“കരളിന്റെ കരളായ മക്കൾ “: അച്ഛൻമാരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കരൾ പകുത്ത് ദമ്പതികൾ

ടോമും ടോണിയും ഇനി മക്കളെ ‘എന്റെ കരളേയെന്നു’ വിളിക്കുമ്പോൾ അതിശയിക്കാൻ ഒന്നുമില്ല . സ്വന്തം അച്ഛന്മാരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി കരൾ പകുത്തു നൽകി മാതൃകയായിരിക്കുകയാണു ഈ യുവ ദമ്പതികൾ. റോയിയും മിലിയും നേരത്തെ മനപ്പൊരുത്തമുള്ളവരാണെന്ന് നാട്ടുകാരും വീട്ടുകാരും ചൂണ്ടിക്കായിരുന്നു. ഇരുവരും തമ്മിൽ പിതൃസ്നേഹത്തിന്റെ ‘കരൾ പൊരുത്തം’ കൂടിയായിരിക്കുന്നു. റോയ് പിതാവ് ടോമിക്ക് 12 വർഷം മുൻപാണു കരൾ നൽകിയത്. വണ്ടൂർ കവക്കൽ ടോമി- കുഞ്ഞുമോൾ ദമ്പതികളുടെ മകനാണു റോയി. 12 വർഷം മുൻപ്, റോയി എംബിഎയ്ക്കു പഠിക്കുന്നകാലത്താണു പിതാവ് ടോമിയുടെ ആരോഗ്യനില വഷളായത്. അന്ന് കരൾ ദാനം ചെയ്യൽ അത്ര വ്യാപകമായിട്ടില്ല. പിതാവിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ റോയി എന്തിനും തയാറായിരുന്നു.

അങ്ങനെ, ഡൽഹിയിൽ വച്ച് ശസ്ത്രക്രിയ കഴിഞ്ഞു. റോയിയുടെയും കുടുംബത്തിന്റെ സന്തോഷത്തിനു കൂട്ടായി ഇപ്പോഴും ടോമിയുണ്ട്. മിലി, റോയിയുടെ ജീവിത സഖിയാകാൻ തീരുമാനിച്ചപ്പോൾ, പിതാവിനായി കരൾ ദാനം ചെയ്തയാളോടുള്ള സ്നേഹം കൂടി അതിനു കാരണമായിരുന്നു. മിലിയുടെ പിതാവ് ടോണിക്കു കരളിൽ അർബുദം കണ്ടെത്തിയത് ഈയടുത്താണ്. ഉടൻ കരൾമാറ്റ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചു.

മകളിൽ നിന്നു സ്വീകരിച്ച കരളുമായി അച്ഛൻ ടോണി സുഖം പ്രാപിച്ചു വരുന്നു. ഒരു മാസം മുൻപ് ശസ്ത്രക്രിയയ്ക്കു വിധേയയായ മിലി ഇപ്പോൾ വിശ്രമത്തിലാണ്.രണ്ടു സഹോദരിമാർ കൂടിയുണ്ട് മിലിക്ക്. പിതാവിനു കരൾ നൽകാൻ എല്ലാവരും തയാറായിരുന്നു. ഒടുവിൽ മിലി തന്നെ നൽകാൻ തീരുമാനിച്ചു. അനുഭവത്തിന്റെ കരുത്തുള്ള പിന്തുണയുമായി റോയി ഒപ്പം നിന്നു. കൊച്ചിയിലെ ആസ്റ്റർ ആശുപത്രിയിൽ കഴിഞ്ഞ മാസമാണു മിലി ശസ്ത്രക്രിയയ്ക്കു വിധേയായത്. മൂന്നു മാസത്തെ നിർബന്ധിത വിശ്രമത്തിന്റെ ഭാഗമായി ഇപ്പോൾ കൊച്ചിയിലാണ്.

Scroll to Top