‘സന്തോഷം തരുന്നില്ലെങ്കിലും ശരിയായ തീരുമാനം’ ; ശ്രീശാന്ത് വിരമിച്ചു !!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു.നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്കോട്ടിൽ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍(2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി.ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ ഒരേയൊരു മലയാളി താരമാണ് ശ്രീശാന്ത്.ഐ പി എല്ലിലെ ഒത്തുകളി വിവാദത്തിൽ അറസ്റ്റിലായ ശ്രീശാന്ത് ഏറെക്കാലം ജയിലിൽ കഴിഞ്ഞു. ബി സി സി ഐ ക്രിക്കറ്റിൽ നിന്ന് ആജീവനാന്തം വിലക്കി എങ്കിലും കുറ്റവിമുക്തൻ ആക്കിയതോടെ കോടതി ഇടപെടലിൽ വിലക്ക് ഏഴു വർഷം ആക്കി കുറച്ചു.

Scroll to Top