ സത്യസന്ധത ജീവിതത്തിലും കാണിയ്ക്കുന്നതുകൊണ്ടാവാം, സിദ്ദിഖിനെ സിനിമയ്ക്ക് പുറത്ത് അങ്ങനെ കാണാറില്ല.

മികച്ച നടനുള്ള സംസ്ഥാന അവാർഡോ ദേശിയ അവാർഡോ ഇതുവരെ കിട്ടാത്ത ഒരു മികച്ച നടൻ !!

‘അല്ലെങ്കിലും ആർക്കു വേണം ഈ കള്ള ബുദ്ധിജീവികളുടെ അംഗീകാരം’ : വിഷ്ണു നാരായണൻ

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management