‘ഉമ്മൻ ചാണ്ടിയെ ഏറ്റവും സ്നേഹിക്കുന്നത് ഞാനെന്ന് അഹങ്കരിച്ചു, അതു വെറുതെയാ’: നിറകണ്ണുകളോടെ അച്ചു ഉമ്മൻ

കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേ‍‍ര്‍ന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് ജനസാഗരമായിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അച്ഛനെ കുറിച്ച് മകൾ അച്ചു ഉമ്മൻ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.‘രാവിനെ പകലാക്കി ചുറ്റും തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളാരും തന്നെ ഒരു കോൺഗ്രസ് നേതാവിനെ കാണാനല്ല വന്നിരിക്കുന്നത്. സ്വന്തം അച്ഛനെയോ സഹോദരനേയോ മകനെയോ പോലെയുള്ള ഒരാളെ കാണാനാണ് വന്നിരിക്കുന്നത്. ഈ വിലാപ യാത്ര പിന്നിട്ടിട്ട് 25 മണിക്കൂറോളം പിന്നിടുന്നു. സത്യത്തിൽ എനിക്കൊരു സ്വകാര്യ അഹങ്കാരം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയെ ഏറ്റവും സ്നേഹിക്കുന്നത് ഞാനാണെന്ന് അത് തിരുത്തി തന്നു. ഈ ജനം.

എല്ലാവരോടും ക്ഷമ ചോദിക്കാനേ ആവുന്നുള്ളൂ. പലരും ചോദിക്കുന്നുണ്ട് വണ്ടിക്കകത്ത് കയറി ഉമ്മന്‍ ചാണ്ടിയെ ഒന്നു കണ്ടോട്ടേ എന്ന്… ചങ്കുപിടയുന്ന ദൃശ്യമായിരുന്നു അത്. തിരക്കുകാരണം അതിനു കഴിയുന്നില്ല. ഏറ്റവും അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷം മാത്രം മടങ്ങിപ്പോകുന്ന ഉമ്മൻ ചാണ്ടിയെ അവസാന നോക്കുകാണാൻ അവസരം ഒരുക്കാന്‍ പറ്റാത്തതിൽ ദുഖമുണ്ട്’– അച്ചു ഉമ്മൻ പറയുന്നു.

Scroll to Top