ബോക്സ്ഓഫിസിൽ ‘പ്രളയം’ സൃഷ്ടിച്ച് ‘2018’; നാല് ദിവസം 32 കോടി നേടി !!

2018ലെ മഹാപ്രളയത്തിന്റെ ഓര്‍മകള്‍ മലയാളി മനസുകളില്‍ വീണ്ടും സൃഷ്ടിച്ച സിനിമയാണ് ‘2018’.കേരളത്തിന്‍റെ 2018 ലെ പ്രളയകാലം സ്ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു വലിയ സ്വപ്ന സാക്ഷാൽക്കാരത്തിനു മുന്നിൽ ആണ് ജൂഡ് ആന്തണി എന്ന സംവിധായകൻ.ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഒരേ തരത്തില്‍ വന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ വൈകുന്നേരത്തോടെ തിയറ്ററുകളില്‍ പ്രതിഫലിച്ചു. കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്സുകളില്‍ ചെറിയ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്ക്രീനുകളിലേക്ക് മാറ്റി.

സെക്കന്‍ഡ് ഷോകള്‍ക്ക് ശേഷവും ചിത്രം കാണാനുള്ള ആവേശം നിലനിന്നിരുന്നതിനാല്‍ നിരവധി എക്സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ നടന്നത്. എന്നാല്‍ എക്സ്ട്രാ ഷോകളുടെ കാര്യത്തില്‍ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് പുറത്തെത്തുന്ന വിവരം.നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 32 കോടിയാണ്. സിനിമയുടെ ആഗോള കലക്‌ഷനാണിത്. ഇതോടെ ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിലൂടെ സിനിമ സാമ്പത്തികമായും ലാഭമായിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേരളത്തിൽനിന്നു മാത്രം ലഭിച്ചത് ഒൻപതു കോടി രൂപയാണ്. യുഎഇ കലക്‌ഷന്‍ 9.3 കോടി.ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിൻ്റെ ഭാഗമാണ്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നോബിൻ പോൾ സംഗീതവും, വിഷ്ണു ഗോവിന്ദൻ സൗണ്ട് ഡിസൈനും നിർവ്വഹിച്ചു.

Scroll to Top