വിദ്യാഭാസമന്ത്രിയോടും യൂണിവേഴ്സിറ്റിയോടും ഒരു അഭ്യർത്ഥനയുണ്ട്,ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിർത്തികളയൂ ; ഒരച്ഛന്റെ വൈറൽ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരച്ഛന്റെ ഫേസ്ബുക് പോസ്റ്റാണ്.തൻറെ മകൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അതും യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കോടെ.എന്നിട്ടും കേരളത്തിൽ ജോലി ലഭിക്കുന്നില്ല.ജോലിക്കായി ചെല്ലുമ്പോൾ പണമാണ് ചോദിക്കുന്നത്.അതിനെകുറിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി സക്കറിയ പൊൻകുന്നം കുറിപ്പ് ഇടുകയുണ്ടായി.സക്കറിയയുടെ കുറിപ്പ് ഇങ്ങനെ ;
ഒടുവിൽ ഞങ്ങളുടെ സാറാ.. ഇതാ കാനഡയിലേക്ക്. ഞങ്ങളുടെ കൂടെ ഈ നാട്ടിൽ ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചു. ഞങ്ങളും ആഗ്രഹിച്ചു. പക്ഷേ, വെറുതെ നിൽക്കാൻ ആവില്ലല്ലോ. ഒരു നല്ല ജോലി ഇക്കാലത്ത് ആവശ്യമാണ്. അവൾ നന്നായി പഠിച്ചു. പഠനത്തിൽ നന്നായി അദ്ധ്വാനിച്ചു. നല്ല റിസൽട്ട് ലഭിച്ചു. ഇംഗ്ലീഷ് സാഹിത്യം ബിഎയ്ക്ക് എംജി യൂണിവേഴ്‌സിറ്റിയുടെ ഒന്നാം റാങ്ക്, എംഎയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റിയുടെ ഒന്നാം റാങ്ക്. നെറ്റ് പരീക്ഷയും വിജയിച്ചു. പക്ഷേ, ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും ഈ ഉന്നത വിജയം നേടിയ കുട്ടിയെ വേണ്ട. എല്ലാവർക്കും വേണ്ടത് പണമാണ്, പണം! അതും ലക്ഷങ്ങൾ.
ഒരു കോളജ് അദ്ധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങൾ സാധാരണക്കാരന് താങ്ങാനാവില്ല. ഒരു പിതാവ് എന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രിയോടും യൂണിവേഴ്സിറ്റികളോടും ഒരു അഭ്യർത്ഥന ഉണ്ട്. ദയവു ചെയ്ത് ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിർത്തി കളയൂ. എന്തിനാണ് കുട്ടികൾക്ക് വെറുതെ ആശ കൊടുക്കുന്നത്? എന്റെ മകൾ റാങ്കിനു വേണ്ടി പഠിച്ചതല്ല, പഠിച്ചപ്പോൾ റാങ്ക് കിട്ടി പോയതാണ്. അത് കിട്ടുമ്പോൾ ആ കുട്ടികൾ സ്വാഭാവികമായും വിചാരിക്കുന്നു ഇവിടെ ഒരു ജോലിക്ക് പ്രഥമ പരിഗണന കിട്ടുമല്ലോ എന്ന്.
പക്ഷേ ദു:ഖമുണ്ട്, ഇന്ന് പ്രഥമ പരിഗണന ഞാൻ എത്ര തുക നിയമനത്തിന് കൊടുക്കും എന്നതാണ്. പഠനവും, കഴിവും പഠിപ്പിക്കാനുള്ള താൽപര്യവും ആർക്ക്, ഏത് മാനേജ്മെന്റിന് വേണം? അങ്ങിനെ ഒരു താൽപര്യം ഏതെങ്കിലും കോളജിന് ഉണ്ടെങ്കിൽ എന്റെ കുട്ടി കഴിഞ്ഞ രണ്ടുവർഷം , കാത്തിരുന്ന് ഒടുവിൽ ഒരു വിദേശ രാജ്യത്ത് അഭയം തേടി പോകേണ്ടി വരില്ലായിരുന്നു.
ബഹു. വിദ്യാഭ്യാസ മന്ത്രിയോട് ഒരു അഭ്യർത്ഥന ഉണ്ട്. ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം അവരുടെ പഠനത്തിന് യോഗ്യമായ തസ്തികകളിൽ കാലതാമസം കൂടാതെ നിയമിച്ച് അവരിൽ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകൾക്ക് പ്രയോജനപ്പെടുത്താൻ ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം. ഒരു അപേക്ഷയാണ്.

Scroll to Top