മാളികപ്പുറം വിജയത്തിന് അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയിലെത്തി ഉണ്ണി മുകുന്ദൻ

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഉള്ളത്. ചിത്രം 25 കോടിയാണ് നേടിയതെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഉണ്ണി മുകുന്ദന്‍റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്.ആദ്യ രണ്ട് ദിനങ്ങളിലേക്കാൾ കളക്ഷനാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഈ കഴിഞ്ഞ ദിവസം ജി.സി.സിയിലും മറ്റ് സ്ഥലങ്ങളിലും റിലീസ് ചെയ്യുകയും ചെയ്തു.സിനിമ വൈഡ് റിലീസിങ്ങിന് ഒരുങ്ങുകയാണ്.

ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ.ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം.

സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാൻ സന്നിധാനത്എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്.ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.ഉണ്ണി മുകുന്ദന്റെ വാക്കുകൾ ;

നമസ്കാരം,ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു.

വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു.സ്നേഹത്തോടെ,ഉണ്ണിസ്വാമി ശരണം.

Scroll to Top