മനസ്സ് നിറച്ച് തമാശ [റിവ്യൂ വായിക്കാം ]

ഈദ് റിലീസായി തമാശ എത്തി.അഷ്‌റഫ്‌ ഹംസയുടെ സംവിധാനവും സമീർ താഹിർ ഒരുക്കിയ ദൃശ്യങ്ങളും തമാശയെ സുഖമുള്ള കാഴ്ചയാക്കി മാറ്റുന്നു.. ഒരു സാധാരണക്കാരന്റെ ജീവിതം വിനയ് ഫോർട്ട്‌ മനോഹരമായി പകർന്നാടുന്നു.ജീവിതം ഒരു തമാശ തന്നെയാണ്.. ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തോന്നുക അത് തന്നെയായിരിക്കും… വിനയ് ഫോർട്ട്‌ എന്ന നടന്റെ അപാരമായ സാദ്ധ്യതകൾ തമാശ നമുക്ക് കാട്ടിത്തരുന്നു. നിറം കൊണ്ടും ഉയരം കൊണ്ടും ആകാരം കൊണ്ടും മനുഷ്യർ പരിഹാസിതരാകുന്ന ഈ കാലത്ത് സീരിയസ് ആയിട്ടു സമീപിക്കേണ്ട ഒരു ‘തമാശ’യെയാണ് അഷ്റഫ് ഹംസ പെരുന്നാൾ സമ്മാനമായി മലയാളികൾക്ക് നൽകിയിരിക്കുന്നത്. ബോഡി ഷെയിമിങ്ങിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോഴും അക്കാര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന സത്യത്തിലേക്കാണ് സംവിധായകൻ തന്നെ കഥാകാരനുമായ തമാശ എന്ന ഈ ചിത്രം വിരൽ ചൂണ്ടുന്നത്.

31 വയസ്സുകാരനായ മലയാളം കോളേജ് അധ്യാപകനാണ് ശ്രീനിവാസൻ മാഷ്. സൗമ്യനും, എല്ലാവരാലും ബഹുമാനിക്കപ്പെടുന്നതുമായ ശ്രീനി മാഷിന്റെ കഷണ്ടി ആർക്കൊക്കെയോ വലിയ പ്രശ്നമാണ്. അത് തന്നിലേക്ക് ഉൾവലിയാൻ ശ്രീനി മാഷിനെ ഇടയാക്കുന്നു. സിനിമയിൽ ഉടനീളം ശ്രീനിയുടെ മനോവ്യാപാരങ്ങളിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിക്കുവാൻ വിനയ് ഫോർട്ട് എന്ന നടന് സാധിച്ചു എന്നതാണ് തമാശയെ കാര്യമാക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിൽ ശ്രീനി മാഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്..ഓരോ അഭിനേതാക്കളും അവരുടേതായ ഭാഗങ്ങളെ മനോഹരമാക്കാൻ മത്സരിച്ചു തന്നെ മുന്നിട്ട് നിന്നപ്പോൾ മനോഹരമായ ഗാനങ്ങളും മികച്ച ക്യാമറ വർക്കുകളും തമാശയെ കൂടുതൽ ഹൃദ്യമാക്കി. അറിയാതെ ആണെങ്കിൽ പോലും മറ്റൊരുവനെ അവന്റെ നിറത്തിന്റെ പേരിലോ ഉയരത്തിന്റെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ കളിയാക്കിയിട്ടുള്ളവരാണ് നാമെല്ലാവരും. ചിലപ്പോൾ അത്തരത്തിൽ പരിഹാസിതനാകേണ്ടി വന്നവനോ വന്നവളോ ആകാം നാം. അതു കൊണ്ടു തന്നെ കാര്യമായി എടുക്കേണ്ട ഈ തമാശ നമ്മുടെ ജീവിത കഥ കൂടി തന്നെയാണ്.

Scroll to Top