100 കോടി ക്ലബ്ബിൽ മാളികപ്പുറം;ബോക്സ് ഓഫീസ് വിജയം നേടിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഉള്ളത്.വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ‘മാളികപ്പുറം’ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.സിനിമയുെട അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. സിനിമയുടെ ആഗോള കലക്‌ഷനാണിത്.ഉണ്ണി മുകുന്ദന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്. താരവും സന്തോഷം പങ്കുവെച്ചു.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. ചിത്രം ഒന്നര മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബിൽ എത്തി നിൽക്കുന്നത്.

കേരളത്തിനു പുറത്ത് ബെംഗളൂർ, മുംബൈ, ഡൽഹി എന്നിവടങ്ങളിലും ഹൗസ്ഫുൾ ഷോയാണ് നടക്കുന്നത്.ആദ്യ രണ്ട് ദിനങ്ങളിലേക്കാൾ കളക്ഷനാണ് മൂന്നാം ദിനം ചിത്രം നേടിയത്. ഈ കഴിഞ്ഞ ദിവസം ജി.സി.സിയിലും മറ്റ് സ്ഥലങ്ങളിലും റിലീസ് ചെയ്യുകയും ചെയ്തു. ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ.ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം.ഇപ്പോൾ 233 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

Scroll to Top