180 തുണി കഷണങ്ങൾ 3000 മണിക്കൂറുകള്‍ ; ആലിയയുടെ ജീവിതത്തിലെ പ്രധാന ഓർമകൾ നിറഞ്ഞ ലെഹംഗ !!

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി . മുംബൈ ചെമ്പൂരിലെ ആര്‍.കെ ഹൌസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.പഞ്ചാബി രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.വിവാഹച്ചടങ്ങില്‍സിനിമ,രാഷ്ട്രീയ,വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.

സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്.കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. ബ്രഹ്മാസ്ത്ര യാണ് രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന നി​ഗമനം പുറത്തുവന്നത്.ആലിയ പുറത്തുവിട്ട പോസ്റ്റിലൂടെയാണ് ആരാധകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പുറംലോകം കണ്ടത്.

ഇപ്പോഴിതാ, ആലിയ മെഹന്ദിക്ക് ധരിച്ച ലെഹംഗയുടെ വിശേഷങ്ങളാണ് വൈറൽ. ഇന്ത്യയുടെ വസ്ത്രവൈവിധ്യം നിറയുന്നതാണ് ഈ ലെഹങ്കയുടെ സ്റ്റൈൽ. കശ്മീര്‍, ബനാറസ്, ഗുജറാത്ത്, കാഞ്ചീപുരം എന്നിവടങ്ങളിൽ നിന്നുൾപ്പടെ ഇന്ത്യയുടെ ഓരോ കോണുകളില്‍ നിന്നുമെത്തിച്ച, ഉപയോഗശേഷം ബാക്കിയായ 180 തുണി കഷണങ്ങൾ കൊണ്ടാണ് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഈ ലെഹംഗ ഒരുക്കിയത്.മിജ്വാനിലെ സ്ത്രീകള്‍ 3000 മണിക്കൂറുകള്‍ എടുത്താണ് ഫ്യൂഷ പിങ്ക് നിറത്തിലുള്ള ഈ ലെഹംഗ തുന്നിയത്. കശ്മീരി-ചിങ്കാരി നൂലുകള്‍ ഉപയോഗിച്ചു നെയ്ത ഈ വസ്ത്രത്തിൽ ആലിയയുടെ ജീവിതത്തിലെ പ്രധാന ഓർമകൾ പ്രതീകാത്മകമായും ആവിഷ്കരിച്ചിട്ടുണ്ട്.

ബനാറസി ബ്രൊക്കോഡ്, ബന്ധാനി, ജക്വാര്‍ഡ്, കച്ച രെഷാം ബട്ടൻസ്, ആലിയയുടെ ഏതാനും വസ്ത്രങ്ങളില്‍ നിന്നുള്ള കഷണങ്ങൾ എന്നിവയും ലെഹങ്കയ്ക്ക് മിഴിവേകുന്നു.ലെഹംഗയ്ക്കൊപ്പം അണിഞ്ഞ ബ്ലൗസും പ്രത്യേകതകള്‍ നിറഞ്ഞതാണ്. സ്വര്‍ണ്ണത്തിലും വെള്ളിയിലും നക്ഷി, കോറ പൂക്കളും കച്ചില്‍ നിന്നുള്ള വിന്‍റേജ് സ്വർണ സീക്വിനുകളും ചേർന്നതാണ് ഈ ബ്ലൗസ്. ലെഹംഗയ്ക്ക് മാച്ച് ചെയ്യുന്ന പോള്‍കി, എമറാള്‍ഡ് നെക്‌ലേസ് അണിഞ്ഞാണ് ആലിയ മെഹന്ദി ചടങ്ങിനെത്തിയത്.

Scroll to Top